petrol

കൊച്ചി: കേരളത്തിൽ പെട്രോൾ വില എക്കാലത്തെയും ഉയരത്തിലെത്താൻ ഏതാനും പൈസയുടെ അകലം മാത്രം. ഇന്നലെ ലിറ്ററിന് 25 പൈസ വർദ്ധിച്ച് 87.23 രൂപയിലായിരുന്നു വ്യാപാരം. 2018ൽ കുറിച്ച 87.75 രൂപയാണ് നിലവിലെ റെക്കാഡ്. ഡീസൽ വില ഇപ്പോൾ റെക്കാഡ് ഉയരത്തിലാണുള്ളത്. ഇന്നലെ വില 26 പൈസ വർദ്ധിച്ച് 81.26 രൂപയായി.

കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ പിൻബലത്തിൽ വാണിജ്യ-വ്യവസായ മേഖലകൾ ഉണർവിലായതോടെ, അന്താരാഷ്‌ട്ര ക്രൂഡോയിൽ വിലയിലുണ്ടായ വർദ്ധനയാണ് ഇന്ത്യയിൽ ഇന്ധനവില കൂടാൻ കാരണം. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ഇന്നലെ ബാരലിന് 1.41 ശതമാനം വർദ്ധിച്ച് 55.12 ഡോളറിലെത്തി.

എക്‌സൈസ് നികുതി കുറയ്ക്കണം

നിലവിലെ ട്രെൻഡ് കണക്കാക്കിയാൽ പെട്രോൾ വില 90 രൂപയിലേക്കും ഡീസൽ വില 85ഉം. മുംബയ്‌ക്കടുത്തെ പർബാനിയിൽ ഇന്നലെ പെട്രോൾ വില 94.28 രൂപയായിരുന്നു. ലോക്ക്ഡൗണിൽ കുത്തനെ കൂട്ടിയ ഇന്ധന എക്‌സൈസ് നികുതി കേന്ദ്രം കുറയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

നിലവിൽ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്‌സൈസ് നികുതി. ഇവയുടെ വിലയിലെ 69.3 ശതമാനവും നികുതിയാണ്.