ഇന്ന് ജനുവരി 24. മുപ്പതു വർഷങ്ങൾക്കു മുമ്പ് ഇതേ പോലൊരു ജനുവരി 24ന് സാംസ്കാരിക കേരളം സ്തംഭിച്ച ദിവസമായിരുന്നു. അത്യഗാധമായ അന്ധകാരപ്പരപ്പിൽ ഇവിടുത്തെ കലാസാഹിത്യ ലോകം ഒന്നാകെ അടിപതറി വീണു!
1991 ജനുവരി 24
ഞാനന്ന് തൃക്കരിപ്പൂർ എസ്.ബി.ടി.യിൽ ജോലി നോക്കുകയാണ്... പന്ത്രണ്ടര മണി നേരത്ത്, ബാങ്കിന്റെ താഴെ നിലയിൽ പത്രം ഏജൻസി നടത്തുന്ന സുഹൃത്ത് ചന്ദ്രദാസ് ഓടിക്കിതച്ചു വന്ന് പറഞ്ഞു : സംവിധായകൻ പത്മരാജൻ മരിച്ചുവെന്ന് ഇപ്പോ റേഡിയോയിൽ പ്രാദേശികവാർത്തകളിൽ കേട്ടു... നീയറിഞ്ഞോ? വാക്കുകൾ കിട്ടാതെ ചന്ദ്രദാസ് നിന്ന് വിറച്ചു...കാഷ് കൗണ്ടറിലായിരുന്നു ഞാൻ. സാമാന്യം നല്ല തിരക്കുമുണ്ടായിരുന്നു മുന്നിൽ. തല കറങ്ങുന്നതായി തോന്നി... ഇരുൾ വന്നു മൂടുന്ന കണ്ണുകൾ അടച്ചു തുറന്നപ്പോൾ, ഭൂമിയും എനിക്കു ചുറ്റും അതിദ്രുതം വട്ടം ചുറ്റിക്കറങ്ങി മറിയുന്നുവെന്നറിഞ്ഞു. സഹപ്രവർത്തകർ ഓടി വന്ന് താങ്ങിയതുമാത്രം ഓർമ്മയുണ്ട്.
രണ്ട്
തലേന്ന് ജനുവരി 23ന് ഉച്ചനേരത്ത് പപ്പേട്ടൻ കണ്ണൂരിൽ നിന്ന് വിളിച്ചിരുന്നു: കവിത തിയേറ്ററിൽ ഞാൻ ഗന്ധർവ്വന്റെ പ്രൊമോഷനായി വന്നതാണ്. നിതീഷ് ഭരദ്വാജും ഗാന്ധിമതി ബാലനും സുഹൃത്തുക്കളുമൊക്കെയുണ്ട്. ഞാൻ ഉടനെയെത്താം എന്നു പറഞ്ഞപ്പോൾ തടഞ്ഞു: വേണ്ട, ഞങ്ങൾ ഉടനെ കോഴിക്കോട്ടേക്കു പോകും. വൈകീട്ട് അവിടത്തെ തിയേറ്ററിൽ പ്രചരണ പരിപാടിയിൽ പങ്കെടുക്കണം. എന്നാലും പപ്പേട്ടൻ കണ്ണൂരുവരെ വന്നിട്ട് തമ്മിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് ഞാൻ പരിഭവിച്ചപ്പോൾ, ഫോണിൽ ആശ്വസിപ്പിച്ചു: അതു സാരമില്ല... സിനിമ എങ്ങനെയെങ്കിലും ഒന്ന് പൊക്കിയെടുക്കാനുള്ള ശ്രമത്തിലാണ്... ബാബു എന്തായാലും ട്രാൻസ്ഫർ ആയി ഉടനെ തിരുവനന്തപുരത്തേക്ക് വരികയല്ലേ, അവിടെ വച്ച് കാണാം. അത് ശരിയായിരുന്നു. എന്റെ എഴുത്തുജീവിതത്തിനും സിനിമാജീവിതത്തിനും തിരുവനന്തപുരം അനുയോജ്യമായ സ്ഥലമാണെന്ന പപ്പേട്ടന്റെ നിർദ്ദേശപ്രകാരം; വളരെ ശ്രമിച്ചിട്ടാണ് ബാങ്കിന്റെ ഹെഡ് ഓഫീസിൽ പബ്ലിക് റിലേഷൻസ് വകുപ്പിലേക്ക് സ്ഥലം മാറ്റം വാങ്ങിയിരിക്കുന്നത്. മൂന്നാഴ്ച മുമ്പ് ഓർഡർ കിട്ടിയപ്പോൾ തന്നെ ഞാൻ പപ്പേട്ടന് എഴുതിയിരുന്നു. അദ്ദേഹമപ്പോൾ ഞാൻ ഗന്ധർവ്വന്റെ അവസാനമിനുക്കു പണികളുമായി മദിരാശിയിലാണ്. ജനുവരി 11-നായിരുന്നു ഞാൻ ഗന്ധർവ്വന്റെ റിലീസ്. ആ ദിവസം തന്നെ തിരക്കുകളിൽനിന്നൊഴിഞ്ഞ് ശാന്തനായി അദ്ദേഹമെനിക്ക് മറുപടി എഴുതി.
11 ജനുവരി 1991
പ്രിയപ്പെട്ട ബാബുവിന്, നവവത്സരാശംസകൾ നേർന്നുകൊണ്ടയച്ച കത്തു കിട്ടി. സന്തോഷം. കഴിഞ്ഞ രണ്ടു മാസത്തോളം മദിരാശിയിലായിരുന്നു. ജനുവരി ഫസ്റ്റിനാണ് തിരിച്ചെത്തിയത്. ഇതിനിടെ രണ്ടാം തീയതി കുടുംബസമേതം ബാബുവിന്റെ സ്ഥലം വഴി ഒന്നു പോയിരുന്നു. (പിണങ്ങരുത്). മൂകാംബികാ ക്ഷേത്രത്തിലേക്ക്. പെട്ടെന്നുണ്ടായ ഒരു പരിപാടിയായതുകൊണ്ട് ആരേയും അറിയിക്കാനോ എങ്ങും ഇറങ്ങാനോ ഒന്നും പറ്റിയില്ല. 5-ന് തിരികെപ്പോന്നു.
തിരുവനന്തപുരത്തേക്ക് മാറ്റമുണ്ടാവുകയാണെങ്കിൽ നല്ലതാണ്. എഴുത്തുകാരന് വളരാൻ പറ്റിയ അന്തരീക്ഷം ഇവിടെയുണ്ട് എന്നു തോന്നുന്നു. മറ്റുവിശേഷങ്ങളൊന്നുമില്ല. പുതുവർഷാശംസകൾ - കുടുംബത്തിനും.
സസ്നേഹം പത്മരാജൻ
ജനുവരി 23-ന്, കോഴിക്കോട്ടെ തിയേറ്റർ ചടങ്ങുകൾക്കു ശേഷം, രാത്രിയിലെപ്പോഴോ പത്മരാജൻ എന്ന ആ ഗന്ധർവ്വരൂപൻ അനന്തതയിലേക്കു നടന്നുപോയി; അവസാനസിനിമയിലെ അന്ത്യരംഗങ്ങൾ അറംപറ്റിയതുപോലെ! വ്യക്തിപരമായി എന്നെ തളർത്തിക്കളഞ്ഞ പകലായിരുന്നു ആ ജനുവരി 24-ന്റേത്. അബോധത്തിലും അത്യധികമായ രക്തസമ്മർദ്ദത്തിലുമായ ഞാൻ അടുത്തുള്ള ക്ലിനിക്കിലും പിന്നെ പരിപൂർണവിശ്രമവുമായി വീട്ടിലും കഴിഞ്ഞു. മുതുകുളത്തെ ഞവരക്കൽ തറവാട്ടിലെ സംസ്കാരചടങ്ങുകളൊന്നും ഞാനറിഞ്ഞില്ല. അങ്ങനെയൊന്ന് സംഭവിച്ചു എന്നുപോലും വിശ്വസിക്കാതിരിക്കുവാനാണ് ഇന്നും ശ്രമിക്കുന്നത്. നാളുകൾ കഴിഞ്ഞ്, ഫെബ്രുവരി 13-ന് വിധിപ്രകാരമുള്ള സ്ഥലം മാറ്റവുമായി, ഞാൻ തിരുവനന്തപുരത്ത് വണ്ടിയിറങ്ങി. പപ്പേട്ടനില്ലാത്ത നഗരത്തിൽ, അനാഥനെപ്പോലെ ഞാൻ സ്തംഭിച്ചുനിന്നു ഏറെ നേരം. അന്ന് വൈകുന്നേരം പൂജപ്പുരയിലെ ബാങ്ക് ഓഫീസിൽ നിന്നിറങ്ങി നടന്നെത്താവുന്ന ദൂരത്തുള്ള പപ്പേട്ടന്റെ വസതിയിലെത്തി... രാധാലക്ഷ്മിച്ചേച്ചി വാതിൽ തുറന്നുതന്നു. ഏറെനേരം ആ മരവിച്ച സ്വീകരണമുറിയിൽ, പപ്പേട്ടന്റെ ഛായാചിത്രത്തിനു മുന്നിലൊരു കസേരയിൽ ഞാൻ കണ്ണടച്ചിരുന്നു...
മൂന്ന്
1989-ലെ കേരളകൗമുദി ഓണപ്പതിപ്പ് സവിശേഷതയുള്ള ഒന്നായിരുന്നു. ഏറെക്കാലത്തെ സാഹിത്യ മൗനം വെടിഞ്ഞ്, പി. പത്മരാജൻ 'മഞ്ഞുകാലം നോറ്റ കുതിര" എന്ന ലഘുനോവലുമായെത്തിയത് ആ ഓണപ്പതിപ്പിലായിരുന്നു. വല്ലാത്തൊരു വായനാനുഭവമായിരുന്നു അത്. അതിനു മുമ്പെഴുതിയ പ്രശസ്ത കഥകളിൽ നിന്നും നോവലുകളിൽ നിന്നും വ്യത്യസ്തമായ ഒരന്തരീക്ഷം അതിൽ നിറഞ്ഞുനിന്നു... താഴ്വരകളിലേക്കും പച്ച മലമടക്കുകളിലേക്കും മുഖം തുറന്നു നിൽക്കുന്ന 'വാലിസ്" എന്ന പുരാതന കെട്ടിടവും, മഞ്ഞിലും കുളിരിലും നനഞ്ഞ പുൽപ്പരപ്പിൽ പൂച്ചക്കുഞ്ഞുങ്ങളായി കളിക്കുന്ന മഞ്ഞ ഗോളങ്ങളും! ആയിടെ ഒരു ചലച്ചിത്രവാരികയിൽ പത്മരാജന്റെ ഒരിന്റർവ്യൂ വന്നു. അതിൽ വലിയ പ്രതീക്ഷയോടെ അദ്ദേഹം പറഞ്ഞു: സിനിമയ്ക്കിടയിൽ പെട്ട് ക്രിയേറ്റീവ് റൈറ്റിംഗ് കൈവിട്ട അവസ്ഥയിലായിരുന്നു. ഇനി കുറച്ച് നല്ല കഥകളും നോവലുകളും എഴുതണം.... എന്റെ പുതിയ സിനിമയ്ക്ക് ലൊക്കേഷൻ കാണാൻ പോയപ്പോഴാണ് മഞ്ഞുകാലം നോറ്റ കുതിരയിലേക്ക് ഞാനെത്തിയത്...
താമസിയാതെ മഞ്ഞും തണുപ്പുമായി ഡിസംബർ പിറന്നു. പത്രങ്ങളിലെല്ലാം 'ഇന്നലെ" എന്ന സിനിമയുടെ ചിത്രീകരണം മെർക്കാറയിൽ ആരംഭിച്ചതായുള്ള പരസ്യം വന്നു. 'മഞ്ഞുകാലം നോറ്റ കുതിര"യുടെ പശ്ചാത്തലഭംഗി തികഞ്ഞ മെർക്കാറ മനസിൽ നിറഞ്ഞു... ഒരുനാൾ, പയ്യന്നൂരമ്പലത്തിൽ സന്ധ്യാദീപം തൊഴുതു മടങ്ങുംവഴി, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന ദാമോദരേട്ടൻ, അമ്പലത്തിനു തൊട്ടുമുന്നിൽത്തന്നെയുള്ള ഞങ്ങളുടെ വീട്ടിലെത്തി. അമ്പലത്തിൽ വരുന്ന അവസരത്തിൽ ബന്ധുത്വമുള്ള അച്ഛനെ കാണാൻ വരിക ദാമോദരേട്ടന്റെ ഒരു പതിവായിരുന്നു. അഞ്ചാറ് സിനിമകളിൽ ഒറ്റയടിക്ക് പാട്ടുകളെഴുതി അദ്ദേഹം തിരക്കിലേക്ക് നീങ്ങുന്ന സന്ദർഭമായതിനാൽ, ചെറിയ ഒരു ഇടവേളയ്ക്കുശേഷമാണ് ആ വരവ്. വന്നപടെ, അദ്ദേഹം പറഞ്ഞു: ഉടനെ പോണം. രാത്രിയിൽ മെർക്കാറയ്ക്ക് ഒരു യാത്രയുണ്ട്. പപ്പേട്ടന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയിരിക്ക്വാ. ഞാനാ പാട്ടെഴുതിയിരിക്കുന്നത്...
എന്റെ മനസ്സിൽ മഞ്ഞുകാലവും പച്ചപ്പുനിറഞ്ഞ താഴ്വാരങ്ങളും പൊടുന്നനേ വന്നു വീശി. എനിക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഞാനും കൂടെ വന്നോട്ടെ എന്ന ചോദ്യത്തിന് അദ്ദേഹം ഉടനെ സമ്മതം മൂളി. അങ്ങനെ ഞങ്ങൾ കണ്ണൂരേക്കും അവിടെ നിന്ന് രാത്രി വീരാജ്പേട്ടയിലേക്കും ബസ് കയറി. എന്റെ മനസിലാകെ പുറത്തെ ഡിസംബർമഞ്ഞും തണുപ്പും വീണുകുതിരുകയായിരുന്നു. മെർക്കാറയിലെത്തിയത് നന്നേ പുലർച്ചെ. പുകമഞ്ഞ് വീണ് പച്ചപ്പുൽമൈതാനങ്ങളൊക്കെ പഞ്ഞിപ്പരപ്പുപോലെ തോന്നിച്ചു. ഓറഞ്ചു മരങ്ങളിലും മഞ്ഞ് കൂടുകൂട്ടിയിരുന്നു. മയൂര വാലീസ് വ്യൂ എന്ന യൂറോപ്യൻ മാതൃകയിലുള്ള ഹോട്ടലിന്റെ പോർട്ടിക്കോയിലേക്ക് ഞാനും ദാമോദരേട്ടനും എത്തുമ്പോൾ തൂവെള്ള ഷോട്ട്സും ടീഷർട്ടും വെള്ള കാൻവാസ് ഷൂസുമൊക്കെയായി രണ്ട് സുന്ദര താടിക്കാർ ജോഗിംഗിനായോടിയിറങ്ങുന്നു - പലപല ഫോട്ടോകളിൽ കണ്ട് പരിചയിച്ച ആ മുഖങ്ങൾ, അതെ, പത്മരാജന്റേയും കാമറാമാൻ വേണുവിന്റേതുമായിരുന്നു. അതായിരുന്നു ആദ്യ ദർശനം, ആദ്യകൂടിക്കാഴ്ച. ദാമോദരേട്ടൻ എന്നെ പേരുപറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ ചിരകാല സൗഹൃദത്തിലെന്നപോലെ പത്മരാജൻ ചിരിച്ച് എന്റെ നേരെ കൈനീട്ടി.
നാല്
പപ്പേട്ടനില്ലാത്ത ആലംബമറ്റ നഗരത്തിൽ, ആ ഓർമ്മയുടെ കരുത്തിൽ ഞാൻ മുപ്പതു വർഷം പിന്നിടുന്നു. ഇന്നലെയിലൂടെ പപ്പേട്ടൻ എനിക്കു പരിചയപ്പെടുത്തിത്തന്ന ജോഷി മാത്യുവിന്റെ ആദ്യ ചിത്രമായ 'നക്ഷത്രക്കൂടാര" ത്തിന് തിരക്കഥയൊരുക്കിക്കൊണ്ട്, പപ്പേട്ടൻ കടന്നുപോയ ആ വർഷത്തെ ഒക്ടോബറിൽ ഞാൻ സിനിമയിലെത്തി. ചിത്രീകരണവേളയിൽ കോട്ടയത്ത് ഗ്രീൻലാന്റ് ഹോട്ടലിൽ ഞാനും ജോഷിയും താമസിച്ചിരുന്ന മുറിയിൽ പപ്പേട്ടന്റെ ഒരു വലിയ ഫോട്ടോയുണ്ടായിരുന്നു. ഓരോ ദിവസവും അവിടെ പൂവച്ച് പ്രാർത്ഥിച്ചിട്ട് ഞങ്ങൾ ലൊക്കേഷനിലേക്ക് നീങ്ങി. ജോഷി പിന്നെയും പടങ്ങൾ ചെയ്തു. അടുത്ത പടമായ 'ഓ ഫാബി" സമ്മാനിച്ച തീരാവേദനയോടെ ഞാൻ താത്കാലികമായി കളം വിട്ടു. എങ്കിലും ടെലിവിഷൻ മാദ്ധ്യമരംഗം എനിക്കായി സാദ്ധ്യതകൾ ഒരുപാട് തുറന്നിട്ടു തന്നു. പുറത്ത് ചെറിയ മഴക്കോള്. ചന്നംപിന്നം മഴ ചാറിത്തുടങ്ങുന്നു. അതോ മകരമഞ്ഞിന്റെ നേർത്ത ധൂളികൾ വീണു പരക്കുന്നതോ?
(സതീഷ് ബാബു പയ്യന്നൂരിന്റെ ഫോൺ: 98470 60343)