പാലക്കാട്: അന്തരിച്ച കോങ്ങാട് എം എൽ എ കെ വി വിജയദാസിന്റെ സംസ്കാരം ഇന്ന്. മൃതദേഹം എലപ്പുള്ളി കാക്കത്തോട്ടെ വീട്ടിലെത്തിച്ചു. മൃതദേഹം ഒൻപതുമണിക്ക് സമീപത്തെ കുന്നാച്ചി ഗവ.യു .പി . സ്കൂളിൽ ഒരു മണിക്കൂർ പൊതുദർശത്തിന് വയ്ക്കും. ശേഷം പാലക്കാട്ടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും.അന്ത്യോപചാരമര്‍പ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെ എത്തും.
കൊവിഡ് ബാധിതനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു എം എൽ എയുടെ മരണം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നവംബർ 28നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസം അടക്കമുള്ള അസ്വസ്ഥതകളെ തുടർന്ന് ഡിസംബർ 12 നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
എലപ്പുള്ളി തേനാരി കാക്കത്തോട് വീട്ടിൽ കർഷക തൊഴിലാളികളായ കെ.വേലായുധന്റെയും എ താതയുടെയും മകനായി 1959 മേയ് 25നാണ് ജനനം. ഭാര്യ: പ്രേമകുമാരി. മക്കൾ: ജയദീപ് (എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി), സന്ദീപ് (എം ബി എ വിദ്യാർത്ഥി). സഹോദരങ്ങൾ: മോഹൻദാസ്, ശൈലജ, പത്മജ, ഗിരിജ, പരേതയായ ജലജ.
കർഷക സംഘം ജില്ലാ പ്രസിഡന്റ് കൂടിയായ കെ വി വിജയദാസ് 2011 മുതൽ തുടർച്ചയായി രണ്ടുതവണ കോങ്ങാട് മണ്ഡലത്തിൽ നിന്ന് വൻഭൂരിപക്ഷത്തിൽ വിജയിച്ചാണ് നിയമസഭയിലെത്തിയത്. ജില്ലാ പഞ്ചായത്ത് നിലവിൽ വന്ന 1996ൽ ആദ്യ പ്രസിഡന്റായിരുന്നു.