ലക്നൗ: വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ യു.പിയിലെ മൊറോദാബാദിലെ സർക്കാർ ആശുപത്രി ജീവനക്കാരൻ മരിച്ചതായി റിപ്പോർട്ട്. വാക്സിൻ സ്വീകരിച്ച് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് 46കാരനായ മഹിപാൽ സിംഗ് നെഞ്ചുവേദനയും ശ്വാസതടസവും മൂലം മരിച്ചതെന്നാണ് വിവരം. അതേസമയം, വാക്സിന്റെ പാർശ്വഫലങ്ങളെ തുടർന്നല്ല മരണമെന്ന് ജില്ല ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു. കുത്തിവയ്പ്പ് എടുക്കുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് കുടുംബവും പറഞ്ഞു. കാർഡിയോ പൾമണറി രോഗത്തെ തുടർന്നുണ്ടായ കാർഡിയോജനിക് ഷോക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.ശനിയാഴ്ച വൈകിട്ടാണ് മഹിപാൽ വാക്സിൻ സ്വീകരിച്ചത്. പാർശ്വഫലത്തെ തുടർന്നല്ല മരണം. ശനിയാഴ്ച രാത്രി അദ്ദേഹം രാത്രി ജോലിയിലുണ്ടായിരുന്നു. അപ്പോൾ യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമില്ലായിരുന്നു -മൊറാദാബാദ് ചീഫ് മെഡിക്കൽ ഓഫിസർ എം.സി. ഗാർഗ് പറഞ്ഞു.