ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചുചേർത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സംസ്ഥാനത്ത് തിരിച്ചടി നേരിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പിൽ ആ തിരിച്ചടികൾക്ക് തിരുത്തൽ നടപടികൾ വേണം. രാഹുൽ ആവശ്യപ്പെട്ടു.
താൻ എപ്പോഴും ഏത് തിരഞ്ഞെടുപ്പിലായാലും പരമാവധി പുതുമുഖങ്ങളെ കൊണ്ടുവരണം എന്നാവശ്യപ്പെടാറുണ്ട്. കേരളത്തിലും അത് വേണം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥി നിർണയം പാടില്ലെന്നും സ്ഥാനാർത്ഥി നിർണയത്തിൽ വ്യക്തി താൽപര്യം പാടില്ലെന്നും രാഹുൽഗാന്ധി കേരളത്തിലെ നേതാക്കളോട് കർശനമായി നിർദ്ദേശിച്ചു. വിജയസാദ്ധ്യതയുളള സ്ഥാനാർത്ഥിയാകണം പാർട്ടിയുടേത്. ഹൈക്കമാന്റ് നിർദ്ദേശമനുസരിച്ച് സംസ്ഥാന നേതാക്കൾ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളി.
തിരഞ്ഞെടുപ്പിന് ജില്ലാതലത്തിൽ എം.പിമാർ നേതൃത്വം നൽകണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി ഉണ്ടെങ്കിലും സ്ഥാനാർത്ഥി നിർണയത്തിൽ ഈ സമിതിയ്‌ക്ക് റോളില്ല. സ്ഥാനാർത്ഥി നിർണയത്തിൽ കെപിസിസി അദ്ധ്യക്ഷന്റെ നേതൃത്വത്തിലെ സ്‌ക്രീനിംഗ് കമ്മിറ്റിയ്‌ക്കാണ് ചുമതല. മേൽനോട്ട സമിതി അദ്ധ്യക്ഷനായതുകൊണ്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകും എന്ന് കരുതേണ്ടെന്നും ദില്ലിയിൽ നിന്നൊരു മുഖ്യമന്ത്രി സ്ഥാനാർത്ഥി വരില്ലെന്നും ഹൈക്കമാന്റ് വ്യക്തമാക്കുന്നു. പുതുതലമുറയിലെ സ്വാധീനം കൊണ്ടാണ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയത്. തരൂരിന് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലും സ്വാധീനമുണ്ട്. സംസ്ഥാന രാഷ്‌ട്രീയത്തിൽ ഈയാഴ്‌ചമുതൽ തന്നെ സജീവമായി ഇടപെടാൻ ശശി തരൂരിനോട് കോൺഗ്രസ് ഹൈക്കമാന്റ് നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തെ കോൺഗ്രസിനെ ഹൈക്കമാന്റ് ശക്തമായി നിയന്ത്രിക്കും എന്നതിന്റെ സൂചനയാണ് രാഹുൽഗാന്ധിയും ഹൈക്കമാന്റും സംസ്ഥാന നേതാക്കൾക്ക് ഇന്ന് കൊടുത്ത നിർദ്ദേശങ്ങൾ.