ഇത്രയും വലിയ സ്കോർ ചേസ് ചെയ്ത് ജയിക്കാൻ കഴിയുമോ?, സമനിലയ്ക്കായി തട്ടിമുട്ടി നിന്നാൽപ്പോരേ എന്നൊക്കെ സന്ദേഹിച്ച ഇന്ത്യൻ ആരാധകർക്ക് ത്രില്ലിംഗ് ആയ ക്ളൈമാക്സാണ് ഇന്നലെ റിഷഭ് പന്ത് സമ്മാനിച്ചത്.
സ്കോർബോർഡിൽ നാലു റൺസുമായാണ് രാവിലെ രോഹിതും ഗില്ലും ബാറ്റിംഗിനിറങ്ങിയത്. 18 റൺസിലെത്തിയപ്പോൾ രോഹിത് പോയി.കമ്മിൻസിന്റെ പന്തിൽ കീപ്പർ ക്യാച്ച് നൽകുകയായിരുന്നു ഇന്ത്യൻ ഉപനായകൻ. ഇത്രേയുള്ളൂ ഇന്ത്യ എന്ന മട്ടിൽനിന്ന ആസ്ട്രേലിയൻ ബൗളർമാർക്ക് പക്ഷേ തെറ്റി. രണ്ടാം വിക്കറ്റിൽ പുജാരയും ഗില്ലുംകൂടി ഒരു നിൽപ്പങ്ങ് നിന്നു. ആദ്യസെഷനിൽ പിന്നൊരു വിക്കറ്റ് വീഴ്ത്താൻ ആരാധകർക്ക് ആയതേയില്ല. പ്രതിരോധിച്ച് പ്രതിരോധിച്ച് ആസ്ട്രേലിയക്കാരുടെ മനസുതളർത്തുകയായിരുന്നു പുജാര. അതിന്റെ ദേഷ്യം മുഴുവൻ ബൗൺസറുകൾ എറിഞ്ഞാണ് അവർ തീർത്തത്. ഏറുകൊണ്ട് പലതവണ പുജാര നിലത്തുവീണു. പിന്നെയും എഴുന്നേറ്റ് പ്രതിരോധിച്ചു.
83/1 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞ ഇന്ത്യയ്ക്ക് 48-ാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. അർഹിച്ചിരുന്ന സെഞ്ച്വറി ഒമ്പത് റൺസകലെ നഷ്ടമാവുകയായിരുന്നു ഗില്ലിന്.146 പന്തുകൾ നേരിട്ട് എട്ടുഫോറും രണ്ട് സിക്സുമടക്കമാണ് ഗിൽ 91 റൺസടിച്ചത്.
തുടർന്നിറങ്ങിയ അജിങ്ക്യ രഹാനെ ടീം സ്കോർ 150 കടത്തിയെങ്കിലും ചായയ്ക്ക് മുന്നേ പുറത്തായി.പതിവ് ശൈലി വിട്ട് അൽപ്പം വേഗതയിൽ സ്കോർ ചെയ്യാൻ ശ്രമിച്ച രഹാനെ 24 പന്തുകളിൽ ഓരോ ഫോറും സിക്സുമടക്കം 22 റൺസടിച്ചശേഷം കമ്മിൻസിന്റെ പന്തിൽ കീപ്പർ ക്യാച്ച് നൽകുകയായിരുന്നു.
തുടർന്ന്റിഷഭ്കളത്തിലേക്ക് എത്തിയതോടെ സമനിലയല്ല ജയം തന്നെ പ്രതീക്ഷിക്കാമെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി.ചായയ്ക്ക്ശേഷം റിഷഭ് സ്കോർ ഉയർത്തുകയും പുജാര പ്രതിരോധിക്കുകയും ചെയ്ത് മുന്നോട്ടുനീങ്ങിയതോടെ ഇന്ത്യ 200 കടന്നു.
81-ാം ഓവറിൽ ന്യൂബാൾ എടുത്ത ആസ്ട്രേലിയ പുജാരയെ പുറത്താക്കി തിരിച്ചുവരാനൊരു ശ്രമം നടത്തി. രാവിലെ ഒരു എൽ.ബി അപ്പീലിൽ നിന്ന് ഡി.ആർ.എസിലൂടെ രക്ഷപെട്ടിരുന്ന പുജാര 211 പന്തുകൾ നേരിട്ട് ഏഴുഫോറടക്കം 56 റൺസടിച്ച കമ്മിൻസിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങുകയായിരുന്നു. അപ്പോൾ ജയിക്കാൻ കൃത്യം 100 റൺസ് കൂടിയാണ് ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്.
മായാങ്ക് അഗർവാൾ (9) പെട്ടെന്ന് മടങ്ങിയെങ്കിലും റിഷഭ് പന്തും വാഷിംഗ്ടൺ സുന്ദറും ചേർന്ന് ധൈര്യപൂർവ്വം മുന്നോട്ടുപോയതോടെ വിജയവഴി ഇന്ത്യയ്ക്ക് മുന്നിൽ തെളിഞ്ഞു.
29 പന്തുകളിൽ 22റൺസെടുത്ത സുന്ദർ ടീം സ്കോർ 325ൽ നിൽക്കവേ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് ബൗൾഡായി. പിന്നെ അധികം റിസ്കെടുക്കാതെ സെയ്നിയെ ഒപ്പം നിറുത്തി റിഷഭ് പന്ത് ബൗണ്ടറിയിലൂടെ വിജയ റൺ നേടി. 138 പന്തുകൾ നേരിട്ട റിഷഭ് ഒൻപത് ഫോറും ഒരു സിക്സും പറത്തി. റിഷഭാണ് മാൻ ഒഫ് ദ മാച്ച്. പാറ്റ് കമ്മിൻസ് മാൻ ഒഫ് ദ സിരീസായി.