mullappally-ramachandran

ന്യൂഡൽഹി: നിയമസഭാതെരഞ്ഞെടുപ്പിൽ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ മത്സരിക്കും. കോഴിക്കോട്ടു നിന്നോ വയനാട്ടിൽ നിന്നോ മത്സരിക്കാൻ മുല്ലപ്പളളി ഹൈക്കമാൻഡിനെ സന്നദ്ധത അറിയിച്ചു. കൽപ്പറ്റയിൽ നിന്ന് മത്സരിക്കാനാണ് മുല്ലപ്പളളിക്ക് താത്പര്യം. സുരക്ഷിത മണ്ഡലമാണ് കൽപ്പറ്റയെന്നതാണ് ഇതിനു പിന്നിലെ പ്രധാന കാരണം.

കെ പി സി സി അദ്ധ്യക്ഷനായ മുല്ലപ്പളളി വടക്കൻ കേരളത്തിൽ മത്സരിക്കുന്നത് അവിടത്തെ കാര്യങ്ങൾ അനുകൂലമാക്കുമെന്നാണ് ഹൈക്കമാൻഡ് കണക്കുകൂട്ടുന്നത്. സി പി എമ്മിന് പൊതുവേ വേരോട്ടമുളള വടക്കൻ കേരളത്തിൽ കെ പി സി സി അദ്ധ്യക്ഷൻ നേരിട്ട് മത്സരരംഗത്തിറങ്ങി, പ്രചാരണത്തിന് ചുക്കാൻ പിടിക്കണമെന്നും, സമിതിയുടെ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ എത്തിക്കണമെന്നും ഇതിലൂടെ കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നു.

കൽപ്പറ്റ കാലങ്ങളായി യു ഡി എഫിനെ തുണയ്‌ക്കുന്ന മണ്ഡലമാണ്. രാഹുൽഗാന്ധി എം പിയായ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണിത്. കൽപ്പറ്റയല്ലെങ്കിൽ മുല്ലപ്പളളിക്ക് താത്പര്യം കോഴിക്കോടാണ്. കാലങ്ങളായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവന്ന സ്വന്തം നാടായ വടകരയിലേക്ക് ഇനി തിരിച്ചുപോകണമെന്ന് മുല്ലപ്പളളിക്കില്ല. മത്സരം കടുക്കുമെന്നതാണ് ഇതിനു പിന്നിലെ പ്രധാന കാരണം. കെ മുരളീധരനുമായി അത്ര നല്ല ബന്ധം മുല്ലപ്പള്ളിക്കില്ലെന്നതാണ് രണ്ടാമത്തെ ഘടകം. ഗ്രൂപ്പ് പോര് ശക്തമായ കൊയിലാണ്ടിയിലേക്ക് പോകാനും മുല്ലപ്പളളി താത്പര്യം പ്രകടിപ്പിക്കില്ല.

ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച കെ പി സി സി അദ്ധ്യക്ഷനാണെങ്കിലും ഗ്രൂപ്പ് പോര് പാടില്ലെന്ന കർശനനിലപാട് അടക്കം ഹൈക്കമാൻഡിന് മുന്നിൽ വളരെ ഫലപ്രദമായി കൊണ്ടുവരാൻ മുല്ലപ്പളളിക്കായിട്ടുണ്ട്. ഇരട്ടപദവി വഹിക്കുന്ന ഡി സി സി അദ്ധ്യക്ഷന്മാരെ മാറ്റാൻ പോകുന്നതും മുല്ലപ്പളളിയുടെ ക്രെഡിറ്റാണ്.