kvv

പാലക്കാട്: സംസ്ഥാനത്തിന് തന്നെ മാതൃകയായ മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതി കെ.വി.വിജയദാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് നടപ്പാക്കിയത്. ഏഷ്യയിൽ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിയായിരുന്നു അത്.

എലപ്പുള്ളി ഗവ. ഹൈസ്‌കൂളിൽ പഠനം പൂർത്തിയാക്കി. കെ.എസ്.വൈ.എഫിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചു. ദീർഘകാലം സി.പി.എം എലപ്പുള്ളി ലോക്കൽ സെക്രട്ടറിയായി. തുടർന്ന് പുതുശ്ശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. കഴിഞ്ഞ ജില്ലാസമ്മേളനത്തിലാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

1987ലാണ് പാർലിമെന്ററി രാഷ്ട്രീയത്തിലേക്ക് വരുന്നത്. ആദ്യം എലപ്പുള്ളി പഞ്ചായത്തംഗമായാണ് തുടക്കം. തേനാരി ക്ഷീരോൽപ്പാദക സഹകരണ സംഘം സ്ഥാപക പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, പ്രൈമറി കോഓപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു.

മികച്ച സഹകാരിയും കർഷകനും കൂടിയായ വിജയദാസ് മേഖലയിലെ നീറുന്ന പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. മലയോര മേഖലയിലടക്കം ജില്ലയിൽ ഏറ്റവും കൂടുതൽ വികസനം നടന്ന കാർഷിക മണ്ഡലം കൂടിയാണ് കോങ്ങാട്.