ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണമുഹൂർത്തം കുറിച്ച് അജിങ്ക്യ രഹാനെയും സംഘവും.
അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ വെറും 36 റൺസിന് ആൾഔട്ടായി മടങ്ങിയ ഇന്ത്യൻ ടീമിനെ നോക്കി ഇനി ഇവരുടെ ഗതിയെന്താകുമെന്ന് ചിന്തിക്കാനാവുന്നില്ലല്ലോ എന്ന് പരിതപിച്ചവർ ഏറെയാണ്. ആ സഹതാപത്തിന് കാരണങ്ങളുമുണ്ടായിരുന്നു ; ഭാര്യയുടെ പ്രസവസമയത്ത് ഒപ്പമുണ്ടാകാനായി മടങ്ങുന്ന വിരാട് കൊഹ്‌ലി, ക്വാറന്റൈൻ കഴിയാൻ കാത്തിരിക്കുന്ന രോഹിത് ശർമ്മ, പരിക്കേറ്റ് മടങ്ങാൻ വിമാനം കാത്തിരിക്കുന്ന മുഹമ്മദ് ഷമി...അജിങ്ക്യ രഹാനെയെ ഏൽപ്പിച്ചുപോകാൻ വിലപ്പെട്ട സമ്പാദ്യങ്ങളൊന്നുമില്ലാത്തവനായിരുന്നു വിരാട്. ടെസ്റ്റുകൾ ഓരോന്നായി കഴിയവേ പരിക്കേറ്റവരുടെ എണ്ണവും കൂടിക്കൂടിവന്നു. ഒടുവിൽ അവസാന ടെസ്റ്റിൽ പ്ളേയിംഗ് ഇലവനെ സംഘടിപ്പിക്കാൻ നെറ്റ്ബൗളർമാരായി കൂടെക്കൂട്ടിയവരെപ്പോലും ഇറക്കേണ്ടിവന്നു. അങ്ങനെ രണ്ടാം നിരയെയല്ല മൂന്നാം നിരയെ മുഖ്യപടയാളികളായി അവതരിപ്പിച്ചാണ് അജിങ്ക്യ രഹാനെ ലോകത്തെ ഞെട്ടിച്ച പരമ്പരവിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്.
ബ്രിസ്ബേനിലേത് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം എന്ന് നിരൂപകർ വിശേഷിപ്പിക്കാൻ കാരണമാകുന്നത് ഈ ഘടകമാണ്. പേരുകേട്ട ആസ്ട്രേലിയൻ പേസ് നിരയ്ക്ക് ബദലായി ഇന്ത്യ അണിനിരത്തിയവർ കളിച്ച മൊത്തം ടെസ്റ്റുകൾ എണ്ണിക്കൂട്ടാൻ കൈവിരലുകൾ മതിയായിരുന്നു.എന്നാൽ ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലാക്കുന്നതിൽ അവർ ഓരോരുത്തരും കാഴ്ചവച്ച മിടുക്കാണ് ഗതിമാറ്റമുണ്ടാക്കിയത്. അരങ്ങേറ്റക്കാരനെന്ന പേടിയില്ലാതെ ടീമിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവർ പ്രവർത്തിച്ചു. പ്രതീക്ഷിക്കാത്ത മേഖലകളിൽപ്പോലും മികവ് കാട്ടാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞപ്പോൾ തിണ്ണമിടുക്കിന്റെ അഹങ്കാരവുമായി ഇറങ്ങിയ ആസ്ട്രേലിയൻ താരങ്ങൾ ശരിക്കും ഇളിഭ്യരാവുകയായിരുന്നു.
ഒറ്റയാൻ പ്രകടനങ്ങളല്ല ഇന്ത്യയ്ക്ക് ഈ പരമ്പര വിജയം സമ്മാനിച്ചത്. ടീം എഫർട്ട് എന്താണെന്ന് വ്യക്തമാക്കിയായിരുന്നു ഓരോ മത്സരങ്ങളും കടന്നുവന്നത്. അഡ്‌ലെയ്ഡിലെ ഒരൊറ്റ സെഷൻ ഒഴിച്ചുനിറുത്തിയാൽ പരമ്പരയിലുടനീളം മുന്നിട്ടുനിന്നത് ഇന്ത്യയാണ്.അഡ്‌ലെയ്ഡിൽ ആദ്യ ഇന്നിംഗ്സ് ലീഡ് ഇന്ത്യയ്ക്കായിരുന്നു എന്നതും ഓർക്കണം. ബ്രിസ്ബേനിൽ നായകന്റെ ഉത്തരവാദിത്വമേറ്റെടുത്ത് സെഞ്ച്വറി നേടിയ രഹാനെ കൂട്ടുകാർക്ക് സ്വയം മാതൃകയാവുകയായിരുന്നു. പരമ്പരയിൽ സെഞ്ച്വറികൾ ഒന്നും നേടിയില്ലെങ്കിൽക്കൂടി വിദേശമണ്ണിൽ എങ്ങനെയാണ് പ്രതിരോധിച്ച് ബാറ്റ് ചെയ്യേണ്ടതെന്ന് ഓരോ ഇന്നിംഗ്സിലും ക്ളാസെുക്കുകയായിരുന്നു പുജാര.പുജാരയും അശ്വിനും ഹനുമ വിഹാരിയുമൊക്കെ കൊണ്ട ബൗൺസറുകൾക്ക് കയ്യും കണക്കുമില്ല. പരമ്പര കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തി കുറച്ചുദിവസമെങ്കിലും എണ്ണയും കുഴമ്പുമിട്ടാലേ എണീറ്റുനിൽക്കാനെങ്കിലുമാകൂ പലർക്കുമെന്ന് പറയുന്നത് തമാശയല്ല.
പിതാവ് മരിച്ച സങ്കടം മനസിലൊതുക്കിയാണ് സിറാജ് ആസ്ട്രേലിയയിൽ കഴിഞ്ഞത്. ഇന്ത്യൻ ടീമിലെ അഭിവാജ്യഘടകമാകണം എന്ന പിതാവിന്റെ ആഗ്രഹം സഫലീകരിക്കാൻ സിറാജിന് ഈ പരമ്പരകൊണ്ട് കഴിഞ്ഞുവെന്നതാണ് പ്രധാനനേട്ടം.അവസാന ടെസ്റ്റിലെ അഞ്ചുവിക്കറ്റ് നേട്ടത്തിലൂടെ ബുംറയും ഷമിയും ഇശാന്തുമില്ലാത്ത ഇന്ത്യൻ ടീമിന്റെ കുന്തമുനയാകാൻ തനിക്കുകഴിയുമെന്നും സിറാജ് തെളിയിച്ചു. സിഡ്നി മുതൽ ഗാലറിയിലിരുന്ന കാണികളുടെ തെറിവാക്കുകൾ കേട്ടിട്ടും മനസുതളരാതെയാണ് സിറാജ് ഈ നേട്ടത്തിലേക്ക് എത്തിയതെന്ന് പടുത്തുപറയണം.
ഭാവിയിലേക്ക് ഒരുഗ്രൻ ഓപ്പണറെ ഇന്ത്യ കണ്ടെത്തിയിരിക്കുന്നുവെന്ന് ശുഭ്മാൻ ഗില്ലിനെ നോക്കി സധൈര്യം പറയാം. ക്ളാസിക് ശൈലിയിലും കരുത്തിലും വിരാടിന്റെയും രോഹിതിന്റെയും പിൻഗാമിയാകാൻ യോഗ്യനാണ് ഗിൽ. വലിയ സ്കോറുകൾ നേടിയില്ലെങ്കിലും വിദേശത്തെ പിച്ചുകളിൽ തന്റെ സാന്നിദ്ധ്യംകൊണ്ട് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചയാളാണ് വിഹാരി.
രണ്ടുകൊല്ലം മുമ്പ് ടെസ്റ്റ് അരങ്ങേറ്റത്തിൽ 10 പന്തുകൾ മാത്രമെറിഞ്ഞ് പരിക്കേറ്റ് പുറത്തുപോയപ്പോൾ ഇനിയെന്ന് ടെസ്റ്റ് കളിക്കാനാകും എന്ന ആശങ്കയിലായിരുന്നു ശാർദ്ദൂൽ താക്കൂർ. നിനച്ചിരിക്കാതെ കിട്ടിയ അവസരത്തിൽ ബാറ്റിംഗിൽക്കൂടി കരുത്ത് തെളിയിച്ച് ശാർദ്ദൂൽ സെലക്ടർമാരുടെ ബുക്കിൽ തന്റെ പേര് കട്ടിമഷികൊണ്ട് എഴുതിച്ചേർത്തിരിക്കുന്നു. നെറ്റ്ബൗളറായി ആസ്ട്രേലിയയിലേക്ക് പോയി എല്ലാ ഫോർമാറ്റിലും ഒരേ പര്യടനത്തിൽ അരങ്ങേറ്റം കുറിക്കാൻ അപൂർവ്വഭാഗ്യം കിട്ടിയ ആളാണ് നടരാജൻ.തമിഴ്നാടിന് വേണ്ടി ഒരേയൊരു ഫസ്റ്റ് ക്ളാസ് മത്സരമേ നട്ടു കളിച്ചിട്ടുള്ളൂ. അന്ന് ആക്ഷനിൽ പ്രശ്നം പറഞ്ഞുമാറ്റിനിറുത്തുകയും ചെയ്തു. അവിടെ നിന്നാണ് കഴിഞ്ഞ ഐ.പി.എല്ലിലൂടെയുള്ള ഈ 29 കാരന്റെ അത്ഭുത വരവ്.വാഷിംഗ്ടൺ സുന്ദറും നെറ്റ്ബൗളറായി ടീമിനൊപ്പം തുടരുകയായിരുന്നു.അശ്വിന് പരിക്കേറ്റപ്പോൾ സ്വാഭാവികമായി ടീമിലെത്തേണ്ടുന്നത് കുൽദീപായിരുന്നു.എന്നാൽ അൽപ്പസ്വൽപ്പം ബാറ്റുചെയ്യാനാകുന്നയാൾ എന്ന പരിഗണനയിലാണ് ബ്രിസ്ബേനിൽ അരങ്ങേറ്റത്തിന് അവസരം നൽകിയത്. പ്രതീക്ഷയിലുമധികം പൊലിപ്പിക്കാൻ സുന്ദറിന് കഴിഞ്ഞു.
ഇവരാരും ഇന്നലെ വരെ ഇന്ത്യയുടെ ഏറ്റവും മികച്ചതാരങ്ങളായിരുന്നില്ല. നാളെയും അങ്ങനെതന്നെ തുടർന്നേക്കാം. എന്നാൽ ഇവർ ആസ്ട്രേലിയൻ മണ്ണിൽകുറിച്ചത് ഇന്ത്യൻ ക്രിക്കറ്റ്ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്.