arnab-goswami

മുംബയ്: തന്റെ വാട്സാപ്പ് ചാറ്റുകൾ ചോർന്നതും മാദ്ധ്യമങ്ങളും പ്രതിപക്ഷവും തനിക്കെതിരെ തിരിഞ്ഞതിനും കാരണം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ഇടപെടലാണെന്ന് റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. ഇന്നലെ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലായിരുന്നു അർണബിന്റെ ആരോപണം.

'റിപ്പബ്ലിക്കിനെതിരായ പാക് ഗൂഢാലോചന ഇപ്പോൾ പരസ്യമായത് രസകരമാണ്. ഒരു ഭീകരവാദ രാഷ്ട്രത്തിന്റെ പാവയായി നിയമിതനായ ഇമ്രാൻ ഖാൻ എനിക്കെതിരെ പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. പാകിസ്ഥാനെ സഹായിക്കാൻ വാദ്ര കോൺഗ്രസും റിപ്പബ്ലിക് വിരുദ്ധ മാദ്ധ്യമങ്ങളും തമ്മിലുള്ള സഹകരണമാണ്​ എന്നെ ഞെട്ടിച്ചത്. ഓരോ ഇന്ത്യക്കാരനും പുൽവാമ ഭീകരാക്രമണത്തോട് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യൻ മാദ്ധ്യമങ്ങളിൽ ചിലർ റിപ്പബ്ലിക്ക് എന്തിനാണ് അത്​ പ്രതീക്ഷിച്ചതെന്ന് ചോദിക്കുന്നു. റിപ്പബ്ലിക് വിരുദ്ധ ചാനലുകൾ ഐ‌.എസ്‌.ഐയ്ക്കും ഇമ്രാനും അനുകൂലമായി പ്രവർത്തിക്കുമ്പോൾ ഇത് ദേശീയ താൽപ്പര്യത്തെ മുറിവേൽപ്പിക്കുകയാണ്​'-അർണബ്​ പറഞ്ഞു.

'ഹിന്ദുത്വ' ഭരണകൂടത്തെയും ഇന്ത്യൻ മാദ്ധ്യമങ്ങളിലെ അതിന്റെ കൂട്ടാളികളുടേയും അവിശുദ്ധ കൂട്ടുകെട്ടാണ്​ ചാറ്റുകൾ ചോർന്നതോടെ വെളിപ്പെട്ടത്​' എന്നായിരുന്നു സംഭവത്തിൽ​ പാകിസ്ഥാന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശ്രമത്തിൽ ഹൈപ്പർ-നാഷണലിസത്തെ ആർ‌.എസ്‌.എസ്-ബി.ജെ.പി സർക്കാർ ശക്​തിപ്പെടുത്തുന്നു എന്ന ഞങ്ങളുടെ നിലപാട്​ ഇന്ത്യയിലെ സമീപകാല ട്രാൻസ്ക്രിപ്റ്റ് വെളിപ്പെടുത്തലുകൾ കൂടുതൽ വ്യക്തമാക്കുന്നു എന്നും പാക്​ വിദേശകാര്യ മന്ത്രാലയം ട്വീറ്റ്​ ചെയ്​തിരുന്നു. ഇതിനെതിരെ അർണബ് രംഗത്തെത്തുകയായിരുന്നു.