തന്റെ സിനിമയായ 'ദ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ' കണ്ടിട്ട് വിവാഹമോചനങ്ങൾ കൂടുകയാണെങ്കിൽ കൂടട്ടെയെന്ന് സംവിധായകൻ ജിയോ ബേബി. ഒരു സ്വകാര്യ മലയാളം വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതിൽ തനിക്ക് സന്തോഷം മാത്രമാണ് ഉണ്ടാവുക എന്നും സംവിധായകൻ ചൂണ്ടിക്കാണിച്ചു. സമൂഹത്തിൽ സ്ത്രീപക്ഷപരമായ മാറ്റം കൊണ്ടുവരേണ്ടത് പുരുഷന്മാരാണെന്നും അത്തരത്തിൽ ഒരു മാറ്റം ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുകയാണെന്നും ജിയോ ബേബി പറയുന്നു.
'സ്ത്രീകൾക്ക് ഇമ്മീഡിയറ്റ്ലി ചെയ്യാൻ കഴിയുന്ന കാര്യം ഇത്തരം ജീവിതങ്ങളിൽ നിന്നും ഇറങ്ങിപ്പോരുക എന്നതാണ്. ഈ ജീവിതങ്ങൾ ജീവിച്ച് തീർക്കാതെ അവരുടേതായ സ്വാതന്ത്ര്യങ്ങളിലേക്ക് ഇറങ്ങി വരൻ സാധിക്കണം.അങ്ങനെയൊക്കെ ഉണ്ടാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഡിവോഴ്‌സുകൾക്ക് ഈ സിനിമ ഒരു കാരണമാകുന്നെങ്കിൽ അതിൽ സന്തോഷമേയുള്ളൂ.'-സംവിധായകൻ പറയുന്നു.
ആരുടെയെങ്കിലും അടിമയായി, ഒരു സ്വാതന്ത്ര്യവും സമത്വവുമില്ലാതെ അടുക്കളകളിൽ ജീവിക്കുന്നതിലും ഭേദം അതാണ്. അടുക്കള മാത്രമല്ല ദാമ്പത്യ ജീവിതം. അതിന് മറ്റ് പല തലങ്ങളുമുണ്ട്. എല്ലായിടത്തും സമത്വത്തിന്റെ പ്രശ്നമുണ്ട് ഇറങ്ങിപ്പോരുക എന്നത് തന്നെയാണ് നല്ലത്. ജിയോ ബേബി പറഞ്ഞു സ്ത്രീയെ അടുക്കളയിൽ മാത്രമായി ഒതുക്കുക സമൂഹത്തിലെ പിതൃമേധാവിത്ത മനസ്ഥിതിയെ ചോദ്യം ചെയ്യുന്ന 'ദ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ' സോഷ്യൽ മീഡിയയിലും മറ്റും വൻ ചർച്ചയായി മാറിയിരുന്നു.