വാഷിംഗ്‌ടൺ: കൊവിഡ് സ്ഥിതി രൂക്ഷമായ രാജ്യങ്ങളിലുളളവർക്ക് അമേരിക്കയിലെത്താനുണ്ടായിരുന്ന നിരോധനം തിങ്കളാഴ്‌ച പ്രസിഡന്റ് ട്രംപ് എടുത്തുകളഞ്ഞിരുന്നു. വിവിധ യൂറോപ്യൻ രാജ്യങ്ങളിലുളളവർക്കും ബ്രസീലിൽ നിന്നുളളവർക്കുമായിരുന്നു ട്രംപ് ഇങ്ങനെ ഇളവ് നൽകിയത്. എന്നാൽ ഈ ഇളവ് അടുത്ത പ്രസിഡന്റ് ജോ ബൈഡന്റെ ഭരണസമിതി തളളിക്കളഞ്ഞിരിക്കുകയാണ്. ' മെഡിക്കൽ ടീമിന്റെ നിർദ്ദേശപ്രകാരം ജനുവരി 26 വരെ യാത്രാ നിരോധനത്തിൽ ഇളവ് വരുത്താൻ ഉദ്ദേശിക്കുന്നില്ല' ജോ ബൈഡന്റെ പ്രസ് സെക്രട്ടറി ജെൻ പ്‌സാക്കി ട്വിറ്ററിലൂടെ അറിയിച്ചു.
യാത്രാ നിരോധനം ഇളവ് ചെയ്യില്ലെന്ന് മാത്രമല്ല അന്താരാഷ്‌ട്ര യാത്രികരിൽ കൊവിഡ് നിയന്ത്രണത്തിനായി പുലർത്തിവരുന്ന പൊതു ആരോഗ്യ നിയമങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായും ബൈഡന്റെ ഭരണസമിതി അറിയിച്ചു. ലോകത്ത് കൊവിഡ് രോഗം വർദ്ധിക്കുകയും പരിവർത്തനം സംഭവിച്ച കൊവിഡ് പടരുകയും ചെയ്യുമ്പോൾ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ശരിയല്ലെന്നും ജെൻ പ്‌സാക്കി അഭിപ്രായപ്പെട്ടു. നേരത്തെ ബ്രസീലിനും യൂറോപ്യൻ രാജ്യങ്ങൾക്കുമുളള നിരോധനം പിൻവലിച്ച ട്രംപ് പക്ഷെ ചൈനയ്‌ക്കും ഇറാനുമുളള നിരോധനം പിൻവലിച്ചിരുന്നില്ല.
അമേരിക്കയിലേക്ക് എത്തുന്ന യാത്രികർ മൂന്ന് ദിവസത്തിനകം എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം എന്ന അമേരിക്കയിലെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്രത്തിന്റെ നിർദ്ദേശമെത്തിയതിന് പിന്നാലെയായിരുന്നു ട്രംപ് ഇളവുകൾ പ്രഖ്യാപിച്ചത്. ഇതിന് മറുപടിയായാണ് ജോ ബൈഡൻ ഭരണസമിതി ഇന്ന് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. നാളെയാണ് ജോ ബൈഡൻ അമേരിക്കയുടെ നാൽപത്തിയാറാമത് പ്രസിഡന്റായി അധികാരമേൽക്കുക. എന്നാൽ ട്രംപ് നാളെ രാവിലെ തന്നെ ഫ്ളോറിഡയിലേക്ക് മടങ്ങും. രാജ്യത്തെ കഴിഞ്ഞ 152 വർഷത്തെ ചരിത്രത്തിൽ പുതിയ പ്രസിഡന്റ് ഭരണമേൽക്കുന്ന ചടങ്ങിൽ നിന്ന് പഴയ പ്രസിഡന്റ് വിട്ടുനിൽക്കുന്നത് ആദ്യമായാകും.