പുതുതലമുറയുടെ ഏറ്റവും ഇഷ്ടപ്പെട്ട ട്രെൻഡാണ് പല നിറത്തിലുള്ള പട്ടുനൂലുപോലെ പാറിപ്പറക്കുന്ന മുടിയിഴകൾ. പക്ഷേ നിറം കൊടുത്ത ശേഷം അൽപ്പമൊന്ന് ശ്രദ്ധിച്ചില്ലെങ്കിൽ മുടിയുടെ നിറവും ഭംഗിയും മങ്ങിപ്പോകും.
മുടി കളർ ചെയ്തുകഴിഞ്ഞ് ഉടനേ തല കഴുകാൻ നിൽക്കണ്ട. കളറിംഗ് കഴിഞ്ഞ് 72 മണിക്കൂറെങ്കിലും കഴിഞ്ഞ് മുടി കഴുകുന്നതാണ് ഉത്തമം. ഇല്ലെങ്കിൽ നൽകിയ കളർ മങ്ങിപ്പോകാൻ സാദ്ധ്യതയുണ്ട്.
ഷാംപുവും കണ്ടീഷണറും തിരഞ്ഞെടുക്കുമ്പോൾ സൾഫേറ്റ് അടങ്ങിയില്ലാത്തവ തിരഞ്ഞെടുക്കാൻ ശ്രമിക്കണം. സൾഫേറ്റ് മുടിയുടെ സ്വാഭാവികമായ എണ്ണമയത്തെ നഷ്ടപ്പെടുത്തും. ഇത് മുടിയുടെ ബലക്ഷയത്തിന് കാരണമാകും.
കളറിംഗ് കഴിഞ്ഞ മുടിയിൽ ഉപയോഗിക്കുന്ന കണ്ടീഷണറിൽ മുടിക്ക് നൽകിയ അതേ നിറം അല്പം ചേർക്കുന്നത് മുടിയുടെ നിറം പുതുമയോടെ നിൽക്കാൻ സഹായിക്കും.