flight

വാഷിംഗ്ടൺ: കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോഴും ബ്രിട്ടണിൽ നിന്നപം യൂറോപ്പിൽ നിന്നും രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് വിലക്ക് പിൻവലിച്ച് പ്രസിഡന്റ് ട്രംപ്. ഇത് ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ട്രംപിന്റെ പ്രഖ്യാപനം നിഷേധിച്ച് നിയുക്ത പ്രസിഡന്റ് ജോബൈഡൻ രംഗത്തെത്തി. മെഡിക്കൽ ടീമിന്റെ ഉപദേശപ്രകാരം യാത്രാ നിയന്ത്രണങ്ങൾ മാറ്റാൻ ഭരണകൂടം തീരുമാനിച്ചിട്ടില്ലെന്ന് ബൈഡന്റെ പ്രസ് സെക്രട്ടറി ജെൻ സാകി ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് വ്യാപനം ലഘൂകരിക്കുന്നതിനും പൊതുജനാരോഗ്യം ശക്തിപ്പെടുത്താൻ പദ്ധതിയിടുന്നതായും രാജ്യാന്തര യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കേണ്ട സമയല്ലിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യൂറോപ്പിനും ബ്രസീലിനുമുള്ള യാത്രാ വിലക്ക് നീക്കുമെന്നും ചൈനയ്ക്കും ഇറാനുമായുള്ള യാത്രാ വിലക്ക് നിലനിൽക്കുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു. യുഎസിലേക്ക് പോകുന്ന എല്ലാ വിമാന യാത്രക്കാരും പുറപ്പെടുന്നതിന് മൂന്നു ദിവസത്തിനുള്ളിൽകൊവിഡ് നെഗറ്റീവ് സ്ഥിരീകരിക്കണമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. യാത്രക്കാർ എത്തിച്ചേർന്ന് മൂന്ന് മുതൽ അഞ്ചു ദിവസം വരെ വീണ്ടും പരിശോധന നടത്തണമെന്നും കുറഞ്ഞത് ഏഴു ദിവസമെങ്കിലും ക്വാറന്റീനിൽ കഴിയണമെന്നും സിഡിസി ശുപാർശ ചെയ്യുന്നു.