തിരുവനന്തപുരം:കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിലും എൽ.ഡി.എഫ് വിജയിച്ചു. എല്ലാസമിതികളിലും മുൻതൂക്കമുള്ള എൽ.ഡി.എഫിന് വിജയം ഉറപ്പായിരുന്നെങ്കിലും ബി.ജെ.പിയും മത്സരരംഗത്തുണ്ടായിരുന്നു. യു.ഡി.എഫിലെ അംഗങ്ങൾ വിട്ടുനിന്നു. ഏഴിൽ മൂന്നുപേരും യുവവനിതകളാണ്.
വികസനകാര്യ സ്ഥിരം സമിതി - ആതിര. എൽ.എസ്,നഗരാസൂത്രണകാര്യം - ജിഷ ജോൺ, വിദ്യാഭ്യാസ കായികകാര്യം - ഡോ. റീന.കെ.എസ് എന്നിവരാണ് യുവനിരയിൽ നിന്നെത്തിയത്. ക്ഷേമകാര്യം - എസ്.സലിം, ആരോഗ്യകാര്യം - പി. ജമീല ശ്രീധരൻ, മരാമത്ത്കാര്യം - ഡി.ആർ. അനിൽ, നികുതി അപ്പീൽ കാര്യം - എസ്.എം.ബഷീർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ. ബി.ജെ.പിയിൽ നിന്നു എം.ആർ.ഗോപൻ,സിമി ജ്യോതിഷ്, മഞ്ചു.ജി.എസ്, കരമന അജിത്ത്, തിരുമല അനിൽ, ആശാനാഥ്, ഒ.പത്മലേഖ എന്നിവരാണ് വിവിധ സമിതികളിലേക്ക് മത്സരിച്ചത്.ഉള്ളൂർ വാർഡ് കൗൺസിലർ എൽ.എസ്. ആതിര ഡി.വൈ.എഫ്.ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം. കട്ടേല ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. പൗണ്ട്കടവ് കൗൺസിലറായ ജിഷ ജോൺ സി.പി.എം പ്രവർത്തകയാണ്. ദന്തഡോക്ടറായ റീന നന്തൻകോട് വാർഡ് കൗൺസിലറാണ്.യുവ മേയർക്ക് പിന്നാലെ ഈ മൂന്നുപേരെ നിയോഗിക്കാനുള്ള സി.പി.എം തീരുമാനം ശ്രദ്ധേയമാണ്. പുത്തൻപള്ളി വാർഡിൽ നിന്നുള്ള എസ്.സലിം 2005 മുതൽ 2015 വരെയും കൗൺസിറായിരുന്നു. സി.പി.എം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്.പേരൂർക്കടയിൽ നിന്നുള്ള പി. ജമീല ശ്രീധരൻ പൊലീസ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ജോയിന്റ് ഡയറക്ടറായി വിരമിച്ചതാണ്.പി.എസ്.സി അംഗമായിരുന്നു.സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന എൻ.ശ്രീധരന്റെ മകളാണ്.എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ മെഡിക്കൽ കോളേജ് വാർഡ് കൗൺസിലറാണ്.ഐ.എൻ.എൽ പ്രതിനിധിയാണ് മാണിക്യവിളാകത്തെ എസ്.എം.ബഷീർ.കോൺഗ്രസ് ജില്ലാകമ്മിറ്റി അംഗമായിരുന്ന ബഷീർ തിരഞ്ഞെടുപ്പ് കാലത്താണ് ഐ.എൻ.എല്ലിൽ എത്തിയത്.നികുതി അപ്പീൽ കാര്യം സ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനം നാല് ഘടകക്ഷികൾക്കായി വീതിച്ച് നൽകിയിട്ടുണ്ട്.ബഷീറിന് ശേഷം പാളയം രാജൻ (കോൺഗ്രസ്.എസ്), തുടർന്ന് സിന്ധുവിജയൻ (ജനതാദൾ.എസ്), ആർ. സുരകുമാരി (ജെ.എസ്.എസ്) എന്നിവർ സ്ഥാനം വഹിക്കും.
കോൺഗ്രസിന്റെ വോട്ട് സി.പി.എമ്മിന്
വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കാൻ യു.ഡി.എഫ് തീരുമാനിച്ചെങ്കിലും ഒരംഗത്തിന്റെ വോട്ട് സി.പി.എമ്മിന് ലഭിച്ചു.
ക്ഷേമകാര്യ സ്ഥിരംസമതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് സി.പി.എമ്മിന് കോൺഗ്രസ് അംഗം വോട്ട് ചെയ്തത്.സി.പി.എമ്മിന്റെ എസ്.സലിമും ബി.ജെ.പിയിലെ എം.ആർ.ഗോപനും തമ്മിലായിരുന്നു മത്സരം. കോൺഗ്രസിലെ കവടിയാർ കൗൺസിലറായ എസ്.സതികുമാരിയുടെ വോട്ടാണ് സലിമിന് ലഭിച്ചത്.സലിമിന് ഒമ്പത് വോട്ടും എം.ആർ.ഗോപന് നാല് വോട്ടും ലഭിച്ചു.യു.ഡി.എഫിന്റെ ക്ഷേമകാര്യത്തിലെ മറ്റൊരംഗം തിരഞ്ഞെടുപ്പിന് എത്തിയില്ല.വോട്ട് ചെയ്തത് തെറ്റിദ്ധാരണ മൂലം സംഭവിച്ച പിഴവാണെന്ന് യു.ഡി.എഫ് കക്ഷി നേതാവ് പി.പത്മകുമാർ പറഞ്ഞു.