ജനം തീയേറ്ററിലേക്ക് തിരികെ കയറുന്നതിന് മുമ്പ് കൈയിലിരിക്കുന്ന മൊബൈലിലേക്ക് ഒരു പൊട്ടിത്തെറിയെന്നോണം ഒരു കൊച്ചുമലയാള സിനിമയിറങ്ങി. 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ" അഥവാ 'മഹത്തായ ഭാരതീയ അടുക്കള"! കാലാകാലങ്ങളായി അടുക്കളയെന്ന ലോകത്ത് കാണാച്ചങ്ങലയിൽ തളച്ചിടപ്പെട്ട, എന്നും എണ്ണയിട്ട യന്ത്രം കണക്കേ ഓടിക്കൊണ്ടിരിക്കുന്ന സ്ത്രീകളെ കുറിച്ച്, ദാമ്പത്യജീവിതത്തിൽ അവൾക്കുള്ള പങ്കിനെ കുറിച്ച് ഇന്നേവരെ ഒരാളും പറയാതിരുന്ന കഥ നമ്മുടെ മുന്നിലേക്ക് തുറന്നുവിട്ടു ജിയോ ബേബി എന്ന സംവിധായകൻ. ഈ സിനിമ വന്ന വഴിയെക്കുറിച്ച് സംസാരിക്കുകയാണ് ജിയോ ബേബി.
ഈ സിനിമ എന്റെ അനുഭവം
കോട്ടയം തലനാടിലാണ് എന്റെ വീട്. കുട്ടിക്കാലത്ത് വീട് അടച്ചിട്ട് അച്ഛനും അമ്മയും ജോലിയ്ക്കും ഞങ്ങൾ സ്കൂളിലും പോകും. അന്നത്തെ കാലത്ത് എന്റെ കൂട്ടുകാരുടെ അച്ഛന്മാരൊന്നും അടുക്കളയിൽ കയറിയിരുന്നില്ല. പക്ഷേ, എന്റെ അച്ഛൻ വലിയ അളവിൽ അല്ലെങ്കിൽ പോലും അടുക്കളയിലെ ജോലി ചെയ്യുമായിരുന്നു. വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോൾ ചായ ഇട്ടു തരും. അച്ഛന്റെ സ്പെഷ്യൽ ഡിഷസ് ഉണ്ടാക്കി വയ്ക്കും. അമ്മയ്ക്ക് വെളുത്തുള്ളി പൊളിച്ചു കൊടുക്കുക, ചെറിയുള്ളി തൊലി കളഞ്ഞു കൊടുക്കുക പോലുള്ള ചെറിയ സഹായങ്ങളും ചെയ്തു കൊടുക്കും. വീട്ടിൽ ഏറ്റവും നന്നായി കടുക് പൊട്ടിക്കുന്നത് അച്ഛനാണ് എന്ന തമാശ പോലും ഞങ്ങൾക്കിടയിൽ പറയാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് വീട്ടുജോലികളിൽ വലിയ സഹായങ്ങളൊന്നും ഞാനും ചെയ്തിരുന്നില്ല. പക്ഷേ, കഴിച്ച പാത്രം കഴുകി വയ്ക്കുമായിരുന്നു. വീട്ടിൽ അതിഥികൾ വന്നാൽ അവരുടെ പാത്രങ്ങൾ കഴുകേണ്ട ചുമതല എനിക്കായിരുന്നു. 15-16 വയസ് മുതലൊക്കെ അത് ചെയ്ത ഓർമ്മകളുണ്ടെനിക്ക്. വിവാഹം കഴിച്ചപ്പോൾ വീട്ടിലെ ജോലികൾ ഷെയർ ചെയ്യണമെന്ന് തീരുമാനിച്ചാണ് കല്യാണം കഴിക്കുന്നത് തന്നെ. എന്നാൽ, അത്രത്തോളം പണിയുണ്ടെന്നും ഇതിത്ര പ്രശ്നമുള്ള ഏരിയ ആണെന്നും കല്യാണം കഴിച്ചാണ് ഞാൻ മനസിലാക്കുന്നത്. എന്നെ സംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയി. അടുക്കളയിലെ ജോലി കഴിഞ്ഞ് എന്റെ ജോലി ചെയ്യാനുള്ള സമയമില്ലായ്മ, മടുപ്പ്, വേസ്റ്റ് മാനേജ്മെന്റ്, വീട് തൂക്കുന്നത്, തുടയ്ക്കുന്നത് അങ്ങനെ ഇതെല്ലാം ഒന്നിച്ചു ചെയ്ത സമയത്താണ് ഇത്തരമൊരു സിനിമയെക്കുറിച്ച് ആലോചിച്ചത്. എന്റെ സഹോദരിമാരുടെ ഭർത്താക്കന്മാരും അടുക്കളയിൽ കയറുന്നവരാണ്. പക്ഷേ, നിറയെ കൂട്ടുകാരികളും ബന്ധുക്കളായ ചില പെൺകുട്ടികളും ഇങ്ങനെ കഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്കറിയാമായിരുന്നു. ഈ കഥ പറയേണ്ട ഒന്ന് തന്നെയാണ് എന്ന് എനിക്കുറപ്പുണ്ടായിരുന്നു. 2017ലാണ് ഈ സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. മൂന്ന് വർഷമെടുത്തു സിനിമ സ്ക്രീനിലെത്താൻ. കൊവിഡ് സമയത്ത് സിനിമ തീയേറ്ററിലേക്ക് എത്താനുള്ള സാദ്ധ്യത ഒട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഒടിടി പ്ളാറ്റ്ഫോം മനസിൽ കണ്ടുകൊണ്ട് തന്നെയാണ് ചിത്രമെടുത്തത്. പക്ഷേ, ഓൺലൈൻ റിലീസും ബുദ്ധിമുട്ടായിരുന്നു. നെറ്റ്ഫ്ലിക്സും ആമസോണുമൊന്നും ഈ സിനിമ എടുത്തില്ല. പിന്നെ മുന്നിലുണ്ടായിരുന്ന ഓപ്ഷൻ നീ സ്ട്രീമായിരുന്നു. ഒരുപാട് പേർ തീയേറ്ററിൽ റിലീസ് ചെയ്യാമോയെന്ന് ചോദിക്കുന്നുണ്ട്. അതേക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ്.
തുണയായത് ഭാര്യയും കൂട്ടുകാരും
ദാമ്പത്യത്തിൽ മാത്രമല്ല, ഈ സിനിമയിലും ഭാര്യ ബീന പങ്കാളിയാണ്. ഇത്തരമൊരു സിനിമ ചെയ്താലോ എന്ന് അവളോടാണ് ഞാൻ ചോദിക്കുന്നത്. ഭാര്യ ഹിന്ദു കുടുംബത്തിൽ നിന്നാണ് വന്നത്. അവളുടെ ആചാരങ്ങളും കടന്നുപോയ ആർത്തവാനുഭവങ്ങളും അവളുടെ പരിചയത്തിലുള്ളവരുടെ അനുഭവങ്ങളുമൊക്കെ അവളാണ് എനിക്ക് പറഞ്ഞു തന്നത്. അവൾ മലപ്പുറം സ്വദേശിനിയാണ്. അവൾ തന്ന അനുഭവങ്ങളുടെയെല്ലാം കഥാപശ്ചാത്തലം വടക്കൻ കേരളത്തിലായിരുന്നു. സിനിമയ്ക്കായി സെറ്റ് അന്വേഷിച്ചപ്പോൾ കഥയ്ക്ക് യോജിക്കുന്ന വീടും കിട്ടിയത് കോഴിക്കോടാണ്. എന്റെ സുഹൃത്താണ് സംവിധായകനായ മുഹമ്മദ് മുസ്തഫ. കോഴിക്കോടാണ് സിനിമ ചെയ്യാനുദ്ദേശിക്കുന്നതെന്ന് തീരുമാനമായപ്പോൾ മുസ്തഫയോട് കാസ്റ്റിംഗിനായി സഹായിക്കാമോ എന്ന് ചോദിച്ചു. അദ്ദേഹമാണ് കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ കണ്ടെത്തി തന്നത്.
തീരുമാനങ്ങൾ, വിവാദങ്ങൾ
കഥയെഴുതുമ്പോൾ തന്നെ പ്രധാന കഥാപാത്രങ്ങൾക്ക് പേര് വേണ്ടെന്ന് തീരുമാനിച്ചിരുന്നു. എല്ലാ വീടുകളിലും ഇങ്ങനത്തെ ആളുകളെ കാണാനാവും. വ്യക്തമായ നിലപാടുള്ള ആളുകൾക്കാണ് സിനിമയിൽ പേര് നൽകിയിരിക്കുന്നത്. യാതൊരു നിലപാടും കാണിക്കാത്തവർക്ക് പേര് നൽകിയിട്ടില്ല. നിമിഷയുടെ കഥാപാത്രം പോലും സിനിമയുടെ അവസാനമാണ് ശക്തയായി മാറുന്നത്. സിനിമ കാണുന്നവർ പലരീതിയിലാണ് ഈ സിനിമയെ വായിക്കുന്നത്. സിനിമയ്ക്ക് ലാഗുണ്ടെന്ന് ഒരു കൂട്ടർ പറയുന്നുണ്ട്. അത് മനപൂർവം ഉണ്ടാക്കിയതാണ്. ഞാൻ ആഗ്രഹിച്ച രീതിയിൽ ഈ സിനിമ ഇറങ്ങണമായിരുന്നെങ്കിൽ എന്നെ മനസിലാക്കുന്ന നിർമ്മാതാക്കൾ വേണമായിരുന്നു. എന്റെ കൂട്ടുകാർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചത്. സിനിമ സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്നതിലുപരി ആ ലാഗ് അങ്ങനെ തന്നെ വേണമെന്ന് ഞങ്ങളുറപ്പിച്ചിരുന്നു. അതുപോലെ ചിത്രീകരണത്തിന് മുമ്പ് തന്നെ പശ്ചാത്തല സംഗീതം ഒഴിവാക്കിയാലോ എന്നും ആലോചിച്ചിരുന്നു. ചിത്രീകരണ സമയത്ത് അതുറപ്പിച്ചു. സ്പോട്ട് ഡബിംഗ് അല്ല. ടീം ഒത്തൊരുമിച്ച് നിന്നാണ് ഈ സിനിമ യാഥാർത്ഥ്യമാക്കിയത്. ഒരുവേള സിനിമ സ്ത്രീയുടെ ബുദ്ധിമുട്ടുകളിൽ നിന്ന് മാറി രാഷ്ട്രീയം ചർച്ച ചെയ്യുന്നുവെന്ന് ഒരുകൂട്ടർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ രാഷ്ട്രീയം പലരെയും ബുദ്ധിമുട്ടിക്കുമെന്നും സിനിമയിൽ കാണിച്ചിരിക്കുന്ന ആചാരങ്ങളൊക്കെ ചർച്ച ചെയ്യപ്പെടുമെന്നും തോന്നിയിരുന്നു. പക്ഷേ, അതേക്കുറിച്ചും പറയേണ്ടതുണ്ടായിരുന്നു. മതാധിഷ്ഠിതമായ രാഷ്ട്രീയമാണ് ഇവിടെ നടക്കുന്നത്. കമ്മ്യൂണിസം എന്താണെന്ന് അറിയുന്നവർ മതത്തിന് പ്രാധാന്യം നൽകില്ല എന്നാണ്. പക്ഷേ, സിനിമയിൽ ദേശാഭിമാനി വായിക്കുന്ന അമ്മ ബീഫ് വീട്ടിൽ കയറ്റില്ല. ഇവിടെ മതത്തിനും കമ്മ്യൂണിസത്തിനും സ്ഥാനമുണ്ടെന്നാണ് കാണിക്കുന്നത്. അതൊരു നൂൽപ്പാലത്തിലൂടെയുള്ള പോക്കാണ്. ഇടതുപക്ഷത്തിൽ, കമ്മ്യൂണിസത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, എന്റെ രാഷ്ട്രീയമല്ല ഞാൻ സിനിമയിൽ കാണിച്ചിരിക്കുന്നത്.
സിനിമ നൽകുന്ന ഉത്തരവാദിത്തം
ഈ സിനിമ ആളുകൾ ഇത്രയും സ്വീകരിച്ചതിനാൽ ലഭിക്കുന്ന ഒരു ഉത്തരവാദിത്തമുണ്ട്. അടുത്ത സിനിമ ചെയ്യുമ്പോൾ ഇതിനേക്കാൾ മികച്ചത് ഇറക്കണമെന്ന ഉത്തരവാദിത്തം. ഒരു സിനിമ ചെയ്യുമ്പോൾ സിനിമ മുന്നോട്ട് വയ്ക്കുന്ന എന്തിലും ശ്രദ്ധിക്കണം. സിനിമയുടെ രാഷ്ട്രീയം, സിനിമയുടെ ക്വാളിറ്റി ഇതിലൊക്കെ ശ്രദ്ധ വേണം. ആളുകൾ എന്നിൽ നിന്ന് അത് പ്രതീക്ഷിക്കും. ആ ഉത്തരവാദിത്തം ഞാൻ കാണിക്കേണ്ടതുണ്ട്. തലനാടിലാണ് കുടുംബവുമൊത്ത് താമസം. ഭാര്യ ബീന. മക്കളിൽ മൂത്തയാൾ അഞ്ചുവയസുകാരൻ മ്യൂസിക് ജിയോ, രണ്ടാമത്തെയാൾ രണ്ടുവയസുകാരി കഥ ബീന.