ന്യൂഡൽഹി: കെ വി തോമസിന് പാർട്ടി പദവികൾ ഒന്നും നൽകേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിയതായി സൂചന. കെ പി സി സിയുമായി വിലപേശലിനുളള നീക്കം അദ്ദേഹം നടത്തിയാൽ അതിന് വഴങ്ങേണ്ടതില്ലെന്ന കർശന നിർദ്ദേശവും ഹൈക്കമാൻഡ് നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനുളള നിർദേശം ഹൈക്കമാൻഡ് മരവിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
കെ വി തോമസിന്റെ സമീപകാല പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്‌തി രേഖപ്പടുത്തിയ കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹം ഇടതുപക്ഷത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ വി തോമസിന് ഹൈക്കമാൻഡ് സീറ്റ് നൽകിയിരുന്നില്ല. അതിൽ അദ്ദേഹം കടുത്ത അമർഷവും നിരാശയും പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വിവിധ ഘട്ടങ്ങളിൽ അദ്ദേഹം പാർട്ടിയുമായി ഏറ്റുമുട്ടി.
ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം അരൂർ മണ്ഡലത്തിന്റെ ചുമതല വഹിച്ചിരുന്നെങ്കിലും പാർട്ടിയുമായുളള അകൽച്ച തുടർന്നിരുന്നു. സി പി എം മുഖപത്രത്തിൽ അദ്ദേഹം എഴുതിയ ലേഖനം അടക്കം അതീവ ഗൗരവത്തോടെയാണ് പാർട്ടി നോക്കികാണുന്നത്. സംസ്ഥാന കോൺഗ്രസിൽ നിന്ന് അകൽച്ച നേരിട്ടപ്പോഴൊക്കെ സോണിയ ഗാന്ധിയായിരുന്നു കെ വി തോമസിന്റെ രക്ഷകൻ. എ ഐ സി സി ജനറൽ സെക്രട്ടറി, വർക്കിംഗ് പ്രസിഡന്റ്, യു ഡി എഫ് കൺവീനർ അടക്കം പല പദവികളും കെ വി തോമസ് ആഗ്രഹിച്ചിരുന്നെങ്കിലും സോണിയയുടെ ഭാഗത്ത് നിന്ന് ഒന്നിനോടും അനുകൂല പ്രതികരമുണ്ടായില്ല.