തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കെ.സുധാകരൻ എം.പിയെ താൽക്കാലിക പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഹൈക്കമാന്റ് ആലോചന. സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെയാകും സുധാകരനെ അദ്ധ്യക്ഷനായി പ്രഖ്യാപിക്കുക. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പൂർണ പിന്തുണ ഇക്കാര്യത്തിൽ സുധാകരന് ഉണ്ടെന്നാണ് വിവരം. സുധാകരന്റെ നേതൃത്വം കേരളത്തിലെ കോൺഗ്രസിന് പുത്തൻ ഉണർവേകുമെന്നും ഇത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
അദ്ധ്യക്ഷ സ്ഥാനത്തെത്താൻ താൻ തയ്യാറാണെന്ന് ഇതിനകം സുധാകരൻ വ്യക്തമാക്കിയതാണ്. തദ്ദേശ തിരഞ്ഞെടുപ്പോടെ വ്യക്തമായ സംഘടനാപരമായി പാർട്ടി നിലവിൽ നേരിടുന്ന തിരിച്ചടികൾ ഇതിലൂടെ മറികടക്കാനാകുമെന്നാണ് ഹൈക്കമാന്റ് കണക്കുകൂട്ടുന്നത്. അതേസമയം കോഴിക്കോട്ടു നിന്നോ വയനാട്ടിൽ നിന്നോ മത്സരിക്കാനാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ സന്നദ്ധത അറിയിച്ചു. കൽപ്പറ്റയിൽ നിന്ന് മത്സരിക്കാനാണ് മുല്ലപ്പളളിക്ക് താൽപര്യം.
കോൺഗ്രസിൽ വളരെയധികം വിവാദങ്ങൾ സൃഷ്‌ടിച്ച അദ്ധ്യക്ഷനാണെങ്കിലും മുല്ലപ്പളളി വടക്കൻ കേരളത്തിൽ നിന്ന് മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഗ്രൂപ്പ് പോരിനെക്കുറിച്ച് ഹൈക്കമാന്റിന് മുന്നിൽ നല്ല രീതിയിൽ അവതരിപ്പിക്കാൻ മുല്ലപ്പളളിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഇരട്ടപദവി വഹിക്കുന്ന ഡിസിസി അദ്ധ്യക്ഷന്മാരെ മാറ്റി പാർട്ടിയിൽ പുനസംഘടനയ്‌ക്ക് വഴിയൊരുക്കിയതും മുല്ലപ്പളളിക്ക് അനുകൂലമായ ഘടകമാണ്. എന്നാൽ മുല്ലപ്പളളി മത്സരിക്കുന്നതിന് എതിരല്ലെന്നും പക്ഷെ കൽപറ്റ സീറ്റ് തങ്ങൾക്ക് വേണമെന്നും മുസ്ളീംലീഗ് അവകാശം ഉന്നയിച്ചിട്ടുണ്ട്.