csb-bank

 ജീവനക്കാർക്ക് വി.ആർ.എസ് പദ്ധതി

കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്കിന്റെ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) ലാഭം നടപ്പുവർഷത്തെ മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിൽ 89 ശതമാനം വർദ്ധിച്ച് 53.05 കോടി രൂപയിലെത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 28.14 കോടി രൂപയായിരുന്നു.

കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേംവത്സയുടെ ഫെയർഫാക്‌സിന് 49.74 ശതമാനം ഓഹരി പങ്കാളിത്തമുള്ള സി.എസ്.ബി ബാങ്കിന്റെ, മൊത്തം ബിസിനസ് 31,800 കോടി രൂപയാണ്. നിക്ഷേപം 16 ശതമാനവും അറ്റ വായ്‌പകൾ 22 ശതമാനവും ഉയർന്നു. ബാങ്കിന്റെ മുഖ്യശ്രദ്ധയായ സ്വർണവായ്‌പകളിലെ വർദ്ധന 61 ശതമാനമാണ്. മൊത്തം വരുമാനം 439.29 കോടി രൂപയിൽ നിന്നുയർന്ന് 599.24 കോടി രൂപയിലെത്തി.

മൊത്തം വായ്‌പകളിൽ 40.2 ശതമാനമാണ് സ്വർണ വായ്‌പയുടെ വിഹിതം. സ്വർണവായ്‌പകളിൽ 40 ശതമാനവും മൊത്തം വായ്‌പകളിൽ 34 ശതമാനവും കേരളത്തിലാണ്. നിക്ഷേപങ്ങളിൽ 24 ശതമാനമാണ് എൻ.ആർ.ഐ വിഹിതം.

അറ്റ നിഷ്‌ക്രിയ ആസ്‌തി 1.98 ശതമാനത്തിൽ നിന്ന് 0.68 ശതമാനത്തിലേക്കും മൊത്തം നിഷ്‌ക്രിയ ആസ്‌തി 3.22 ശതമാനത്തിൽ നിന്ന് 1.77 ശതമാനത്തിലേക്കും കുറഞ്ഞത് നേട്ടമായെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു. 16 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 454 ശാഖകളും 319 എ.ടി.എമ്മുകളും ബാങ്കിനുണ്ട്.

വി.ആർ.എസിന് അനുമതി

ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കാൻ സി.എസ്.ബി.ഐ ബാങ്ക് തീരുമാനിച്ചു. വി.ആർ.എസ് പദ്ധതി 25ന് നിലവിൽ വരും. 50 വയസ് പൂർത്തിയായയവരും കുറഞ്ഞത് 10 വർഷത്തെ സർവീസുള്ളവരുമാണ് യോഗ്യർ.