ചരിത്രത്തിലാദ്യമായി ഋഗ്വേദത്തിലെ 10472 മന്ത്രങ്ങൾക്ക് ബൃഹദ് വ്യാഖ്യാനം രചിച്ച ഡോ. ശ്രീവരാഹംചന്ദ്രശേഖരൻ നായർ വേദങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതിനെ കുറിച്ച് സംസാരിക്കുന്നു...
മണ്ണും മനുഷ്യരും മരങ്ങളും മാത്രമുണ്ടായിരുന്ന ലോകം. കുറച്ച് മനുഷ്യരും കൂടുതൽ മരങ്ങളുമുള്ള മനോഹര കാലം. സനാതന സംസ്കാരം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്ന മനുഷ്യർ. അക്കാലത്ത് എല്ലാവരും വേദങ്ങൾ പഠിപ്പിച്ചിരുന്നു. മനുഷ്യ മനസിലോ മണ്ണിലോ അതിരുകൾ ഇല്ലായിരുന്നു. കൃഷി ഭൂമിയിലൂടെ ഗ്രാമങ്ങൾക്ക് അതിരുകൾ വന്നു. ആ അതിരുകൾക്കുള്ളിലെ ഗ്രാമങ്ങളിലേക്ക് ജനങ്ങൾ ചുരുങ്ങിയൊതുങ്ങി ജീവിക്കാൻ തുടങ്ങി.
ജാതിരഹിത സമൂഹത്തിൽ നിന്നും ജാതിയധിഷ്ഠിത സമൂഹത്തിലേക്ക് കാലം മാറിയ ചരിത്രം പറയുകയാണ് ഡോ. ശ്രീവരാഹം ചന്ദ്രശേഖരൻ നായർ. വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും പഠിക്കാനും പഠിപ്പിക്കാനുമായി ഉഴിഞ്ഞുവെച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം. പ്രപഞ്ചത്തിലുള്ള സകല വിജ്ഞാനത്തിന്റെയും കേദാരമായ വേദത്തിന് സ്വാമി ദയാനന്ദ സരസ്വതിക്ക് ശേഷം ഭാഷ്യം ചമച്ച ഏക വ്യക്തിയാണ് അദ്ദേഹം. ചരിത്രത്തിലാദ്യമായി ഋഗ്വേദത്തിലെ 10472 മന്ത്രങ്ങൾക്ക് അവതാരിക, അന്വയം, അന്വയാർഥം എന്നീ ക്രമത്തിൽ 8000 പേജുകളുള്ള ബൃഹദ് വ്യാഖ്യാനം രചിച്ച ഡോ. ശ്രീവരാഹം ചന്ദ്രശേഖരൻ നായർ വേദങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ്.
കൃഷിഭൂമിയിലെ വിളകളെ മൃഗങ്ങൾ നശിപ്പിക്കുന്നത് പതിവായി. ഇവിടെ നിന്നാണ് തൊഴിലിന്റെ അടിസ്ഥാനത്തിൽ ജാതി ജനിക്കുന്നത്, ഗ്രാമങ്ങളിൽ ഒന്നിച്ച് കൃഷി ചെയ്തവർ സ്വയം നാലായി തിരിഞ്ഞു. ഗ്രാമങ്ങളിലെ എല്ലാവർക്കുമായി ചിലരെ കൃഷി ചെയ്യാൻ ഏർപ്പെടുത്തി. അവരെ ശൂദ്രർ എന്നു വിളിച്ചു. ഗ്രാമങ്ങളിലെ എല്ലാവർക്കുമായി ചിലരെ കൃഷിസ്ഥലത്തിന് കാവൽ നിൽക്കാൻ ഏർപ്പെടുത്തി. അവരെ ക്ഷത്രിയർ എന്നു വിളിച്ചു. ഗ്രാമത്തിലെ എല്ലാവർക്കുമായി മിച്ചം വരുന്ന ഉത്പന്നങ്ങളെ അയൽഗ്രാമങ്ങളിൽ കൊണ്ടുപോയി വിൽക്കാൻ ചിലരെ ഏർപ്പെടുത്തി. അവരെ വൈശ്യർ എന്നു വിളിച്ചു. ഗ്രാമത്തിലെ എല്ലാവരുടേയും മക്കളെ വേദങ്ങൾ പഠിപ്പിക്കാൻ ചിലരെ ഏർപ്പെടുത്തി. അവരെ ബ്രാഹ്മണർ എന്നു വിളിച്ചു. ഇതൊരു സ്ഥിരം ഏർപ്പാടായിരുന്നില്ല. ഓരോ വർഷം കഴിയുമ്പോഴും പരസ്പരം അവരവരുടെ തൊഴിൽ മാറി മാറി ചെയ്തു കൊണ്ടിരുന്നു. തൊഴിലനുസരിച്ച് അവരുടെ ജാതി പേരുകളും മാറിക്കൊണ്ടിരുന്നു. വേദം പഠിക്കാൻ ഗുരുനാഥന് ഗുരുദക്ഷിണ കൊടുക്കുന്നത് ഒരു ആചാരമാണ്. കാലവർഷങ്ങളോടൊപ്പം കാലവും കറങ്ങിക്കൊണ്ടിരുന്നപ്പോൾ ഗുരുദക്ഷിണയിൽ ആകൃഷ്ടരായ ചിലർ വേദം പഠിപ്പിക്കുന്നത് സ്ഥിരം ഏർപ്പാടാക്കി. പതുക്കെ പതുക്കെ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും അവരവർക്ക് ഇഷ്ടപ്പെട്ട തൊഴിലിൽ മാത്രം ഒതുങ്ങിക്കൂടുകയും ചെയ്തു. യഥാർത്ഥത്തിൽ ഇങ്ങനെയാണ് ജാതി ജനിക്കുന്നത്. അല്ലാതെ ബ്രഹ്മാവിന്റെ തലയിൽ നിന്നല്ല ബ്രാഹ്മണൻ ജനിച്ചത്.
വേദങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു
വേദങ്ങൾക്ക് പതിനായിരത്തോളം വർഷം പഴക്കമുണ്ട്. ചിതറിത്തെറിച്ചു കിടന്ന വേദങ്ങളെ തരം തിരിച്ച് അടുക്കും ചിട്ടയുമാക്കിയത് വ്യാസനാണ്. അങ്ങനയാണ് വേദവ്യാസൻ എന്ന പേര് വന്നത്. ബി.സി 3146 ലാണ് മഹാഭാരതയുദ്ധം നടന്നത്. മഹാഭാരത യുദ്ധത്തിന്റെ കാലഘട്ടത്തെ വെച്ച് നോക്കിയാൽ പോലും വ്യാസൻ സങ്കലനം ചെയ്ത വേദങ്ങൾക്ക് അയ്യായിരത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. വേദങ്ങൾ ജനിക്കുമ്പോൾ ഇവിടെ മനുഷ്യർ മാത്രമേയുള്ളു. വേദങ്ങൾക്ക് ജാതിയോ മതമോ ഇല്ല. വേദങ്ങൾ നന്മക്ക് മാത്രമുള്ളതാണ്. ഓരോ മനുഷ്യമനസിലും കടലിരമ്പമായി മാറേണ്ട വേദങ്ങളിലെ ശ്രുതികൾ ബോധപൂർവം തെറ്റിദ്ധരിക്കപ്പെട്ടു. താപസൻമാർ തപം ചെയ്തും മനനം ചെയ്തും കണ്ടെത്തിയ വേദമന്ത്രങ്ങളിൽ മദ്യവും മദിരാക്ഷിയും കടന്നുവന്നു. ആ തെറ്റിദ്ധാരണയിലാണ് വേദങ്ങളിൽ നിന്നും ജനങ്ങൾ അകന്നത്. അതോടൊപ്പം സ്വാർത്ഥരായ ചിലരുടെ ശ്രമഫലമായി ചാതുർവർണ്യവും ബലപ്പെട്ടു.
പതിമൂന്നാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിലെ രാജാക്കൻമാരായിരുന്ന ഹരിഹരന്റേയും ബുക്കരുടേയും കൊട്ടാരത്തിലെ സംസ്കൃത പണ്ഡിതനായ സായണാചാര്യനാണ് വേദങ്ങളെ വളച്ചൊടിച്ചത്. വേദസംസ്കാരത്തിൽ നിന്നും വേറിട്ട ജീവിത രീതികളാണ് രാജാക്കൻമാരായ ഹരിഹരനും ബുക്കരും നയിച്ചിരുന്നത്. ജനങ്ങൾക്കിടയിൽ രാജാക്കൻമാരുടെ പ്രവൃത്തിയിൽ അവമതിപ്പ് ഉണ്ടാകാതിരിക്കാൻ വേണ്ടി സായണാചാര്യർ വേദമന്ത്രങ്ങൾക്ക് അർത്ഥവ്യതിയാനം വരുത്തി. മുനിമാരുടെ കൊടുംതപസിന്റെ ഫലമാണ് വേദമന്ത്രങ്ങൾ. തപസ് ചെയ്ത മുനിഹൃദയമറിയാതെയാണ് സായണാചാര്യർ യജമാനൻമാരുടെ സംതൃപ്തിക്ക് വേണ്ടി വേദമന്ത്രവ്യാഖ്യാനങ്ങളെ പാപപങ്കിലമായ വിധത്തിൽ തിരുത്തി എഴുതിയത്. നിർഭാഗ്യവശാൽ സായണാചാര്യർ എഴുതിയ വേദഭാഷ്യത്തെയാണ് പാശ്ചാത്യപണ്ഡിതനായ പ്രൊഫ. മാക്സ്മുള്ളർ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. അതോടെ ആഗോളതലത്തിലും വേദങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു.
ഇന്ദ്രനും പണി കിട്ടി
വിജയനഗരസാമ്രാജ്യത്തിലെ ഭരണാധികാരികളുടെ സദാചാര വിരുദ്ധ ജീവിതത്തെ ന്യായികരിക്കാൻ സായണാചാര്യർ ശ്രമിച്ചപ്പോൾ പണികിട്ടിയത് ഇന്ദ്രനായിരുന്നു. ശ്രീകൃഷ്ണനെ പോലെ ഇന്ദ്രനും പോരാളിയും ഭരണാധികാരിയുമാണ്. ആവലാതികൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി പലപ്പോഴും പലരുമായും പലവട്ടം ഇന്ദ്രന് പോരാടേണ്ടി വന്നിട്ടുണ്ട്. പോരാട്ടത്തിനിടയിൽ ഇന്ദ്രന്റെ ശരീരത്തുണ്ടാകുന്ന മുറിവുകൾ ഉണങ്ങുന്നതിന് വേണ്ടി 'സോമ" എന്ന ഔഷധ ചെടി ചതച്ചെടുത്ത നീരിൽ മരുന്നുകൾ ചേർത്ത കഷായം കുടിക്കും. സായണാചാര്യർ ഈ കഷായത്തെ സോമരസം എന്ന മദ്യമാക്കി മാറ്റി. ദേവലോകത്തിലെ ഇന്ദ്രന് മദ്യപാനമാകാമെങ്കിൽ നാട്ടിലെ രാജാക്കൻമാർക്കും മദ്യപാനാമാകാമെന്ന് സായണൻ വരുത്തി തീർത്തു.
അജം എന്നാൽ വിത്ത് എന്നും അർത്ഥമുണ്ട്. വേദങ്ങളിലെ അജത്തെ സായണൻ ആട് എന്നാക്കി മാറ്റി. യാഗാഗ്നിയിൽ വിത്ത് എറിഞ്ഞ് നടത്തുന്ന യാഗത്തെ ആടിനെ നെയ്യിൽ ഹോമിക്കുന്നതാക്കി മാറ്റി. എന്നിട്ട് യാഗം കഴിയുമ്പോൾ നെയ്യിൽ മൊരിഞ്ഞ ആടിനെ തിന്നാൻ അവസരമുണ്ടാക്കി. ഗോത്വം എന്നാൽ അജ്ഞാനം എന്നാണ് അർത്ഥം. സാങ്കല്പികമായി അജ്ഞാനത്തെ മന്ത്രം ചൊല്ലി തീയിലെരിച്ച് നടത്തുന്ന യാഗത്തെ പശുവിന്റെ തലയറുത്ത് ഹോമിക്കുന്ന യാഗമാക്കി. ഇന്ദ്രൻ മദ്യപാനിയാണെന്നും യാഗങ്ങളിലൂടെ മൃഗങ്ങളെ പൊരിച്ചും കരിച്ചും തിന്നുമെന്നുമുള്ള അർത്ഥ വ്യതിയാനത്തോടെ സായണൻ വേദാർത്ഥങ്ങളെ എഴുതിതിരുത്തി. സായണാചാര്യർ തിരുത്തിയ വേദഭാഷ്യമാണ് പ്രചാരം നേടിയത്. അതോടെ ചതിയുടേയും സുഖഭോഗത്തിന്റേയും പ്രതീകമായി തെറ്റായി ചിത്രീകരിക്കപ്പെട്ട ഇന്ദ്രനെ പ്രതിഷ്ഠിക്കാനോ പ്രാർത്ഥിക്കാനോ ആരും തയ്യാറായില്ല. ഈ അന്യായമായ വ്യാഖ്യാനത്തിന്റെ ഒരു തിരുത്തലാണ് ഡോ. ശ്രീവരാഹം ചന്ദ്രശേഖരൻ നായർ എഴുതിയ 'ഋഗ്വേദം ഗുരുദക്ഷിണ മഹാഭാഷ്യം".
വേദകാലത്തെ സ്ത്രീകൾ
വേദകാലത്താണ് സ്ത്രീകൾ കൂടുതൽ ആദരിക്കപ്പെട്ടിരുന്നത്. സതി സമ്പ്രദായത്തെ കുറിച്ച് വേദങ്ങളിൽ പരാമർശിച്ചിട്ടേയില്ല. വിധവകളായ സ്ത്രീകളെ സധൈര്യം പൊതു ധാരയിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ശ്ലോകങ്ങൾ ഋഗ്വേദത്തിൽ പറയുന്നുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യതകയെ കുറിച്ച് നാല് വേദങ്ങളിലും ധാരാളം പറയുന്നുണ്ട്. പതിയെ നയിക്കുന്നവളാണ് പത്നി എന്നാണ് ഭാര്യയെ കുറിച്ച് മഹാഭാരത്തിൽ ശകുന്തള പറയുന്നത്. ഭർത്താവിനോടൊപ്പം ധർമ്മ മാർഗത്തിൽ സഞ്ചരിക്കുന്നവളാണ് ധർമ്മപത്നി. വേദകാലത്ത് ജനങ്ങളുടെ ജീവിതം ധർമ്മമുള്ളതായിരുന്നു. വേദകാലം മുതലേ ഭാരതത്തിൽ ഭർത്താവിനും ഭാര്യക്കും തുല്യപ്രാധാന്യമാണ് ഉണ്ടായിരുന്നത്. അതിഥിയെ ദൈവത്തെപ്പോലെ കാണണം എന്നാണ് വേദഭാഷ്യം. എന്നാലും അതിഥിക്ക് ആഹാരം കൊടുക്കുന്നതിന് മുമ്പ് ഗർഭിണികൾക്ക് ആഹാരം കൊടുക്കണം. സ്ത്രീയുടെ കണ്ണുനീർ വീഴുന്നിടം നശിച്ചു പോകുമെന്നും മാതാവിന് മഹനീയ സ്ഥാനം കൊടുക്കണമെന്നും വേദങ്ങളിൽ പറയുന്നു. സ്ത്രീകൾക്ക് ഇഷ്ടവരനെ കണ്ടെത്താനുള്ള സ്വാതന്ത്ര്യം പോലും വേദകാലത്തുണ്ടായിരുന്നു. മാതാപിതാക്കളുടെ സ്വത്തിന് മകനും മകൾക്കും ഒരു പോലെയാണ് അവകാശം ഉണ്ടായിരുന്നത്.
സർക്കാർ കോളേജ് അദ്ധ്യാപകനായിരുന്ന ഡോ. ശ്രീവരാഹം ചന്ദ്രശേഖരൻ നായർ ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ വ്യാകരണ ഫാക്കൽറ്റിയുടെ പ്രഥമ ഡീനും പ്രൊഫസറും തലവനുമായിരുന്നു. കേരള സർവകലാശാലയുടേയും മഹാത്മാഗാന്ധി സർവകലാശാലയുടേയും കോഴിക്കോട് സർവകലാശാലയുടേയും സംസ്കൃത സർവകലാശാലയുടേയും പരീക്ഷാബോർഡ് ചെയർമാനായിരുന്നു. ഇപ്പോൾ ശ്രീശങ്കരാചാര്യ സംസ്കൃത സർവകാലശാലയിൽ വിസിറ്റിംഗ് പ്രൊഫസറായും ശ്രീസുക്യതേന്ദ്ര ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണററി പ്രൊഫസറായും പ്രവർത്തിക്കുന്നു. ഇതിഹാസങ്ങളെയും പുരാണങ്ങളെയും ആസ്പദമാക്കി ഇരുപതോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. വേദശ്രീ, പണ്ഡിതരത്നം അവാർഡുകൾക്ക് പുറമേ രാഷ്ട്രപതിയുടെ ബഹുമതി പത്രവും കിട്ടിയിട്ടുണ്ട്. ഇതിഹാസങ്ങളേയും പുരാണങ്ങളേയും ആസ്പദമാക്കി ഇരുപതോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ''മഹാഭാരത കഥകൾ വീക്ഷണവും വിശകലനവും"" എന്ന പേരിൽ രണ്ടു ഭാഗങ്ങളുള്ള പുസ്തകത്തിന്റെ രചനക്ക് ശേഷം ഇപ്പോൾ രാമായണത്തെ ആസ്പദമാക്കിയുള്ള ബൃഹദ്ഗ്രന്ഥത്തിന്റെ രചനയിലാണ്. വിദ്യാഭ്യാസരംഗത്തും സാഹിത്യരംഗത്തും ഇത്രയൊക്കെ സംഭാവന ചെയ്തിട്ടും സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഡോ. ശ്രീവരാഹം ചന്ദ്രശേഖരൻ നായർക്ക് അർഹമായ അംഗീകാരം കൊടുത്തോ എന്നത് ഒരു സംശയമാണ്. തിരുവനന്തപുരം ജില്ലയിലെ മണക്കാട്ടുള്ള കൗസ്തുഭത്തിൽ 80 വയസുകാരനായ ഡോ. ശ്രീവരാഹം ചന്ദ്രശേഖരൻ നായർ ഇന്നും എഴുത്തിന്റെ തപസിലാണ്.
(ലേഖകന്റെ ഫോൺ: 9961584123)