പ്രശസ്ത ബാന്റായ തൈക്കുടം ബ്രിഡ്ജിലെ ഗിറ്റാറിസ്റ്റും മുൻ മന്ത്രിയും സി .പി .എം പി.ബി അംഗവുമായ എം എ ബേബിയുടെയും ബെറ്റി ബേബിയുടെയും മകൻ അശോക് നെൽസൺ (അപ്പു ) സംഗീത സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നു. തന്റെ സംഗീത സപര്യയെ ക്കുറിച്ച് അശോക് സംസാരിക്കുന്നു.
സംഗീത സംവിധാനം ഇതാദ്യമാണോ ?
അതേ , സിനിമയ്ക്ക് വേണ്ടി ആദ്യമായാണ് സംഗീത സംവിധാനം ചെയ്യുന്നത്. സുഡോക്കു N എന്നാണ് ചിത്രത്തിന്റെ പേര്. അഡ്വ. അജയനാണ് ചിത്രം സംവിധാനം ചെയുന്നത്.ചിത്രത്തിൽ അഭിനയിക്കുന്ന തോമസ് അങ്കിൾ വഴിയാണ് ഈ ഓഫർ വന്നത്. 2015 ൽ കവി റോയ് പുള്ളിക്കണക്കൻ എഴുതിയ ഒരു കവിതയുണ്ട്.ആ കവിതയ്ക്കാണ് സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. 2009 മുതൽ പരസ്യ മേഖലയിൽ സജിവമാണ്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് വേണ്ടി ഗാനം ചിട്ടപ്പെടുത്താൻ അധികം സമയം വേണ്ടിവന്നില്ല.
ജയചന്ദ്രൻ സാറിന്റെ കൂടെ രണ്ടു വർഷത്തോളം സഹ സംഗീത സംവിധായകനായി വർക്ക് ചെയ്തിരുന്നു. അതിനാൽ സിനിമയ്ക്ക് വേണ്ടി പാട്ടു ചിട്ടപ്പെടുത്തുക എന്നത് പ്രയാസമായി തോന്നിയില്ല.ചെന്നൈയിൽ സ്റ്റീഫൻ ദേവസ്സിയുടെ സ്റ്റുഡിയോയിലായിരുന്നു ജോലി ചെയ്തിരുന്നത്.
തൈക്കുടം ബാൻഡിലെ ഗിറ്റാറിസ്റ്റ് അല്ലേ ? അതിലേക്ക് എങ്ങനെ വന്നു?
വിപിൻ ലാൽ , ക്രിസ്റ്റിൻ ജോസ് . ഗോവിന്ദ് ,രാജൻ, ഹേമന്ത് ഞങ്ങൾ എല്ലാവരും ഒരുമിച്ച് ചെന്നൈയിൽ ഓഡിയോ എഞ്ചിനീയറിംഗിന്റെ ഡിപ്ലോമ കോഴ്സ് പല ബാച്ചുകളായി പഠിച്ചവരാണ്. അപ്പോൾ മുതലുള്ള സൗഹൃദമാണ്. പഠന ശേഷം ചെന്നൈയിൽ ഞങ്ങൾ ജോലിചെയ്തു. തൈക്കുടം ബ്രിഡ്ജ് എന്ന പേരിൽ ഒറ്റപ്രാവശ്യം പെർഫോം ചെയ്യാൻ വേണ്ടിയായിരുന്നു ആദ്യ പെർഫോമൻസ്. നല്ല പ്രതികരണങ്ങൾ വന്നപ്പോൾ തൈക്കുടം ബ്രിഡ്ജ് എന്ന പേരിൽ ഒരു ബ്രാൻഡ് ഉയർന്നു വരുകയായിരുന്നു സംഗീത ലോകത്ത് എനിക്ക് കിട്ടിയ ആദ്യത്തെ എക്സ്പോഷർ അതായിരുന്നു.
കവി റോയ് പുള്ളിക്കണക്കന്റെ വരികൾ , ജാസിഗിഫ്റ്റിന്റെ ശബ്ദം
കവി റോയ് പുള്ളിക്കണക്കൻ സ്ട്രോക്ക് വന്ന് പാരലൈസ്ഡ് ആണ് .സുഡോക്കു N ൽ മൊത്തം രണ്ടു ഗാനങ്ങളാണ്. അതിൽ ഒരു ഗാനമാണ് ഞാൻ ചിട്ടപ്പെടുത്തിയിക്കുന്നത്. നാടൻ പാട്ടിന്റെ ഈണമാണ്.ഗ്രാമ ഭംഗി കാണിക്കുന്ന ഒരു ഗാനമാണ്. കഥയുടെ ഇമോഷൻ ഈ ഗാനത്തിലൂടെയാണ് പ്രകടപ്പിക്കുന്നത്. ''നെഞ്ചോരം ...""എന്ന് തുടങ്ങുന്ന ഗാനമാണ് ഞാൻ ചെയ്തത്.ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത്. അദ്ദേഹം ഇതുവരെ പാടാത്ത രീതിയിലാണ് ആലാപനം.
അച്ഛൻ എന്തു പറഞ്ഞു ?
അച്ഛൻ ചെറുപ്പം മുതലേ എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ്. അച്ഛന്റെ നിർബന്ധത്തിലാണ് ഞാൻ സംഗീതം തിരഞ്ഞെടുത്തത് തന്നെ.നാലു വയസുള്ളപ്പോൾ എന്നെ മൃദംഗം പഠിപ്പിക്കാൻ തീരുമാനം എടുത്തത് അച്ഛനായിരുന്നു. ആറു വയസായപ്പോൾ വായ് പാട്ട് പഠിപ്പിക്കാനും അച്ഛൻ തന്നെയാണ് മുൻകൈ എടുത്തത്. ഞാൻ എൽ. എൽ .ബിയാണ് പഠിച്ചത് .ബാൻഡും ലൈവ് പെർഫോമൻസുമാണ് കൂടുതൽ സന്തോഷം തരുന്ന കാര്യം.
മലയാളത്തിൽ ഇഷ്ടപ്പെട്ട സംഗീത സംവിധായകർ ?
അങ്ങനെ ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാവും. ഗുരുതുല്യരായി കരുതുന്ന ഒരുപാട് സംഗീത സംവിധായകരുണ്ട്.ജയചന്ദ്രൻ സാർ എനിക്കു ഗുരുതുല്യനാണ്.
അതിനു പുറമെ ആരാധനയുമുണ്ട് സാറിനോട്. വിദ്യാസാഗർസാർ ജോൺസൺ മാസ്റ്റർ ബാബുരാജ് മാസ്റ്റർ തുടങ്ങി ഇപ്പോഴത്തെ ജസ്റ്റിൻ വർഗീസ്, സുശീൽ ശ്യാം , ഗോവിന്ദ് തുടങ്ങിയ സംഗീത സംവിധായകരെയെല്ലാം ഇഷ്ടവുമാണ് ബഹുമാനവുമാണ്.