home

കൊച്ചി: കുറഞ്ഞചെലവിൽ ഏറെക്കാലം ഈടുനിൽക്കുന്നതും പരിസ്ഥിതിസൗഹൃദവും സുരക്ഷിതവുമായ വീട് നിർമ്മിക്കാനുള്ള ഇക്കോ പ്രൊ എസ് 3 പ്രീ ഫാബ്രിക്കേറ്റഡ് പ്ളാറ്റ്‌ഫോം അവതരിപ്പിച്ച് പൂനെ ആസ്ഥാനമായുള്ള സഹ്യാദ്രി ഇൻഡസ്‌ട്രീസ്. അനായാസം ഫിറ്റ് ചെയ്യാമെന്നതിനാൽ അതിവേഗം വീട് നിർമ്മാണം പൂർത്തിയാക്കാം.

തീപിടിത്തം, മഴ, വെയിൽ, ഭൂമികുലുക്കം എന്നിവയെ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിയുമെന്ന് സഹ്യാദ്രി ഇൻഡസ്‌ട്രീസ് സീനിയർ പ്രസിഡന്റ് വി.ടി. രബീന്ദ്രനാഥ് പറഞ്ഞു. വീടുവയ്ക്കേണ്ടിടത്ത് വാഹനത്തിൽ ഘടകങ്ങൾ എത്തിച്ച് കൂട്ടിച്ചേർത്താണ് വീടുനിർമ്മാണം.

ചതുരശ്ര അടിക്ക് 1,000-1,250 രൂപനിരക്കിൽ വീടുനിർമ്മാണം പൂർത്തിയാക്കാം. ഇഷ്‌ടികയും മറ്റും ഉപയോഗിച്ചുള്ള വീടുനിർമ്മാണം പൂർത്തിയാക്കാൻ ഒരുവർഷം വരെ വേണമെങ്കിൽ പ്രീ-ഫാബ്രിക്കേറ്റഡിന് മൂന്നുമാസം മതി. കമ്പനിയുടെ സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടനാട്ട് നിർമ്മിച്ച വീടിന്റെ താക്കോൽദാനം കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിച്ചു.