തിരുവനന്തപുരം: 'ജീവത്യാഗം ചെയ്ത ജവാന്റെ രക്തസാക്ഷിത്വത്തെ ആഘോഷിച്ച അർണാബ് ഗോസ്വാമി മോദിയുടെ ഇന്ത്യ'യിൽ രാജ്യസ്നേഹിയായാണ് കണക്കാക്കപ്പെടുന്നതെന്ന് പരിഹസിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. റിപ്പബ്ലിക് ചാനൽ എംഡിയും എഡിറ്റർ ഇൻ ചീഫുമായ അർണാബ് ഗോസ്വാമിയും ബാർക് മുൻ സിഇഒ പാർത്ഥോ ദാസ്ഗുപ്തയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നതിന്റെ സാഹചര്യത്തിലായിരുന്നു ഷാഫിയുടെ പരിഹാസം.
അതേസമയം കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ രാജ്യദ്രോഹികളായി കണക്കാക്കപ്പെടുകയാണെന്നും ഷാഫി തന്റെ കുറിപ്പിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അർണാബ് ഗോസ്വാമിയും ഒന്നിച്ചുള്ള ഒരു ചിത്രവും എംഎൽഎ തന്റെ പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്. 'ആന്റിനാഷണൽ ബിജെപി അർണാബ്' എന്ന ഹാഷ്ടാഗും അദ്ദേഹം തന്റെ കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
കുറിപ്പ് ചുവടെ:
‘മോദിയുടെ പുതിയ ഇന്ത്യയിൽ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ ചോർത്തി വാട്സ്ആപ്പ് വഴി കാര്യലാഭത്തിന് പ്രചരിപ്പിച്ച്, ജീവത്യാഗം ചെയ്ത ജവാന്റെ രക്തസാക്ഷിത്വത്തെ ആഘോഷിച്ച അർണാബ് ഗോസ്വാമി രാജ്യസ്നേഹിയും, കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന ഉല്‍പന്നങ്ങൾക്ക് മിനിമം വില നിശ്ചയിക്കണമെന്ന് ജനാധിപത്യ സമരം നടത്തുന്ന കർഷകൻ രാജ്യദ്രോഹിയും.’