പാലക്കാട്: അന്തരിച്ച കോങ്ങാട് എം എൽ എ കെ വി വിജയദാസിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചന്ദ്ര നഗർ വൈദ്യുത ശ്‌മശാനത്തിൽ സംസ്‌കരിച്ചു. രാവിലെ ഏഴ് മണിയോടെ മൃതദേഹം പാലക്കാട് എലപ്പുളളിയിലെ വീട്ടിൽ എത്തിച്ചു. തുടർന്ന് എലപ്പുളളി സർക്കാർ സ്‌കൂളിൽ പൊതുദർശനം നടന്നു. പത്ത് മണിയോടെ മൃതദേഹം സി പി ഐ എം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുളളവർ അവിടെയെത്തിയാണ് അന്ത്യമോചാരം അർപ്പിച്ചത്.
രണ്ട് തവണ കോങ്ങാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ച വിജയദാസ്, മികച്ച സഹകാരിയും കർഷകനുമായാണ് ജനമനസിൽ ജീവിച്ചത്. അദ്ദേഹം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ലോകത്തിന് മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് ഏറ്റെടുത്ത് നടപ്പാക്കിയത്. ഏഷ്യയിൽത്തന്നെ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന ജലവൈദ്യുതപദ്ധതിയും മീൻവല്ലത്തേതായിരുന്നു. ഡി വൈ ഫ് ഐ രൂപീകരിക്കും മുമ്പ്, കെ എസ് വൈ എഫിലൂടെ, പൊതുപ്രവർത്തനരംഗത്ത് വന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസവുംഅനുഭിച്ചിട്ടുണ്ട്.
പാലക്കാടിന്റ കായിക കുതിപ്പിന് സംഭാവന നൽകിയ പറളി സ്‌കൂളിൽ സ്‌പോർട്‌സ് കോംപ്ലക്‌സ്, അട്ടപ്പാടിയിലെ ബ്രഹ്മഗിരി ചിക്കൻ ഫാം എന്നിവ അദ്ദേഹത്തിന്റ വേറിട്ട പദ്ധതികളിൽ ചിലത് മാത്രമാണ്. നിലവിൽ സി പി എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്നു വിജയദാസ്.