covid-vaccine

ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് വാക്‌സിൻ കുത്തിവയ്പ് കുറയുന്നതിൽ കേന്ദ്ര സർക്കാരിന് അതൃപ്തി. സംസ്ഥാനത്ത് വാക്‌സിൻ കുത്തിവയ്‌പെടുത്തവരുടെ എണ്ണം ഇരുപത്തഞ്ച് ശതമാനത്തിൽ താഴെയാണ്. വാക്‌സിനിലുള്ള സംശയം മൂലമാണ് ആളുകൾ കുത്തിവയ്‌പെടുക്കാൻ മടിക്കുന്നതെന്നാണ് സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം.

വാക്‌സിനിലുള്ള വിശ്വാസം കൂട്ടാൻ കൂടുതൽ ആരോഗ്യപ്രവർത്തകരെ രംഗത്തിറക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. തമിഴ്‌നാട്, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും വാക്‌സിൻ കുത്തിവയ്ക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്.

കേരളത്തിൽ ഇന്നലെ 7891 ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ സ്വീകരിച്ചത്. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലായി 11,851 പേർക്കായിരുന്നു കഴിഞ്ഞദിവസം വാക്സിനേഷൻ നൽകാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 66.59 ശതമാനം പേർ മാത്രമാണ് കുത്തിവയ്പെടുത്തത്. കോഴിക്കോട് ജില്ലയിൽ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയിൽ 8 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ നടന്നത്.