mullappally

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള‌ള സാദ്ധ്യത തള‌ളാതെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള‌ളി രാമചന്ദ്രൻ. അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം എടുത്ത തീരുമാനം എക്കാലത്തും ശിരസാവഹിച്ച അച്ചടക്കമുള‌ള പ്രവർത്തകനാണ് താനെന്നും ഹൈക്കമാന്റാണ് തീരുമാനം എടുക്കേണ്ടതെന്നും മുല്ലപ്പള‌ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൽപ‌റ്റയിൽ മത്സരിക്കുമോ എന്ന റിപ്പോർട്ടുകളെ കുറിച്ചൊന്നും തനിക്ക് അറിയില്ല.കെ.മുരളീധരന്റെ പ്രസ്‌താവനയോട് താൻ പ്രതികരിക്കാനില്ലെന്നും മുല്ലപ്പള‌ളി മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.മുല്ലപ്പള‌ളി മത്സരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു എന്നായിരുന്നു മുരളീധരന്റെ പ്രസ്‌താവന.

കേരളത്തിലുള‌ളത് കളക്‌ടീവ് ലീഡർഷിപ്പാണെന്ന് പറഞ്ഞ മുല്ലപ്പള‌ളി നേരത്തെതന്നെ ഉമ്മൻചാണ്ടി കേരളത്തിൽ സജീവമാണെന്നും അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ഇടത് സർക്കാരിന്റെ പ്രധാന അഴിമതികൾ പുറത്തുകൊണ്ടുവന്നത് ചെന്നിത്തലയാണ്. കെപിസിസിക്ക് താൽക്കാലിക അദ്ധ്യക്ഷൻ വരുമോ എന്ന ചോദ്യത്തിന് ദില്ലി ചർച്ചയുടെ ഉള‌ളടക്കം അതായിരുന്നില്ലെന്ന് മുല്ലപ്പള‌ളി അഭിപ്രായപ്പെട്ടു. പാർട്ടി പറയുന്ന ചുമതല ചെറുതോ വലുതോ ആകട്ടെ താനത് കൃത്യമായി അച്ചടക്കത്തോടെ ഏ‌റ്റെടുത്ത് മുന്നോട്ട് പോയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.