വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ട്രംപ് ചൊവ്വാഴ്ച സ്ഥാനം ഒഴിയുന്ന പശ്ചാത്തലത്തിൽ നൂറിലധികം പേരുടെ മാപ്പപേക്ഷ ആംഗീകരിക്കാനും ശിക്ഷ ലഘൂകരിക്കാനും നീക്കം. അതേ സമയം സ്വയം മാപ്പ് നൽകേണ്ടെന്നാണ് തീരുമാനമെന്ന് ഉദ്ധ്യോഗസ്ഥർ അറിയിച്ചു. ശിക്ഷ ഇളവ് നൽകുന്നത് ആർക്കൊക്കെയാണെന്ന് കഴിഞ്ഞദിവസം വൈറ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
ഭരണം വിടുന്നതിന് മുൻപ് ട്രംപ് ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ് മാപ്പുനൽകൽ. കഴിഞ്ഞ ആഴ്ചയിൽ രണ്ട് ബാച്ചുകളിലായി ആളുകൾക്ക് മാപ്പ് നൽകിയിരുന്നു. അവസാനമായി മാപ്പ് നൽകുന്ന നൂറോളംപേർ ഉൾപ്പെടുന്ന ബാച്ചിൽ വിവാദ കേസുകളിൽപ്പെട്ടവരും ഉണ്ടാകുമെന്നാണ് വിവരം. ക്രിസ്മസിന് മുൻപുതന്നെ ഇതുമായി ബന്ധപ്പെട്ട നീക്കം ആരംഭിച്ചിരുന്നു. എന്നാൽ ജനുവരി ആദ്യം കാപ്പിറ്റോളിൽ നടന്ന ആക്രമങ്ങളുടെ അടിസ്ഥാനത്തിൽ നീക്കം തടസ്സപ്പെടുകയായിരുന്നു. അതേസമയം, തനിക്ക് മാപ്പ് നൽകുന്നതിനെക്കുറിച്ച് തന്റെ ഉപദേഷ്ടാക്കളോട് സ്വകാര്യമായി ചർച്ച നടത്തിയിട്ടുണ്ടെന്നും സ്വയം മാപ്പ് നൽകിയാൽ ട്രംപ് കുറ്റക്കാരനാണെന്ന് സ്വയം സമ്മതിക്കുന്നതിന് തുല്യമാണെന്നും ഉപദേഷ്ടാക്കൾ അറിയിച്ചു. കുടുംബാംഗങ്ങൾക്കും മാപ്പ് നൽകുന്നതിനെക്കുറിച്ച് ചർച്ചചെയ്‌തെന്നാണ് വിവരം. സ്വയം മാപ്പ് നൽകിയാൽ ഭരണഘടനാവിരുദ്ധമാണെന്നും കാപിറ്റോൾ ആക്രമണത്തിൽ പ്രതിചേർക്കപ്പെട്ട ആരെയും മാപ്പ് നൽകുന്നതിൽ പരിഗണിക്കരുതെന്നും ഉപദേഷ്ടാക്കൾ ആവശ്യപ്പെട്ടു. പുതിയ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റെടുക്കുന്ന 20ന് ഉച്ചവരെയാണ് ട്രംപിന് അധികാരമുള്ളത്. ചടങ്ങിൽ പങ്കെടുക്കാതെ 20ന് രാവിലെ ട്രംപ് വൈറ്റ് ഹൗസ് വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം, ട്രംപ് അധികാരമൊഴിയുന്നതിന് മുന്നോടിയായി കഴിഞ്ഞദിവസം ആവസാനത്തെ വധശിക്ഷയും നടപ്പിലാക്കിയിരുന്നു. മൂന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഡസ്‌റ്റിൻ ഹിഗ്സിൻ(48)നെയാണ് തൂക്കിലേറ്റിയത്.