The people never give up their liberties but under some delusion"- Berk. ഏതെങ്കിലും മൂഢവിശ്വാസം കൊണ്ടല്ലാതെ ഒരിക്കലും ജനങ്ങൾ അവരുടെ സ്വാതന്ത്ര്യം കൈയൊഴിയുകയില്ല. ചിന്തകനായ ബെർക്കിന്റെ അർത്ഥവത്തായ ഈ അഭിപ്രായപ്രകടനത്തെ ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയുമായി ചേർത്തു വായിക്കുക പ്രലോഭനീയമാണ്. ചരിത്രം രേഖപ്പെടുത്തിയ കാലം മുതൽ ഇന്നുവരെയുള്ള ഭാരതത്തിന്റെ സാമൂഹ്യപരിണാമം പരിശോധിച്ചാൽ വിവിധങ്ങളും ഒരു പക്ഷേ വിചിത്രങ്ങളെന്ന് തോന്നിപ്പിക്കുന്നതുമായ മൂഢവിശ്വാസങ്ങളാൽ അസ്വാതന്ത്ര്യത്തിന്റെ പാതയിലൂടെ ചരിക്കുന്നതായിരുന്നു ഇവിടുത്തെ ആൾക്കൂട്ടങ്ങൾ എന്നു കാണുവാൻ പ്രയാസമില്ല. സഹിഷ്ണുതയും സഹനവും എന്ന മഹത്വവൽക്കരിക്കപ്പെട്ട ദ്വന്ദആശയങ്ങളും ഭിന്നത വളർത്തി ഭരിക്കുക എന്ന വേട്ടക്കാരുടെ സൂത്രവാക്യങ്ങളുമെല്ലാം വിരൽ ചൂണ്ടുന്നത് ഇന്ത്യൻ സമൂഹത്തിന്റെ പ്രസ്തുത ദൗർബല്യങ്ങളിലേക്കാണ്. ഇത്ര കാലം ചരിത്രത്തിൽ സംഭവിച്ച ദുരന്തങ്ങളെ ഉദാഹരിച്ചു കൊണ്ട്, ഇന്ത്യൻ സമൂഹം ചരിത്രത്തിൽ നിന്നും പലതും പഠിച്ചിട്ടില്ലെന്ന് ഓർമ്മപ്പെടുത്തുകയും അതേ കാരണങ്ങൾ കൊണ്ട് തന്നെ നമ്മൾ മറ്റൊരു അടിമത്വത്തത്തിലേക്കാണ് നീങ്ങുന്നതെന്നു ബോധ്യപ്പെടുത്തുകയാണ് ആനിഷ് ഓബ്രിന്റെ 'സംസ്കാര."
സാംസ്കാരികവും ജനാധിപത്യപരവുമായ സമസ്യകളെയാണ് 'സംസ്കാര" അഭിസംബോധന ചെയ്യുന്നത്. ഋജുവായ മട്ടിൽ രാഷ്ട്രീയവിചാരണ നടത്താതെ യുക്തിപരമായ ചില കുരുക്കുകൾക്കുള്ളിലാണ് ഈ രാഷ്ട്രീയ പ്രഹേളികകളെ നോവലിസ്റ്റ് ഒളിപ്പിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ വായനക്കാരന്റെ ബുദ്ധിപരമായ ഇടപെടൽ ആവശ്യപ്പെടുന്ന കൃതിയാണിത്. സ്വഭാവത്തിലേക്ക് വികസിക്കുന്ന നോവൽ ചിരസ്ഥായിയായ ഇന്ത്യൻ വ്യഥകളെ സ്മൃതിനാശത്തിൽ നിന്ന് ഉയർത്തിയെടുക്കുന്നു. മാജിക്കൽ റിയലിസമെന്നോ ഫാന്റസിയെന്നോ വേർതിരിച്ചറിയാനാവാത്ത വിധത്തിൽ കഥാപാത്രങ്ങൾ വായനക്കാരന് മുന്നിലെത്തുന്നു. മരിച്ചു പോയവരാണ് ഇവരിലധികവും. മരിച്ചു പോയവരുമായി സംവദിക്കുന്നു എന്ന കാരണത്താൽ മുഖ്യകഥാപാത്രമായ ഗൗതമന് മനഃശാസ്ത്രജ്ഞൻ മനോരോഗം ആരോപിക്കുന്നു. എന്നാൽ ഭൗതികജീവിതം അവസാനിച്ചവരുമായുള്ള ഇത്തരം ഇടപെടലുകൾ കേവലമതിഭ്രമങ്ങളോ അതോ യാഥാർഥ്യം തന്നെയോ എന്ന ഭ്രമം സൃഷ്ടിക്കുവാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്.
വിശ്വാസാഹിത്യകാരനായ ഹുവാൻ റുൾഫോയുടെ പെദ്രോ പരാമയ്ക്കു ശേഷം മൃത്യുഭാഷണങ്ങളുടെ തീവ്രത അനുഭവപ്പെടുത്തിയ കൃതികൾ വിരളമാണ്. അടക്കം പറച്ചിലുകളായി, ഭീതിതമായ ഏറ്റുപറച്ചിലുകളായി, നെടുവീർപ്പുകളും പൊട്ടിച്ചിരികളുമായി മരിച്ചു പോയവർ തിരികെയെത്തുകയും നായകനായ ഗൗതമനിൽ അസ്വാസ്ഥ്യങ്ങൾ നിറയ്ക്കുകയും ചെയ്യുന്നു.
ഈ മൃത്യുഭാഷണത്തിലൂടെ ഭാരതത്തിന്റെ പൂർവ്വകാലചരിത്രം സാവധാനം ചുരുൾ നിവരുന്നത് കൗതുകകരമാണ്. മൂടിവെക്കപ്പെടുകയോ വളച്ചൊ ടിക്കപ്പെടുകയോ ചെയ്തിട്ടുള്ള ചരിത്രത്തിന്റെ അപനിർമ്മിതിയെന്ന് അനുഭവവേദ്യമാകും വിധം ആഖ്യാനമൊരുക്കാൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.
സൈകതം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില ₹270