navalni

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനെ വിമർശിച്ചതിന്റെ പേരിൽ അറസ്റ്റിലായ അലക്സി നവൽനി(44)​യെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലോകാരാഷ്ട്രങ്ങൾ. സ്വന്തംകാര്യം നോക്കിയാൽ മതിയെന്ന് റഷ്യയും തരിച്ചടിച്ചു. അറസ്റ്റ് അസ്വസ്ഥപ്പെടുത്തുന്നുവെന്നു വ്യക്തമാക്കിയ യു.എൻ മനുഷ്യാവകാശ വിഭാഗം വക്താവ് തുടർനടപടികൾ നിയമാനുസൃതമാവണമെന്ന് ആവശ്യപ്പെട്ടു. ജർമനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടത്. കഴിഞ്ഞദിവസം അറസ്റ്റിലായ നവൽനിയെ പൊലീസ് സ്റ്റേഷനിൽ തയാറാക്കിയ കോടതിയിൽ ഹാജരാക്കി. അറസ്റ്റും തുടർനടപടിയും നിയമവാഴ്ചയുടെ സമ്പൂർണ തകർച്ചയുടെ സൂചനയാണെന്നും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഭയന്നിരിക്കുകയാണെന്നും നവൽനി വിഡിയോ സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞവർഷം ആഗസ്റ്റിൽ സൈബീരിയയിൽ ആഭ്യന്തര യാത്രയുടെ ഭാഗമായി വിമാനത്തിൽ വച്ച് നവൽനി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ വിഷം കഴിച്ചാണ് കോമയിലായതെന്ന് കണ്ടെത്തി. വധശ്രമമാണെന്നും ആരോപണം ഉയർന്നിരുന്നു. നവൽനി വിദഗ്ദ്ധ ചികിത്സക്കായി ജർമനിയിലേക്കും ​ കൊണ്ടുപോയി. മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ ആരോഗ്യം തിരിച്ചുകിട്ടിയ​തോടെ നാട്ടിലേക്ക് തിരുച്ചുവരവെയാണ് അറസ്റ്റ് നടന്നത്.