തൃശൂർ: കോങ്ങാട് എം.എൽ.എ കെ.വി വിജയദാസിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് മെഡിക്കൽ ബുളളറ്റിൻ. ഡിസംബർ 11ന് കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയദാസ് പിന്നീട് രോഗമുക്തി നേടി. എന്നാൽ കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളാൽ ആശുപത്രിയിൽ തുടരുകയാണ്.
തലയ്‌ക്കുളളിൽ രക്തസ്രാവത്തെ തുടർന്നാണ് വിജയദാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദത്തിന്റെയും, ധാതുലവണങ്ങളുടെയും ഓക്‌സിജന്റെയും ഏറ്റക്കുറച്ചിൽ കാരണം ആരോഗ്യനില അതീവ സങ്കീർണമാണ്. മെഡിക്കൽ ബോർഡും തിരുവനന്തപുരത്തെ ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്‌റ്റും എം.എൽ.എയുടെ നില സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്.
പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ നിന്നും രണ്ടാം തവണയാണ് വിജയദാസ് തിരഞ്ഞെടുക്കപ്പെടുന്നത്. ആദ്യമായി 2011ൽ കോങ്ങാട് നിന്ന് നിയമസഭയിലെത്തിയ വിജയദാസ് 2016ലും വിജയം ആവർത്തിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗംകൂടിയാണ് അദ്ദേഹം.