തിരുവനന്തപുരം: തിരുവല്ലത്ത് വൃദ്ധയെ വീട്ടുജോലിക്കാരിയുടെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. എഴുപത്തിയെട്ടു വയസുകാരിയായ ജാൻ ബീവിയാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയാകട്ടെ സ്വന്തം മകനെപ്പോലെ സ്‌നേഹിച്ച അലക്‌സ് എന്ന ബിരുദ വിദ്യാർത്ഥിയും.
ആഡംബര ജീവിതത്തിനായാണ് പ്രതി കൃത്യം നടത്തിയത്. മോഷണശ്രമത്തിനിടെ ആളെ തിരിച്ചറിഞ്ഞതാണ് അരും കൊലയ്ക്ക് കാരണം. ജനുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഇയാൾ ജാൻ ബീവിയുടെ വീട്ടിലെത്തിയത്. മാലപൊട്ടിച്ച് രക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നാൽ ഹെൽമറ്റ് ധരിച്ചെങ്കിലും എന്നും കൺമുന്നിലൂടെ ഓടി നടക്കുന്ന അലക്‌സിനെ ജാൻ ബീവി തിരിച്ചറിഞ്ഞതോടെയാണ് കൊല നടത്തിയത്.
അലക്‌സാണ് കൊലയാളിയെന്ന് ജാൻ ബീവിയുടെ ബന്ധുക്കൾക്ക് പോലും ഉൾക്കൊള്ളാൻ ഇതുവരെ സാധിച്ചിട്ടില്ല. അത്രയ്ക്ക് സ്വാതന്ത്യമായിരുന്നു പ്രതിയ്ക്ക് ആ വീട്ടിലുണ്ടായിരുന്നത്. 'എന്തിനാണ് മോനേ നീ അമ്മയേ കൊന്നത്? ചോദിച്ചിരുന്നെങ്കിൽ ആ സ്വർണം നിനക്ക് തരുമായിരുന്നില്ലേ' എന്നാണ് അവർ പ്രതിയോട് ചോദിച്ചത്.
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുത്തശ്ശിയ്‌ക്കൊപ്പമാണ് അലക്‌സ് ഈ വീട്ടിലേക്ക് എത്തിയത്. ചെറുമക്കൾ വിളിക്കുമ്പോലെ 'നാനി' എന്നാണ് പ്രതിയും ജാൻ ബീവിയെ വിളിച്ചിരുന്നത്. വീട്ടുസാധനങ്ങൾ വാങ്ങിക്കാൻ ജാൻ ബീവി മിക്കപ്പോഴും അലക്‌സിനെയായിരുന്നു പറഞ്ഞയച്ചിരുന്നത്. ബാക്കിവരുന്ന തുക മോനേ നീ വച്ചോ എന്ന് പറഞ്ഞിരുന്നു. എന്നിട്ടും പലതവണ ഇയാൾ പണം മോഷ്ടിക്കുകയും ചെയ്തിരുന്നു.
എല്ലാ ദിനവും വൈകിട്ട് സഹായിയും അലക്‌സിന്റെ അമ്മൂമ്മയുമായ രാധ കിടപ്പുമുറിയുടെ ജനലിൽ വന്ന് തട്ടുമ്പോൾ ജാൻ ബീവി കതക് തുറന്നുകൊടുക്കാറാണ് പതിവ്. എന്നാൽ സംഭവ ദിവസം അനക്കം കേൾക്കാതാതോടെ ജനൽ പാളിതുറന്ന നോക്കിയപ്പോൾ തറയിൽ കമിഴ്ന്നുകിടക്കുന്ന ജാൻ ബിവിയെയാണു രാധ കാണുന്നത്. വാതിൽ തുറന്നുകിടക്കുകയായിരുന്നു. സഹായത്തിനു രാധ വിളിച്ചത് അലക്‌സിനെയും. അപ്പോഴൊന്നും കൊലയാളി ഇയാളായിരിക്കുമെന്ന് ആരും കരുതിയില്ല.
പലരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച കൂട്ടത്തിൽ അലക്‌സിനെയും പൊലീസ് വിളിപ്പിച്ചതോടെയാണ് വിവരങ്ങളെല്ലാം പുറത്തുവന്നത്. ജാൻ ബീവിയെ നന്നായി ആറിയുന്ന ആരോ ആണ് കൃത്യം നടത്തിയതെന്ന് അന്വേഷണ സംഘത്തിന് ആദ്യമേ സംശയമുണ്ടായിരുന്നു.