arrest

വാഷിംഗ്ടൺ: കൊവിഡ് ഭീതികാരണം കഴിഞ്ഞ മൂന്ന് മാസമായി ചിക്കാഗോയിലെ ഒ ഹെയർ വിമാനത്താവളത്തിൽ ഒളിച്ചിരുന്ന ഇന്ത്യൻവംശജൻ അറസ്റ്റിൽ. കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ ആദിത്യ സിംഗി(36)​നെയാണ് അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. വിമാനത്താവളത്തിലെ നിയന്ത്രിത പ്രദേശത്ത് അതിക്രമിച്ച് കയറിയെന്നാരോപിച്ചാണ് അറസ്റ്റ്. ഒക്ടോബർ 19ന് വിമാനത്താവളത്തിലെത്തിയ ആദിത്യ സിംഗ് വിമാനത്താവളത്തിലെ സുരക്ഷാമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം യുണൈറ്റഡ് എയർലൈൻസിലെ രണ്ട് ജീവനക്കാരാണ് ആദിത്യ സിംഗിനെ കണ്ടെത്തുന്നത്. ഉടൻ സിംഗിനോട് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാളെ പിടികൂടിയത്. വിമാനത്താവളത്തിലെ ഓപ്പറേഷൻ മാനേജരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് സിംഗ് മൂന്ന് മാസത്തോളം വിമാനത്താവളത്തിൽ കഴിഞ്ഞത്. എന്നാൽ ഒക്ടോബർ 26ന് തിരിച്ചറിയൽ കാർഡ് കാണാനില്ലെന്ന് കാണിച്ച് കാർഡ് ഉടമ പരാതിനൽകിയിരുന്നതായി അധികൃതർ അറിയിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വിമാനത്താവളത്തിൽ ഒളിച്ചുകഴിഞ്ഞ സിംഗിനെ ഗേറ്റ് എഫ് 12ന് സമീപത്തെ ടെർമിനൽ 2ൽ നിന്ന് പൊലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു.

എന്നാൽ ഹോസ്പിറ്റാലിറ്റിയിൽ ബിരുദാനന്തരബിരുദം നേടിയ സിംഗ് ജോലിനഷ്ടപ്പെട്ടതും കൊവിഡ് ഭീതിയും കാരണമാണ് വിമാനത്താവളത്തിൽ ഒളിച്ച് കഴിഞ്ഞതെന്നും സിംഗിനുവേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ പറഞ്ഞു.