liver

പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നീ വില്ലൻ ത്രിമൂർത്തികൾ കേരളത്തിലെ ഒരു സ്‌റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞു. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറി വന്ന മറ്റൊരു വില്ലനാണ് ഫാറ്റിലിവർ. സ്ത്രീകളിലും പുരുഷന്മാരിലും ഫാറ്റിലിവർ ഉണ്ടാകാം. ചെറുപ്പക്കാരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളിൽ കൊഴുപ്പ് കെട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റിലിവർ. സാധാരണ ഗതിയിൽ ഫാറ്റിലിവർ അപകടകാരിയല്ല. എന്നാൽ ഒരാൾക്ക് ഫാറ്റിലിവർ എന്നവസ്ഥ ഉണ്ടായിരിക്കെ ലിവർ പ്രവർത്തന ടെസ്‌‌റ്റിൽ അപാകതകൾ ഉണ്ടായാൽ ഭാവിയിൽ ഗുരുതര രോഗങ്ങൾക്ക് അത് കാരണമാകാം.

ദഹിച്ച എല്ലാ ആഹാര പദാർത്ഥങ്ങളും ഗ്ലൂക്കോസ് അടങ്ങിയ ഘടകങ്ങളായി വിഘടിപ്പിക്കപ്പെട്ടാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത്. ഈ ഘടകങ്ങളെല്ലാം തന്നെ കരളിലെത്തുന്നു. ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് സംഭരിച്ച ശേഷം കരൾ ബാക്കിയുള്ളവയെ കൊഴുപ്പാക്കി മാറ്റി കോശങ്ങളിൽ സംഭരിക്കുന്നു.

കരളിന്റെ സംഭരണശേഷിക്ക് താങ്ങാനാവുന്നതിനപ്പുറം ഗ്ലൂക്കോസ് കരളിലെത്തിയാൽ കൊഴുപ്പ് വിതരണം ചെയ്യാനാവാതെ കരളിൽ തന്നെ അടിഞ്ഞുകൂടി ഫാറ്റിലിവറിനു ഇടയാകുന്നു.

ഫാറ്റിലിവറിന്റെ പ്രധാന കാരണം മദ്യപാനമാണ്. സ്ഥിരമായി മദ്യപിക്കുന്ന 90% പേരിലും ഈ രോഗാവസ്ഥ കാണപ്പെടുന്നുണ്ട്. ജീവിത ശൈലിയിലെ ക്രമക്കേടുകൾ കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റിലിവർ ഉണ്ടാകാറുണ്ട്. ഇത് നോൺ ആൾക്കഹോളിക് ഫാറ്റിലിവർ (എൻ.എ.എഫ്.എ.ഡി) എന്നാണ് അറിയപ്പെടുന്നത്. അനിയന്ത്രിതമായ പ്രമേഹം , അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റിലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. കരളിനുണ്ടായേക്കാവുന്ന നിരവധി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റിലിവർ കാണപ്പെടാറുണ്ട്.

ഫാറ്റിലിവർ ഉള്ളവരിൽ സാധാരണയായി പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ കാണണമെന്നില്ല. എന്നാ ചിലർക്ക് അടിവയറ്റി വേദന, തലചുറ്റൽ , ക്ഷീണം, അസ്വസ്ഥത, ഭാരക്കുറവ് എന്നിവ അനുഭവപ്പെടാറുണ്ട്. ഭാവിയിൽ കരളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ ജീവിതശൈലി ക്രമീകരങ്ങളിലൂടെയും ലഘുവായ മരുന്നുകളിലൂടെയും ആദ്യഘട്ടത്തിൽ തന്നെ ഫാറ്റിലിവറിനെ നിയന്ത്രിക്കുന്നതാണ് നല്ലത്.

ഫാറ്റിലിവർ ഉള്ളവരിൽ ചില കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തണം. മദ്യപാനം പൂർണമായും ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ദിവസേന മുക്കാൽ മുതൽ ഒരു മണിക്കൂർ വരെയെങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക. ആഹാരരീതികളിൽ മാറ്റം വരുത്തി എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കണം.

രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും ആഹാരക്രമീകരണത്തിലൂടെയോ മരുന്നുകളിലൂടെയോ ഇത് കൃത്യമായി നിയന്ത്രിക്കുകയും വേണം. ഫാറ്റിലിവറും പ്രമേഹമുള്ളവർ മരുന്നുകളിലൂടെ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തണം.

ഫാറ്റിലിവറുള്ള രോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം വയറിന്റെ അൾട്രാസൗണ്ട് സ്‌കാൻ, ലിവർ ഫങ്ഷനിങ് ടെസ്റ്റുകൾ, ഹെപ്പിറ്റൈറ്റിസ് ബി യുടെയും, സി യുടെയും പരിശോധന എന്നിവ നടത്തേണ്ടതുണ്ട്.
കരളിന് കേടുണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കിൽ മറ്റ് രക്ത പരിശോധനകൾ, ഫൈബ്രോ സ്‌കാൻ, ലിവർ ബയോപ്സി എന്നീ ടെസ്റ്റുകളും നടത്തേണ്ടി വരും. ഫാറ്റിലിവർ ഒരു ജീവിതശൈലി രോഗമാണ് എളുപ്പം ചെയ്യുവുന്ന ജീവിതശൈലി വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും.

എൻഡോസ്‌കോപ്പിക് അൾട്രാസൗണ്ട്


ഉദര സംബന്ധിയായ അസുഖങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന അത്യാധുനിക രീതിയാണ് എൻഡോസ്‌കോപ്പിക് അൾട്രാസൗണ്ട് എന്ന് പറയുന്നത്. സാധരണ പരിശോധകളെ അപേക്ഷിച്ച് വളരെയധികം സവിശേഷതകൾ ഇതിനുണ്ട്. ദഹനേന്ദ്രിയത്തിലും ശ്വാസകോശത്തിലും ഉണ്ടാകുന്ന അർബുദത്തെക്കുറിച്ചും അതിന്റെ വ്യാപ്തിയെ കുറിച്ചും വ്യക്തമായി മനസിലാക്കാം.

ഉദരസംബന്ധിയായ വേദനയുടെ കാരണങ്ങളും അമിതമായി ശരീരഭാരം കുറയുന്നതിന്റെയും പിത്തനാളികളിലും പിത്തസഞ്ചികളിലും കല്ലുണ്ടാകുന്നതും കണ്ടെത്തുവാനും സഹായിക്കും.

കരളിലെയും പാൻക്രിയാസിലെയും ട്യൂമർ കണ്ടെത്തുവാനും ശസ്ത്രക്രിയ കൂടാതെ പഴുപ്പിച്ച് പുറത്തെടുക്കുവാനും ഇത് സഹായിക്കുന്നു.

ഡോ. മധു ശശിധരൻ
സീനിയർ കൺസൾട്ടന്റ്
ഡിപ്പാർട്‌മെന്റ് ഓഫ് ഗ്യാസ്‌ട്രോ എൻട്രോളജി
കിംസ് ഹെൽത്ത്