ആരോഗ്യത്തിന് ഭംഗം വരാത്ത ചെരുപ്പും ഷൂസുമൊക്കെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിരഞ്ഞെടുക്കാം. ധരിക്കാൻ ഏറ്റവും പാകമായ, സുഖകരമായ കൂടുതൽ മുറുക്കമോ അയവോ ഇല്ലാത്ത പാദരക്ഷകൾ വേണം തിരഞ്ഞെടുക്കാൻ.
ധരിച്ച് നോക്കണം: ചെരുപ്പു വാങ്ങുമ്പോൾ ഒരു പാദത്തിൽ മാത്രം ഇട്ടുനോക്കി പാകം നോക്കുന്നത് നന്നല്ല. കാരണം രണ്ട് പാദങ്ങൾക്കും തമ്മിൽ വലിപ്പവ്യത്യാസം ഉണ്ടായേക്കാം. രണ്ടു പാദങ്ങളിലും ധരിച്ചുനോക്കി രണ്ടിലും ഇണങ്ങുന്നവ വാങ്ങണം.
വൈകിട്ട് വാങ്ങാം: ചെരുപ്പു വാങ്ങാൻ ഏറ്റവും യോജിച്ച സമയം ഏതാണ്? അത് വൈകിട്ട് തന്നെ. എല്ലാവരുടേയും പാദങ്ങൾക്ക് വൈകുന്നേരത്തോടെ ഒരൽപം വലുപ്പം കൂടാറുണ്ട്. പ്രത്യേകിച്ചും മദ്ധ്യവയസ് കഴിഞ്ഞവരിൽ (നീർവീക്കം). അത് കണക്കാക്കി വൈകിട്ട് പാദരക്ഷ തിരഞ്ഞെടുക്കുന്നത് ഉപയോഗത്തിന് ഏറ്റവും നല്ലത്.
അൽപ്പം അയവാകാം: ജോഗിംഗിനും നടക്കാനും മറ്റു കായിക വിനോദങ്ങൾക്കുമൊക്കെ ധരിക്കുന്ന ഷൂസുകൾ വാങ്ങുമ്പോൾ അവയുടെ മുൻഭാഗം ഇറുകിയതാവാൻ പാടില്ല. വിരലുകൾക്കു മുമ്പിൽ അൽപം സ്ഥലം കിട്ടേണ്ടത് അനിവാര്യമാണ്. ഒരൽപം അയവുള്ളത് വാങ്ങി ലെയ്സ് പാകത്തിന് മുറുക്കി കെട്ടിയാൽ മതിയാകും.
ഷൂസും ഇൻസോളും: കട്ടിയേറിയ പ്രതലം വേദനയുണ്ടാക്കും. പ്രത്യേകിച്ചും ഷൂസ് ഉപയോഗിക്കുമ്പോൾ മാർദ്ദവമേറിയ ഇൻസോളുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അവ ഷൂസിൽ ഇല്ലെങ്കിൽ വേറെ വാങ്ങി ഉപയോഗിക്കാം. നാലു മണിക്കൂർ തുടർച്ചയായ ഉപയോഗശേഷം അൽപസമയം ഷൂസ് ഊരിയിടുന്നത് ഷൂസിനുള്ളിലെ ചൂടും വിയർപ്പും ദുർഗന്ധവും ഒഴിവാക്കും.
ചെരുപ്പുകൾ മാറാം: ഒരേ ചെരിപ്പോ ഷൂവോ തന്നെ പതിവായി ഉപയോഗിക്കുന്നതിനു പകരം ഒന്നിടവിട്ട ദിവസങ്ങളിൽ വെവ്വേറെ പാദരക്ഷകൾ ഉപയോഗിച്ചാൽ ചെരുപ്പ് ശരീരസന്തുലനത്തിൽ വരുത്തുന്ന മാറ്റത്തിന് പരിഹാരമാകും.
പരന്ന കാലുകൾക്ക്: ധാരാളം സ്ട്രാപ്പുള്ള ചെരിപ്പു വേണ്ട. പാദത്തിനു കുറുകെ ക്രോസ് ആയി സ്ട്രാപ് ഉള്ളവ കാലിന്റെ അമിതവലിപ്പം കുറച്ചു കാണിക്കും.
ശ്രദിധിക്കാൻ : കടുപ്പമുള്ള സ്ട്രാപ്പ്, വായുസഞ്ചാരം കുറഞ്ഞവ എന്നീ ചെരിപ്പുകൾ ദീർഘനേരം അണിയരുത്.
സാരിക്കും ചുരിദാറിനും: ഹീലുള്ള ചെരിപ്പുതന്നെ അണിയണം. എന്നാലേ നടപ്പ് താളാത്മകമാകൂ. പൊക്കം കുറഞ്ഞവർ വീതി കൂടിയ സ്ട്രാപ് ഒഴിവാക്കണം. പോയിന്റഡ് ഹീൽസിനു പകരം ഫ്ലാറ്റ് ഹീൽസ് ഉപയോഗിക്കാം.
കാലാവസ്ഥയ്ക്ക് കണക്കിലെടുക്കണം: മഞ്ഞുകാലത്ത് കാലിലെ ചർമ്മം വരളാതിരിക്കാൻ നല്ലത് പാദം പൊതിയുന്ന ഷൂവാണ്. വിണ്ടുകീറൽ തടയാൻ ഇതാകും ഉത്തമം. അതുപോലെ മഴക്കാലത്ത് ലോംഗ് ലാസ്റ്റ് ചെയ്യുന്ന് ചെരുപ്പുകളാണ് നല്ലത്. ഷൂ നനഞ്ഞ് ദുർഗന്ധം പരത്താൻ ഇടയുള്ളതുകൊണ്ട് മഴക്കാലത്തെ അവയെ മാറ്റിവച്ചോളൂ.
പ്രമേഹരോഗിയാണോ: പാദസംരക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടവരാണു പ്രമേഹരോഗികൾ. മുറിവുണ്ടാകാതെ പാദങ്ങൾക്കു പൂർണസംരക്ഷണം നൽകുന്നവയാണ് അവർ ധരിക്കേണ്ടത്. പാദത്തിൽ ഉരഞ്ഞ് മുറിവുണ്ടാകാതിരിക്കാൻ മൃദുവായവ വേണം തിരഞ്ഞെടുക്കാൻ.
അലർജിയുണ്ടോ: ചെരുപ്പിന്റെ മെറ്റീരിയലുമായുള്ള (റബർ, പ്ലാസ്റ്റിക്, തുകൽ) അലർജി പ്രശ്നങ്ങൾ കാണുന്നുവെങ്കിൽ ആ മെറ്റീരിയൽ ഒഴിവാക്കി മറ്റൊന്ന് പരീക്ഷിക്കണം.