ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിൻ 3,81,305 പേർക്ക് കുത്തിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ഇന്ന് 1,48,266 പേർക്കാണ് വാക്സിൻ നൽകിയത്.
വാക്സിനേഷന് പിന്നാലെ രണ്ട് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ വാക്സിൻ സ്വീകരിച്ച 52 കാരൻ മരിച്ചത് വാക്സിനേഷൻ കൊണ്ടല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മൊറോദാബാദിലെ സർക്കാർ ആശുപത്രി ജീവനക്കാരൻ 46കാരനായ മഹിപാൽ സിംഗ് വാക്സിൻ സ്വീകരിച്ച് 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് മരിച്ചത്.. നെഞ്ചുവേദനയും ശ്വാസതടസവും മൂലം മരിച്ചതെന്നാണ് വിവരം. അതേസമയം, വാക്സിന്റെ പാർശ്വഫലങ്ങളെ തുടർന്നല്ല മരണമെന്ന് ജില്ല ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു. കുത്തിവയ്പ്പ് എടുക്കുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് കുടുംബവും പറഞ്ഞു. കാർഡിയോ പൾമണറി രോഗത്തെ തുടർന്നുണ്ടായ കാർഡിയോജനിക് ഷോക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.ശനിയാഴ്ച വൈകിട്ടാണ് മഹിപാൽ വാക്സിൻ സ്വീകരിച്ചത്.
കർണാടകത്തിലെ ബെല്ലാരിയിൽ ശനിയാഴ്ച്ച വാക്സിൻ എടുത്ത 43കാരൻ ഇന്നലെ മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇക്കാര്യത്തിൽ വീശദീകരണം നൽകും.
ഇതുവരെ 580 പേർക്ക് പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ ഏഴുപേർ ആശുപത്രിയിലാണ്. മൂന്നു കേസുകൾ ഡൽഹിയിലും രണ്ടെണ്ണം കർണാടകയിലും ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി ഓരോ ആൾവീതവുമാണ് നിരീക്ഷണത്തിലുള്ളത്.