വാഷിംഗ്ടൺ: കാപിറ്റോൾ കലാപത്തിനിടയിൽ സ്പീക്കർ നാൻസി പെലോസിയുടെ ലാപ്ടോപ് മോഷ്ടിച്ച യുവതി അറസ്റ്റിൽ. റിലേ ജൂൺ വില്യംസ് എന്ന യുവതിയാണ് പിടിയിലായത്. തിങ്കളാഴ്ച പെൻസിൽവാനിയയിലെ വീട്ടിൽ വച്ചാണ് വില്യംസിനെ അറസ്റ്റു ചെയ്തത്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
‘ഡബ്ല്യു വൺ’ എന്ന് കോടതി രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വില്യംസിന്റെ മുൻ കാമുകന്റെ വെളിപ്പെടുത്തലാണ് കുരുക്കായത്. നാൻസി പെലോസിയുടെ ഓഫിസിൽനിന്ന് വില്യംസ് ലാപ്ടോപ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ അവരുടെ സുഹൃത്തുക്കൾ കാണിച്ചെന്നാണ് ‘ഡബ്ല്യു വൺ’ യുഎസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയോട് പറഞ്ഞത്. ഒരു സുഹൃത്തു വഴി റഷ്യയിലേക്ക് ലാപ്ടോപ് കടത്തി, അവിടെ നിന്ന് റഷ്യൻ വിദേശ ഇന്റലിജൻസ് സർവീസായ എസ്.വി.ആറിന് കൈമാറാനായിരുന്നു നീക്കമെന്നുമാണ് വെളിപ്പെടുത്തൽ. ഒരു ബാഗ് പായ്ക്ക് ചെയ്ത് എങ്ങോട്ടെന്ന് പറയാതെ വില്യംസ് വീട്ടിൽനിന്ന് അന്ന് പോയിരുന്നെന്നും വില്യംസിന്റെ അമ്മ ഹാരിസ് ബർഗ് പൊലീസിനോട് പറഞ്ഞു.
കാപിറ്റോൾ മന്ദിരത്തിനുള്ളിൽ അതിക്രമിച്ചു കയറി എന്ന കേസാണ് വില്യംസിനു മേൽ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. മോഷണത്തിന് കേസെടുത്തിട്ടില്ല. ഒരു ബാഗുമായി പെലോസിയുടെ ഓഫിസ് മുറി ലക്ഷ്യമിട്ട് വില്യംസ് കലാപകാരികളുമായി നടന്നു നീങ്ങുന്ന വിഡിയോ ലഭിച്ചതായി എഫ്ബിഐ പറഞ്ഞു. ‘മേക് അമേരിക്ക ഗ്രേറ്റ്’ എന്നെഴുകി തൊപ്പി ധരിച്ച് പ്രതിഷേധക്കാരുടെ കൂട്ടത്തെ വില്യംസ് മുന്നിലേക്ക് തള്ളിവിടുന്നതാണ് വിഡിയോയിൽ കാണുന്നതെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.
എന്നാൽ കോടിതിയിൽ ഈ തെളിവുകളെ കുറിച്ച് അന്വേഷണ ഏജൻസി പരാമർശിച്ചിട്ടില്ല. വില്യംസ് പ്രതിഷേധത്തിൽ പങ്കെടുക്കാനായി പോയെന്നു തന്നെയാണ് അച്ഛനും അമ്മയും സ്ഥിരീകരിക്കുന്നത്. ട്രംപിന്റെ നയങ്ങളോട് വളരെയധികം അനുഭാവം പുലർത്തിയ ആളായിരുന്നു വില്യംസ് എന്നാണ് അവരുടെ മാതാവ് പറയുന്നത്. എഫ്ബിഐയ്ക്ക് ലഭിച്ച വിഡിയോയിൽ കണ്ടത് മകളെ തന്നെയാണെന്നും ഇവർ പറയുന്നു.
അതേസമയം, പ്രസന്റേഷനു മാത്രം ഉപയോഗിക്കുന്ന ലാപ്ടോപ്പാണ് മോഷണം പോയതെന്നാണ് നാൻസി പെലോസിയുടെ സ്റ്റാഫ് അംഗം ഡ്രൂ ഹമ്മിൽ പറഞ്ഞത്. കൂടുതൽ പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല.