ഇന്നത്തെ കാലത്ത്, സ്ത്രീയായാലും പുരുഷനായാലും, ഒരു പ്രണയമുണ്ട് എന്ന് പറയുന്നതിൽ അത്ര അസ്വാഭാവികതയൊന്നുമില്ല. സാങ്കേതിക വിദ്യ ഏറെ പുരോഗമിക്കുകയും എല്ലാവരുടെയും കൈയ്യിൽ സ്മാർട്ഫോൺ എത്തുകയും ചെയ്തതോടെ ബന്ധങ്ങൾ സൂക്ഷിക്കാനും പുതിയ ബന്ധങ്ങൾ രൂപീകരിക്കാനും ഏറെ എളുപ്പമാകുകയും ചെയ്തു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന സ്ത്രീപുരുഷന്മാരുടെ കഥകൾ നാം നിരന്തരം കേൾക്കുന്നത് ഈ പുതിയ ജീവിതരീതിയുടെ പ്രതിഫലനമാണ്. ദോഷങ്ങൾ അല്പമൊക്കെ ഉണ്ടെങ്കിലും പ്രണയബന്ധത്തിൽ ഏർപ്പെടാനും ജീവിതപങ്കാളിയെ കണ്ടെത്താനും ഇന്നത്തെ യുവതീയുവാക്കൾ സാങ്കേതിക വിദ്യയെ ഒരു പരിധി വരെ ആശ്രയിക്കുന്നുണ്ടെന്നത് സത്യമാണ്.
എന്നാൽ ഈ മാറിയ കാലത്തും 'സിംഗിൾ പസങ്ക'കളായി തുടരുന്ന കുറച്ചുപേരുണ്ടെന്നതും വാസ്തവമാണ്. പലപ്പോഴും താൻ ആഗ്രഹിക്കുന്ന, തനിക്ക് യോജിച്ച ഒരു പങ്കാളിയെ കിട്ടാത്തതിനാലാകും ഇത്തരക്കാർ ഒറ്റയ്ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകുക. അത്തരത്തിലൊരു പെൺകുട്ടി 'ഹ്യൂമൻസ് ഒഫ് ബോംബെ' എന്ന ഫേസ്ബുക്ക് പേജ് വഴി സിംഗിൾ ആയിരിക്കുന്നതിന്റെ അനുഭവം രസകരമായി വിവരിക്കുകയാണ്.
യുവതിയുടെ കുറിപ്പ് ചുവടെ:
'26 വയസായെങ്കിലും ഇതുവരെ ഒരു ബോയ്ഫ്രണ്ട് എനിക്കുണ്ടായിട്ടില്ല. വളർന്നുവരുന്ന കാലഘട്ടത്തിൽ, ഞാൻ ബാഗീസ് ജീൻസും സ്നീക്കേഴ്സും ബോബ് കട്ടും ധരിച്ച അസ്സലൊരു ടോംബോയ്(ആൺ സ്വഭാവമുള്ള പെൺകുട്ടി) ആയിരുന്നു. പോരാത്തതിന് ഞാൻ പഠിച്ചതെല്ലാം ഗേൾസ് സ്‌കൂളിലുമായിരുന്നു - അടുത്തെങ്ങും ആണുങ്ങളെ കാണാനേ കിട്ടിയിരുന്നില്ല(ആസ് പാസ് ലഡ്‌കെ ഥോ ത്ഥി ഹി നഹി). ഒറ്റക്കുട്ടി ആയിരുന്നത് കൊണ്ടുതന്നെ മാതാപിതാക്കൾ എന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളായിരുന്നു.
മനുഷ്യനെ വിധിക്കുക എന്നത് തൊഴിലാക്കിയ അയല്പക്കത്തെ ആന്റിമാർ പോലും എന്നെ സ്വസ്ഥമായി ഇരിക്കാൻ സമ്മതിച്ചിരുന്നില്ല. പതിനൊന്നാം ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ സയൻസാണെടുത്തത്. എഞ്ചിനീയറിംഗ് കോളേജിലെ നാല് വർഷങ്ങൾ എവിടെയാണ് പോയതെന്ന് എനിക്ക് പോലുമറിയില്ല!
ഒരിക്കൽ ഒരു കക്ഷിയോട് ചെറിയൊരു ക്രഷ് തോന്നി. പക്ഷെ അയാളോട് അത് തുറന്നു പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ബിരുദപഠനം കഴിഞ്ഞ് ഒരു ഡേറ്റിംഗ് ആപ്പ് ഞാനൊന്ന് ട്രൈ ചെയ്തുനോക്കുകയുണ്ടായി. പക്ഷെ എന്നോട് താത്‌പര്യം കാട്ടിയ ആണുങ്ങൾക്കെല്ലാം ഒരു 'ഫ്ലിങ്ങി'നോട് മാത്രമായിരുന്നു താത്പര്യം. എന്നെ സംബന്ധിച്ച് അതൊരു ബിഗ് നോ ആണ്. ജോലിസ്ഥലത്തുപോലും കാര്യമായ ഗുണമൊന്നും കണ്ടില്ല.
എല്ലാവരും ഔദ്യോഗിക കാര്യങ്ങളിൽ ശ്രദ്ധിച്ച് മുന്നോട്ട് പോയി. സമയം പറന്നങ്ങനെ പോയെങ്കിലും ഞാൻ പഴയ സ്ഥാലത്തുതന്നെ നിൽക്കുകയാണ്. ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ ആരും എനിക്കുവേണ്ടി 'ചന്നാ മേരെയാ' പാടാൻ ഉണ്ടാകില്ല - അത്രയ്ക്കും സിംഗിളാണ് ഞാൻ! എപ്പോൾ ഇൻസ്റ്റാഗ്രാം തുറന്നാലും, ഒന്നുകിൽ എന്റെ ഫ്രണ്ട്സ് അവരുടെ ബോയ്‌ഫ്രണ്ട്സുമായി നിൽക്കുന്നത് കാണും. അല്ലെങ്കിൽ അവരെല്ലാം വിവാഹ നിശ്ചയത്തിന്റെ തിരക്കിലായിരിക്കും.
ഇന്നും നാളെയുമൊക്കെയായി എല്ലാവരും കല്ല്യാണം കഴിക്കുകയാണ്(സബ്‌കി ഷാദി ഹോ രഹി ഹേ ആജ് കൽ). അവരെല്ലാം ട്വിറ്ററിൽ ജോയിന്റ് അക്കൗണ്ടുകൾ തുടങ്ങുകയാണെന്നേ... കപ്പിൾ ഹാഷ്ടാഗും പ്രപ്പോസൽ വീഡിയോയും പിന്നെ എന്തൊക്കെയുമോ പോസ്റ്റ് ചെയ്യുകയാണ്. സിംഗിൾ ആയിരുന്ന്, ക്വാർട്ടർ ലൈഫ് ക്രൈസിസിലൂടെ കടന്നുപോകുന്ന ഒരാൾക്ക് ഇങ്ങനെ ഫോൺ(പിഡിഎ) നോക്കിക്കൊണ്ടിരിക്കുന്നതിനേക്കാൾ അലമ്പായിട്ട് മറ്റൊരു അവസ്ഥയില്ല.
എപ്പോഴും ഞാൻ ഹാങ്ങ് ഔട്ട് ചെയ്യുന്നത് എന്റെ കൂടെ തന്നെയാണ്. എന്റെ ജീവിതം അക്ഷരാർത്ഥത്തിൽ ഭീകര തമാശയാണ് - എന്റെ ബർത്തഡേയ്ക്ക് ഞാൻ തന്നെ ഒരു ഗിഫ്റ്റ് വാങ്ങിച്ച് പൊതിഞ്ഞ് എനിക്ക് തന്നെ കൊടുക്കും. എന്നിട്ട് ഭയങ്കര ആശ്ചര്യം കാണിക്കുകയും ചെയ്യും.
ഈ പോസ്റ്റുകളിടുന്ന പെണ്ണുങ്ങളെല്ലാം അവരുടെ ബോയ്ഫ്രണ്ട്സിനോടൊപ്പം നിന്നുകൊണ്ട് 'നിനക്ക് വേണ്ടി കളം മാറ്റുന്നു' എന്ന് പറഞ്ഞുകൊണ്ട് റീലുകൾ ഇടുമ്പോൾ ഞാൻ ഇവിടെ എന്റെ സ്വെറ്റ്‌ഷർട്ടിലും പാന്റിലുമാണ്. നെറ്റ്ഫ്ലിക്സ് മാത്രമേയുള്ളൂ. ചില്ലിംഗ് ഇല്ല. എന്നുവെച്ചാൽ ഞാൻ എന്തുചെയ്യും? ചാവാൻ പറ്റുമോ?(മത്‌ലബ് മേം ക്യാ കറൂം? മാർ ജാവു?)'