ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രം പുരുഷമേധാവിത്തത്തിനെതിരായ തുറന്നു പറച്ചിലാണ്
----------------------------------------------------------------------------------------------------------------------------------------------
മഹത്തായ അടുക്കളയുടെ ഉള്ളിലേക്കുള്ള പാളിനോട്ടമാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. മലയാള സിനിമ ഇന്നുവരെ കണ്ട അടുക്കള കാഴ്ചകളല്ല ജിയോ ബേബി കാണിച്ചുതന്ന മഹത്തായ അടുക്കള. റിലീസ് ചെയ്ത ദിവസങ്ങൾക്കുള്ളിൽ ഈ അടുക്കളയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. വീട്ടിൽ ആണുങ്ങൾ കഴിച്ച ഊണ് മേശയിലെ എച്ചിൽ, എച്ചിൽ പാത്രങ്ങൾ നിറഞ്ഞു കിടക്കുന്ന അടുക്കള , എച്ചിൽ വെള്ളം നിറഞ്ഞു നിൽക്കുന്ന വാഷ് ബേസിൻ . ലീക്ക് വന്ന പൈപ്പിൽ നിന്നു ഇറ്റിറ്റുവീഴുന്ന വേയ്സ്റ്റ് വെള്ളം, വേയ്സ്റ്റ് വെള്ളം പിടിച്ചു വച്ചിരിക്കുന്ന ബക്കറ്റ് , അടിയിൽ ഇട്ട വെള്ളത്തിന്റെ ഈർപ്പമുള്ള ചാക്ക്, വേയ് സ്റ്റ് കുഴി അങ്ങനെ തുടങ്ങി ആകെ അസ്വസ്ഥപ്പെടുത്തുന്ന ഫ്രെയിമുകളാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ നിറഞ്ഞു നിൽക്കുന്നത്. സിനിമ കാണുമ്പോൾ സംവിധായകൻ ജിയോ ബേബി റോസ്റ്ററാണോയെന്ന് ചിന്തിച്ചാൽ തെറ്റില്ല. കുറേകാലമായി തുടർന്ന് വരുന്ന പാട്രിയാർക്കി(നിലനിൽക്കുന്ന സമൂഹ വ്യവസ്ഥ ) സമൂഹത്തിനെ പൊരിച്ചെടുത്തിരിക്കുകയാണ് സംവിധായകൻ. 'Thanks science' ' എന്ന് പറഞ്ഞാണ് സംവിധായകൻ സിനിമ തുടങ്ങുന്നത്.
ഒരു ചായ കുടിച്ച് പരിചയപ്പെടുന്ന പേരില്ലാത്ത സൂരാജിന്റെയും നിമിഷയുടെ വിവാഹ ജീവിതം തുടങ്ങുമ്പോൾ ''നിനക്ക് ഇരുട്ട് പേടിയില്ലാലോ'' എന്ന ആൺകോയ്മയുടെ ചോദ്യം മുതൽ നിമിഷയുടെ ജീവിതം മറ്റാരുടെയോ നിയന്ത്രണത്തിൽ ചലിക്കുന്ന യാന്ത്രികതയിലേക്ക് വഴിമാറുന്നു. കേൾക്കുമ്പോൾ നിസാരമായി തോന്നുന്ന ചില ശീലങ്ങൾ എത്ര അപകടമാമെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്ന സീനുകൾ. സമയം ചിലവഴിക്കാൻ ഫോണിൽ സമയം കണ്ടെത്തി ഊണ് മേശയിൽ കഴിക്കാൻ വരുന്ന, പുറത്തു പോവുമ്പോൾ ചെരുപ്പിനായി കാത്തു നിൽക്കുന്ന സുരാജിന്റെ അച്ഛൻ. മോളെ പല്ലു തേച്ചില്ലലോ , ബ്രഷ് കിട്ടിയില്ലലോയെന്നൊക്കെ പറയുമ്പോൾ അതിലെന്താ തെറ്റെന്ന് ആദ്യം ഒരുപക്ഷേ തോന്നാം. മോളെ ചോറ് മാത്രം അടുപ്പിൽ ഉണ്ടാക്കാണേ, കല്ലിൽ അരച്ച ചമ്മന്തി വേണം ,എന്റെ തുണി വാഷിംഗ് മെഷിനിൽ ഇടരുത് ,തുണി പൊടിഞ്ഞുപോകും .... ഇങ്ങനെ തുടങ്ങി വയോധികനായ ആ അച്ഛനിൽ നിന്ന് വെറും സാധാരണമെന്ന് തോന്നുന്ന പല കാര്യങ്ങളുടെയും അപകടം പ്രേക്ഷകർക്കും പേരിടാത്ത നിമിഷയുടെ കഥാപാത്രത്തിനു മാത്രമേ മനസിലാക്കാൻ സാധിക്കുകയുള്ളു.
''നിനക്ക് വേയ്സ്റ്റാണല്ലേ പ്രശ്നം ..'' എന്ന് ചോദിക്കുന്ന സുരാജിന്റെ മുഖം ഷമ്മിയെക്കാൾ (കുമ്പളങ്ങി നൈറ്റ്സ് ) പേടി തോന്നും.തന്റെ ലൈംഗിക മായ താത്പര്യം ബെഡ് റൂമിൽ തുറന്നു പറയുന്ന നിമിഷയുടെ കഥാപാത്രം നേരിടുന്ന വാക്കുകൾ കൊണ്ടുള്ള വയലൻസ് ജിയോ ബേബി തുറന്നു കാണിക്കുമ്പോൾ പ്രേക്ഷകരിൽ ഞെട്ടൽ ഉളവാക്കുന്നുണ്ട്.
സിനിമ പറയുന്ന രാഷ്ട്രീയം തന്നെയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ കൂടുതൽ മഹത്തരമാക്കുന്നത്. ഒന്നേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ ഭൂരിഭാഗവും അടുക്കളയിലാണെന്ന വിരസത ഒരു പെണ്ണിന്റെ ജീവിതത്തിലെ ആവർത്തന വിരസതയുള്ള അടുക്കള സമയം ഓർക്കുമ്പോൾ മറന്നു പോകും. ഇന്നത്തെ കാലത്ത് കണ്ടു മറക്കേണ്ട ചിത്രമല്ല ഇതെന്ന് ജിയോ ബേബി ഓർമ്മിപ്പിക്കുകയാണ്. ഒരു ചങ്ങല പൊട്ടിച്ചെറിഞ്ഞു ഒരുവൾ തന്റെ സ്വന്തം ജീവിതത്തിലേക്ക് നടന്നു കയറുമ്പോൾ അതേ ചങ്ങലയിൽ ഇതൊന്നുമറിയാതെ കുരുങ്ങി പോകുന്ന മറ്റൊരു പെൺ ജീവിതത്തിൽ കഥ അവസാനിക്കുമ്പോൾ ഇത് സമൂഹത്തിന് നേരെയുള്ള നോട്ടമായി തോന്നാം.
അന്ധകാരത്തിൽ നിന്ന് അവൾ വെളിച്ചത്തിലേക്ക് നടന്നു നീങ്ങുമ്പോൾ ആരോ എഴുതി കൊടുത്ത പ്ളക്കാർഡുകൾ പിടിച്ചു തലച്ചോർ പണയം വച്ച മറ്റു സ്ത്രീകളെയും നമുക്ക് സിനിമയിൽ ജിയോ ബേബി കാണിച്ചു തരുന്നു.അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും മുറുകെ പിടിക്കുന്നവർക്കുള്ള മുഖത്തടി തന്നെയാണ് ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.