ചെന്നൈ :കാൻസർ രോഗികളുടെ ക്ഷേമത്തിനായി ജീവിതം സമർപ്പിച്ച പ്രമുഖ കാൻസർ രോഗ വിദഗ്ദ്ധയും ചെന്നൈ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സണുമായ ഡോ.വി.ശാന്ത (94) അന്തരിച്ചു. സാധാരണക്കാരായ കാൻസർ രോഗികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ നിരന്തരം പ്രയത്നിച്ച ഡോ.ശാന്തയ്ക്ക് രാജ്യം പത്മഭൂഷണും പത്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്. മഗ്‌സസെ അവാർഡ് നൽകി ലോകവും അവരെ കൈകൂപ്പി.
12 കിടക്കകളും രണ്ടു ഡോക്ടർമാരും രണ്ടുനഴ്‌സുമാരുമായി തുടങ്ങിയ അഡയാർ ഇൻസ്റ്റിറ്റ്യൂട്ടിനെ 800 കിടക്കകളുള്ള മികച്ച അർബുദ ചികിത്സാകേന്ദ്രമായി മാറ്റിയത് ഡോ.ശാന്തയുടെ കഠിനപ്രയത്നത്തിന്റെ ബലത്തിലാണ്.
കഴിഞ്ഞദിവസം രാത്രി നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 3.55 ഓടെ മരിച്ചു. 1927 മാർച്ച് 11 ന് ചെന്നൈയിലെ മൈലാപൂരിലാണ് ജനനം. നോബൽ സമ്മാന ജേതാക്കളായ സി.വി രാമൻ മുത്തച്ഛനും (അമ്മയുടെ അമ്മാവൻ ) എസ്.ചന്ദ്രശേഖർ അമ്മാവനുമാണ്.
മദ്രാസ് മെഡിക്കൽ കോളേജിലെ പഠനത്തിന്റെ അവസാന നാളുകളിൽ കാൻസർ വാർഡിൽ കിട്ടിയ ഡ്യൂട്ടിയാണു ഗൈനക്കോളജിയിൽ നിന്ന് കാൻസർ രംഗത്തേക്ക് മാറാൻ ഡോക്ടറെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർമാരിലൊരാളായ മുത്തു ലക്ഷ്മി റെഡ്ഡി അഡയാറിൽ തുടങ്ങിയ കാൻസർ ആശുപത്രിയിൽ ചേരുന്നത്.
1982ൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടങ്ങിയ ഓങ്കോളജി പി.ജി കോഴ്സുകളാണ് രാജ്യത്ത് കാൻസർ രോഗ വിദഗ്ദ്ധരെ വളർത്തിയെടുത്തത്. കേരളത്തിലെ പ്രമുഖ കാൻസർ രോഗ വിദഗ്ദ്ധരുടെ ഗുരുകൂടിയാണ് ശാന്ത.