തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കസ്റ്റംസും കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി അടുത്ത മാസം ആദ്യം തന്നെ പ്രതികൾക്ക് ഷോകോസ് നോട്ടീസ് നൽകും. കുറ്റപത്രം നൽകുന്നതിന് മുമ്പ് പ്രതികൾക്ക് ഷോകോസ് നൽകണമെന്നാണ് കസ്റ്റംസിന്റെ ചട്ടങ്ങളിലുണ്ട്. ഷോകോസ് നോട്ടീസിന് മറുപടി ലഭിച്ച ശേഷം മാർച്ചിൽ കുറ്റപത്രം സമർപ്പിക്കാനാണ് കസ്റ്റംസ് ആലോചിക്കുന്നത്.
അതേസമയം കേസിലെ എല്ലാ പ്രതികളേയും പ്രോസിക്യൂട്ട് ചെയ്യില്ല. ഗുരുതര കുറ്റങ്ങൾ ആരോപിക്കപ്പെടാത്ത പ്രതികൾക്ക് നികുതിയും പിഴയും നൽകി വിചാരണയിൽ നിന്ന് ഒഴിവാകാനുള്ള വ്യവസ്ഥ കസ്‌റ്റംസിലുണ്ട്.കേസിൽ ഇതുവരെ 26 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്. വിദേശത്തുള്ള പ്രതികൾ ഒഴികെയുള്ളവരെല്ലാം അറസ്റ്റിലായിട്ടുണ്ട്. ചട്ട പ്രകാരം കസ്റ്റംസ് കമ്മിഷണർ പ്രതികൾക്ക് ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകും. ഓരോ പ്രതിയുടെയും കുറ്റങ്ങൾ വിശദമായി വ്യക്തമാക്കുന്ന നോട്ടീസായിരിക്കും നൽകുക. തുടർന്ന് പ്രതികൾക്ക് മറുപടി നൽകാം.
കമ്മിഷണർക്ക് മുന്നിൽ നേരിട്ടെത്തിയോ അല്ലെങ്കിൽ അഭിഭാഷകൻ വഴിയോ മറുപടി നൽകാം. തുടർന്ന് ഏതെല്ലാം പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന് കമ്മിഷണർ ഉത്തരവിറക്കും. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ചില പ്രതികൾ നികുതിയും പിഴയും മാത്രം അടച്ചാൽ മതിയെന്ന് കമ്മിഷണർക്ക് തീരുമാനിക്കാനുള്ള വിവേചനാധികാരമുണ്ട്. ഒരു മാസം കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കും. അതിനാലാണ് മാർച്ചിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കം കസ്റ്റംസ് നടത്തുന്നത്.
കേസിൽ തൃശൂർ കയ്‌പമംഗലം സ്വദേശി ഫൈസൽ ഫരീദ്, കുഞ്ഞാനി എന്നിവരടക്കം വിദേശത്തുള്ള ചില പ്രതികളെ ഇനി അറസ്റ്റ് ചെയ്യാനുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാനായാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതി കെ.ടി. റമീസാണ്. കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാൽ റമീസിന് വിചാരണക്കോടതി കഴിഞ്ഞ സെപ്തംബറിൽ ജാമ്യം അനുവദിച്ചിരുന്നു. ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഈ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.പി.എ കുറ്റങ്ങൾ ചുമത്തി എൻ.ഐ.എ രജിസ്റ്റർചെയ്ത കേസിലും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി രജിസ്റ്റർചെയ്ത കേസിലും പ്രതിയായതിനാൽ റമീസിനു ജയിൽ മോചിതനാകാനായിട്ടില്ല. കഴിഞ്ഞ ജൂലായ് 12 നാണ് റമീസിനെ കസ്റ്റംസ് അറസ്റ്റുചെയ്തത്. കേസിൽ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരും പ്രതികളാണ്. ഇവരെ ആദ്യം എൻ.ഐ.എ അറസ്റ്റു ചെയ്തു. പിന്നീടാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.