mosquito-

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കൊതുകുകളുടെ നശീകരണം ലക്ഷ്യമിട്ട് നഗരസഭ 'സ്മാർട്ട് മൊസ്കിറ്റോ ഡെൻസിറ്റി സിസ്റ്റം" നടപ്പാക്കാൻ ഒരുങ്ങുന്നു. സ്‌മാർട്ട് സിറ്റി പദ്ധതിയുടെ കീഴിൽ നടപ്പാക്കുന്ന സംവിധാനം ഈ മാസം അവസാനത്തോടെ തയ്യാറാവുമെന്ന് നഗരസഭാ വൃത്തങ്ങൾ പറഞ്ഞു. കൊതുകുജന്യ രോഗങ്ങൾ കൂടുതലായുള്ള നഗരത്തിലെ 25 സ്ഥലങ്ങളിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ആരോഗ്യ വകുപ്പുമായി ആലോചിച്ച ശേഷമാണ് നഗരത്തിൽ ഇത്തരത്തിലുള്ള സ്ഥലങ്ങൾ കണ്ടെത്തിയത്. കൊതുക് പരത്തുന്ന ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ ജനങ്ങളുടെ ആരോഗ്യത്തിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. ഇവിടങ്ങളിൽ പുകയ്ക്കൽ നടത്തി കൊതുകുകൾ പെറ്റുപെരുകുന്നത് തടയുന്നതിനാണ് ലക്ഷ്യമിടുന്നത്.

പ്രവർത്തനം ഇങ്ങനെ

കൊതുകുകൾ പെറ്റ് പെരുകുന്ന സ്ഥലങ്ങളായ ജലാശയങ്ങൾ, ആശുപത്രികൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സ്മാർട്ട് സെൻസറുകൾ സ്ഥാപിക്കുകയാണ് ഈ സംവിധാനത്തിലൂടെ ചെയ്യുന്നത്. ഇതുകൂടാതെ സമീപകാലത്ത് ഡെങ്കിപ്പനി, മലേറിയ എന്നിവ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലും സെൻസർ യൂണിറ്റുകൾ സ്ഥാപിക്കും. നഗരസഭയിൽ സ്ഥാപിച്ചിട്ടുള്ള കമാൻഡ് കൺട്രോൾ യൂണിറ്റുമായി ജി.പി.എസ് സംവിധാനം വഴി ഈ സെൻസറുകളെ ബന്ധിപ്പിക്കും. കൊതുകുകൾ കൂടുതലായി പെരുകുന്ന പ്രദേശങ്ങളുടെ വിവരം സെൻസറുകളുടെ സഹായത്താൽ തിരച്ചറിയാനാകും. തുടർന്ന് അവിടെ ഫോഗിംഗ് അടക്കമുള്ള കൊതുകു നശീകരണ മാർഗങ്ങൾ സ്വീകരിക്കാൻ നഗരസഭയ്ക്ക് കഴിയും. പുത്തരിക്കണ്ടം,​ ശ്രീചിത്തിര തിരുനാൾ പാർക്ക് എന്നിവിടങ്ങളിൽ കൊതുക് ശല്യം രൂക്ഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹൈദരാബാദിൽ പരീക്ഷിച്ച് വിജയിച്ചതിനെ തുടർന്നാണ് ഈ രീതി തലസ്ഥാനത്തും അവലംബിക്കാൻ നഗരസഭ തീരുമാനിച്ചത്. 50 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിടുക. ഓരോ യൂണിറ്റിനും രണ്ട് ലക്ഷം രൂപ വീതമാണ് ചെലവിടുക. സ്വയം പ്രവർത്തിക്കുന്ന ഈ സംവിധാനം ആർട്ട് ഒഫ് ഇന്റർനെറ്റ് ഒഫ് തിംഗ്സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. സ്‌മാർട്ട് ഫോണുകളിലും വെബ് ആപ്ളിക്കേഷനുകളിലും ഈ സൗകര്യം ലഭ്യമാണ്.