airport

ലോസ് ഏഞ്ചൽസ്: കൊവിഡിനെ പേടിച്ച് ചിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒളിച്ചിരുന്ന ഇന്ത്യൻ വംശജൻ അറസ്റ്റിൽ. മുപ്പത്തിയാറുകാരനായ ആദിത്യ സിംഗ് ആണ് പിടിയിലായത്. കൊവിഡിനെ ഭയന്ന് മൂന്ന് മാസത്തോളമാണ് ഇയാൾ വിമാനത്താവളത്തിൽ കഴിച്ചുകൂട്ടിയത്.

കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ് ആദിത്യ താമസിക്കുന്നത്. ഒക്ടോബർ 19 മുതൽ പ്രതി ചിക്കാഗോയിലെ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ താമസിച്ചുവരികയായിരുന്നെന്നും, ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ചിക്കാഗോ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്താവളത്തിലെ നിയന്ത്രിത മേഖലയിൽ അതിക്രമിച്ചു കയറിയതിനും, മോഷണം നടത്തിയതിനും ആദിത്യയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം യുണൈറ്റഡ് എയർലൈൻസിലെ രണ്ട് ഉദ്യോഗസ്ഥരാണ് ആദിത്യ സിംഗിനെ കണ്ടത്. സംശയം തോന്നി തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കള്ളിവെളിച്ചത്തായത്. ഉടൻ എയർലൈൻ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വിമാനത്താവളത്തിലെ ഓപ്പറേഷൻ മാനേജരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇയാൾ വിമാനത്താവളത്തിൽ കഴിഞ്ഞത്. തിരിച്ചറിയൽ കാർഡ് കാണാനില്ലെന്ന് കാണിച്ച് കാർഡ് ഉടമ നേരത്തെ പരാതി നൽകിയിരുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്ന് ജഡ്ജി പ്രതികരിച്ചു. ജനുവരി 27 ന് ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.