india-cricket

അവസാന ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 324 റൺസ്

ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 294റൺസിന് ആൾഔട്ട്, സിറാജിന് അഞ്ചുവിക്കറ്റ്,ശാർദ്ദൂലിന് നാല്
മഴ മത്സരഫലം നിർണയിച്ചേക്കും

ബ്രിസ്ബേൻ : ആസ്ട്രേലിയ്ക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം ചരിത്രം തിരുത്തിക്കുറിക്കുന്ന വിജയമോ, കിരീടം നിലനിറുത്താനുതകുന്ന സമനിലയോ ലക്ഷ്യമിട്ട് ഇന്ത്യ. ബ്രിസ്ബേനിൽ മുന്നിലുള്ള ഒരു ദിനത്തിൽ പത്തുവിക്കറ്റുകൾ കൈയ്യിലിരിക്കേ വിജയിച്ചു പരമ്പര നേടാൻ 324 റൺസ് കൂടി രണ്ടാം ഇന്നിംഗ്സിൽ വേണ്ടതുണ്ട്. അല്ലെങ്കിൽ ആൾഔട്ടാകാതെ മുഴുദിനം പി‌ടിച്ചുനിന്ന് കളിയും പരമ്പരയും സമനിലയിലാക്കാം. അതുവഴി നിലവിലെ ജേതാക്കൾ എന്ന നിലയിൽ ബോർഡർ - ഗാവസ്കർ ട്രോഫി നിലനിറുത്താം. കഴിഞ്ഞ ദിവസങ്ങളിൽ ഇടയ്ക്കിടെ കളിസമയം നഷ്ടപ്പെടുത്തിയ മഴ ഇന്നുമെത്തിയാൽ സമനില നേടാൻ ഇന്ത്യയ്ക്ക് സഹായമാവുകയും ചെയ്യും.സിഡ്നി ടെസ്റ്റിൽ ഒന്നേകാൽ ദിവസം പിടിച്ചുനിന്ന് 334/5 എന്ന സ്കോർ ഉയർത്തി സമനില പിടിച്ചെടുത്തതുപോലെയുള്ള ഒരു പ്രകടനമാണ് ബ്രിസ്ബേനിലും ഇന്ത്യ കൊതിക്കുന്നത്.

നാലാം ദിവസമായ ഇന്നലെ ആസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 294 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ 328 റൺസിന്റെ വിജയലക്ഷ്യമുറപ്പിച്ചത്. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മഴമൂലം നേരത്തേ കളി നിറുത്തുമ്പോൾ വിക്കറ്റ് നഷ്ടംകൂടാതെ നാലുറൺസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ വിക്കറ്റ് നഷ്ടം കൂടാതെ 21 റൺസിൽ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ ആതിഥേയരെ അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലുവിക്കറ്റ് വീഴ്ത്തിയ ശാർദ്ദൂൽ താക്കൂറും ചേർന്നാണ് 294ൽ ഒതുക്കിയത്. 33 റൺസ് ലീഡും ചേർത്താണ് ഇന്ത്യയുടെ ലക്ഷ്യം 328 റൺസായി മാറിയത്.

രാവിലത്തെ ആദ്യ 18 ഓവറുകളിൽ വിക്കറ്റ് നേടാൻ കഴിയാതിരുന്ന ഇന്ത്യയ്ക്ക് വേണ്ടി 19-ാം ഓവറിൽ ശാർദ്ദൂൽ മാർക്കസ് ഹാരിസിനെ (38)കീപ്പർ റിഷഭ് പന്തിന്റെ കയ്യിലെത്തിച്ചപ്പോൾ മുതൽ കളി മാറാൻ തുടങ്ങി. അപ്പോൾ ആസ്ട്രേലിയൻ സ്കോർ ബോർഡിൽ 89 റൺസ്. 91ലെത്തിയപ്പോൾ വാർണറും(48) വീണു. വാഷിംഗ്ടൺ സുന്ദർ വാർണറെ എൽ.ബിയിൽ കുരുക്കുകയായിരുന്നു. ടീം സ്കോർ 123ൽ വച്ച് ഒരേ ഓവറിൽ ലബുഷാനെയെയും (25), മാത്യു വേഡിനെയും (0) വീഴ്ത്തി സിറാജ് വേട്ടയ്ക്ക് തുടക്കമിട്ടതോടെ ആസ്ട്രേലിയ പരുങ്ങലിലായി. എന്നാൽ സ്റ്റീവൻ സ്മിത്തും (55),കാമറൂൺ ഗ്രീനും (37) ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 73 റൺസ് അവർക്ക് ആശ്വാസം പകർന്നു.

ടീം സ്കോർ 196ൽ വച്ച് സ്മിത്തിനെ രഹാനെയുടെ കയ്യിലെത്തിച്ച് സിറാജ് കടിഞ്ഞാൺ തിരിച്ചുപി‌ടിച്ചു. തുടർന്ന് ഗ്രീനിന്റെയും നായകൻ ടിം പെയ്നിന്റെയും (28) ചെറുത്തുനിൽപ്പ് ശാർദ്ദൂൽ അവസാനിപ്പിച്ചതോടെ ഓസീസ് 242/7 എന്ന നിലയിലായി. ലയോണിനൊപ്പം(13) കമ്മിൻസ് (28*) ഒൻപതാം വിക്കറ്റിൽ 27 റൺസ് കൂട്ടി​ച്ചേർത്തു.ശാർദ്ദൂലാണ് ലയോണിനെയും മടക്കി അയച്ചത്. തുടർന്ന് സിറാജ് ഹേസൽവുഡി​നെ ശാർദ്ദൂലി​ന്റെ കയ്യി​ലെത്തി​ച്ച് കരി​യറി​ലെ ആദ്യ അഞ്ചുവി​ക്കറ്റ് നേട്ടം സ്വന്തമാക്കി​.

രണ്ടാം ഇന്നിംഗ്സി​നി​റങ്ങി​യ ഇന്ത്യ 1.5 ഓവറിലെത്തിയപ്പോഴാണ് മഴവീണത്. രോഹിത് ശർമ്മയും (4),ശുഭ്മാൻ ഗില്ലുമാണ് (0) ക്രീസിൽ.