jeo

വാഷിംഗ്ടൺ: ലോകം ഏറെ ശ്രദ്ധയോടെ കാത്തിരിക്കുന്ന ചടങ്ങാണ് ജോബൈഡന്റെ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സത്യപ്രതിജ്ഞ. വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഇടയിലാണ് ചടങ്ങ് ഒരുങ്ങുന്നത്. അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോബൈഡൻ ഇന്ന് സത്യപ്രതിജ്ഞചെയ്യും. ഇന്ത്യൻ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഒപ്പം യു.എസ് വൈസ് പ്രസിഡന്റായി കമലഹാരിസും സത്യപ്രതിജ്ഞ ചെയ്യും. അതേസമയം ബൈഡന്റെ സത്യപ്രതി‌ജ്ഞാചടങ്ങുകളുമായി ബന്ധപ്പെട്ട് യുദ്ധസമാനമായ സുരക്ഷാ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മുൻകാലങ്ങലിൽ നിന്നും വ്യത്യസ്ഥമായി ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെയാണ് ചടങ്ങ് നടക്കുക. ആൾക്കൂട്ടം ഓഴിവാക്കിയുള്ള സുരക്ഷാമുന്നൊരുക്കങ്ങൾ,​ സാമൂഹിക ആകലം എന്നിവ പ്രത്യേകം ചിട്ടപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലവും ട്രംപ് അനുയായികൾ വീണ്ടും കലാപം നടത്തിയേക്കാമെന്ന സൂചനയും മുന്നിൽകണ്ടാണ് ശക്തമായ സുരക്ഷ സംവിധാനം ഒരുക്കിയിരിക്കുന്നത്. ചടങ്ങിന് മുന്നോടിയായി മിഷിഗൻ, വിർജീനിയ, വിസ്കോസിൻ, പെൻസിൽവാനിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിനെ തുടർന്ന് ടെക്സസ് താത്കാലികമായി അടച്ചിരിക്കുകയാണ്. ചുരുക്കത്തിൽ തലസ്ഥാന നഗരി പൂർണമായും സൈന്യത്തിന്റെ കാവലിലാണ്. കഴിഞ്ഞദിവസം ട്രംപ് അനുയായികളായ കലാപകാരികൾ കാപ്പിറ്റോലിൽ നടത്തിയ അക്രമണത്തിന്റെ പശ്ചാത്തലത്തിൽ സത്യപ്തിജ്ഞാ ചടങ്ങിലും അക്രമണം ഉണ്ടാകുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിനെത്തുടർന്ന് 25000 സുരക്ഷാ സൈനികരെയാണ് കാപ്പിറ്റോളിന് മുന്നിൽ എഫ്.ബി.ഐ വിന്യസിച്ചത്. മുൻകരുതലിന്റെ ഭാഗമായി പാർലമെന്റ് മന്ദിരവും വൈറ്റ്ഹൗസും പെൻസിൽവേനിയ അവന്യൂവിന്റെ പ്രധാനഭാഗങ്ങളിലേക്കുള്ള റോഡുകളും അടച്ചു. എട്ടടിപ്പൊക്കത്തിൽ ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചു. മുൻവർഷങ്ങളിൽ ജനക്കൂട്ടംകൊണ്ട് സമ്പന്നമായ വീഥികളെല്ലാം ആളൊഴി‍ഞ്ഞ് കിടക്കുകയാണ്. അതേസമയം, പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പിന് കർഷനസുരക്ഷ ഒരുക്കുന്നതിൽ ഇറാൻ പരിഹസിച്ചു. കലാപകാരികൾ അക്രമണം നടത്തുമെന്ന് ഭയന്ന് സ്വന്തം സർക്കാരിനെ സുഗമമായി നിലനിറുത്താൻ അധികാരികൾ പാടുപെടുകയാണെന്ന് ഇറാൻ വ്യക്തമാക്കി.

വമ്പൻ കുടിയേറ്റ നയവുമായി ജോ ബൈഡൻ

കനത്ത സുരക്ഷയിൽ ജോബൈഡന്റെ സത്യപ്രതിജ്ഞ നടക്കാൻ ഒരുങ്ങുമ്പോൾ ഇതേ ദിനത്തിൽ വമ്പൻ കുടിയേറ്റനയം പ്രഖ്യാപിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഇന്ത്യൻ വംശജർ ഉൾപ്പടെ 11 ദശലക്ഷത്തോളം വരുന്ന അനധികൃത കുടിയ്റ്റക്കാർക്ക് ഗുണംചെയ്യുന്നതാണ് പുതിയനയമെന്നാണ് നിഗമനം. ട്രംപ് ഭരണകൂടത്തിന്റെ കടിയേറ്റ നയത്തിനു വിരുദ്ധമായി എട്ടു വർഷത്തിനുള്ളിൽ യു.എസ് പൗരത്വം ലഭിക്കാൻ പാകത്തിലുള്ള നയമാവും ബൈഡൻ പ്രഖ്യാപിക്കുകയെന്ന് സൂചന.

പുതിയ ബിൽ പ്രകാരം 2021 ജനുവരിയിൽ അമേരിക്കയിൽ നിയമപരമല്ലാതെ താമസിക്കുന്നവർക്ക് അഞ്ചു വർഷത്തിനുള്ളിൽ ആവശ്യമായ പരിശോധനകൾക്കു ശേഷം താത്കാലികമായി നിയമസാധുതയോ ഗ്രീൻ കാർഡോ നേടാൻ കഴിയും. ഇതിനായി വ്യക്തികളുടെ പശ്ചാത്തല പരിശോധന, കൃത്യമായ നികുതി അടയ്ക്കൽ, മറ്റ് നിബന്ധനകൾ എന്നിവ പാലിക്കപ്പെടണം. താത്കാലിക പദവി ലഭിച്ചു കഴിഞ്ഞാൽ മൂന്നു വർഷത്തിനു ശേഷം പൗരത്വം നേടാൻ കഴിയുന്ന തരത്തിലാകും ബിൽ. ചെറുപ്പത്തിൽ അമേരിക്കയിൽ നിയമവിരുദ്ധമായി എത്തിയവർക്കും കാർഷികർക്കും എളുപ്പത്തിൽ ഗ്രീൻകാർഡ് ലഭിക്കുമെന്നാണ് സൂചന.

ചില ഇസ്ലാമിക രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും ഒഴിവാക്കാൻ സാധ്യതയുണ്ട്. അധികാരത്തിലെത്തിയാൽ കുടിയേറ്റ നയത്തിനായിരിക്കും മുൻഗണനയെന്ന് ബൈഡൻ പ്രചാരണ വേളയിൽ പറഞ്ഞിരുന്നു. എന്നാൽ ബൈഡന്റെ നീക്കത്തിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് എതിർപ്പുകൾ ഉണ്ടാകുമെന്നും കരുതപ്പെടുന്നു.

ട്രംപ് വരില്ല

യു.എസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റും മുൻപ്രസിഡന്റുമാരും പങ്കെടുക്കുകയാണ് പതിവ്. എന്നാൽ ചടങ്ങിന്റെ കീഴ്വഴക്കം തെറ്റിച്ച് ഇക്കുറി സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ട്രംപ് ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് വിവരം. രാവിലെതന്നെ ട്രംപ് വാഷിംഗ്ഡൺ വിടും. അതേസമയം, മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ്. ഡബ്ല്യൂ. ബുഷ്, ബരാക് ഒബാമ എന്നിവരും നിലവിൽ സ്ഥാനം ഒഴിയുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുന്ന നാലമത്തെ പ്രസിഡന്റാണ് ട്രംപ്.