തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസിൽ അമ്മയ്‌ക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിഷയം കുടുംബപ്രശ്‌നം മാത്രമല്ല. അമ്മയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ കിട്ടിയിട്ടുണ്ട്. കേസ് ഡയറി കോടതി പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കുട്ടിക്ക് അമ്മ ചില ലഹരി മരുന്നുകൾ നൽകിയിരുന്നു. ഈ മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ബോദ്ധ്യപ്പെടുത്തി. അതേസമയം, പൊലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നായിരുന്നു അമ്മയുടെ വാദം. തന്റെ മുൻ ഭർത്താവിന്റെ പ്രേരണയാലാണ് 13 വയസുളള മകൻ ഇത്തരത്തിൽ മൊഴി നൽകുന്നതെന്നും അവർ കോടതിയെ അറിയിച്ചു.
കേസിൽ വാദം പൂർത്തിയാക്കിയ കോടതി അമ്മയുടെ ജാമ്യഹർജിയിൽ നാളെ വിധി പറയും. കേസ് ഡയറി വിശദമായി പരിശോധിച്ച ശേഷമാകും വിധി പറയുകയെന്ന് കോടതി വ്യക്തമാക്കി.