കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് നമ്മളിൽ പലരും ഡിജിറ്റൽ വിദ്യകളെ അടുത്തറിയാൻ തുടങ്ങിയത്. കൊവിഡ് കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ശ്രദ്ധ നേടിയത് വിവാഹ സംബന്ധമായ വാർത്തകളാണ്. ആഢംബരങ്ങൾക്കും ആർഭാടങ്ങൾക്കും വിരാമമിട്ട് ലളിതമായി വിവാഹം നടത്തിയ നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്.
കൊവിഡ് വ്യാപനം ഈയടുത്തൊന്നും അവസാനിക്കില്ല എന്ന തിരിച്ചറിവിലാണ് മാറ്റിവച്ച പല വിവാഹങ്ങളും ലളിതമായി നടത്താൻ തീരുമാനിച്ചത്. ഓൺലൈനായി വിവാഹം നടത്തുികയെന്നതും സംഭവിച്ചു.
വ്യത്യസ്തമായ ഒരു വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാഹക്ഷണക്കത്തിൽ വരെ നൂതന ആശയങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലത്താണ് ഒരു പുത്തൻ ഐഡിയയുമായി മധുരയിലെ വധൂവരന്മാർ രംഗത്തെത്തിയത്. വിവാഹ സമ്മാനമായി പണം നൽകാൻ കത്തിൽ ക്യൂ.ആർ കോഡ് കൂടി പ്രിന്റ് ചെയ്ത് മാതൃക കാട്ടുകയാണിവർ.
വിവാഹം വരെ ഓൺലൈനായി നടക്കുമ്പോൾ എന്തുകൊണ്ട് സമ്മാനങ്ങളും ഡിജിറ്റൽ ആയിക്കൂട? ഇതാകുമ്പോൾ വിവാഹത്തിന് വരുന്ന അതിഥികൾ വിവാഹ സമ്മാനവും പൊതിഞ്ഞ് കയ്യിൽ പിടിച്ച് ബുദ്ധിമുട്ടേണ്ട കാര്യവുമില്ല, പകരം സമ്മാനം പണമായി നൽകിയാൽ മതി. അതും നേരിട്ട് നൽകേണ്ടതില്ല, ഡിജിറ്റൽ പേയ്മെന്റ് വഴി എളുപ്പത്തിൽ ചെയ്യാനും കഴിയും. മാത്രവുമല്ല വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും സമ്മാനം നൽകാം. മാത്രവുമല്ല ഇതുവഴി സാമൂഹിക അകലവും ഉറപ്പു വരുത്താൻ സാധിക്കും!
ഗൂഗിൾ പേ, ഫോൺ പേ എന്നിവയുടെ ക്യൂ ആർ കോഡാണ് വിവാഹക്ഷണക്കത്തിൽ പ്രിന്റ് ചെയ്തിരിക്കുന്നത്. വിവാഹത്തിന് ക്ഷണിച്ചവരിൽ മുപ്പതോളം പേർ പുതിയ സൗകര്യം ഉപയോഗപ്പെടുത്തിയെന്നാണ് വധുവിന്റെ അമ്മ പറയുന്നത്. ഞായറാഴ്ച്ചയായിരുന്നു ശരവണന്റെയും ശിവശങ്കരിയുടെയും വിവാഹം.
വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്നവർ സമ്മാനമായി പണം നൽകുന്നത് തമിഴ്‌നാട്ടിൽ പതിവാണ്. കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ വിവാഹം നടത്തേണ്ടി വന്നതിനാലാണ് ഇങ്ങനെയൊരു നൂതന മാർഗം സ്വീകരിച്ചതെന്ന് ശിവശങ്കരിയുടെ അമ്മ ജയന്തി പറഞ്ഞു. പതിവിൽ നിന്നും വ്യത്യസ്തമായി വളരെ കുറച്ച് പേരെയാണ് വിവാഹത്തിന് ക്ഷണിച്ചത്. ഇവരിൽ നിന്ന് നേരിട്ട് പണം സ്വീകരിക്കുന്നതിന് പകരം സമ്പർക്കം ഒഴിവാക്കി ആപ്പ് മുഖേന സമ്മാനം കൈമാറാൻ മാർഗം ഒരുക്കുകയായിരുന്നു. ഏതായാലും വിവാഹത്തിന് മുമ്പ് തന്നെ ക്ഷണക്കത്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.