ചീരവർഗങ്ങളിൽ ചുവപ്പ് ചീരയാണ് ആളുകൾ അധികമായി ഉപയോഗിക്കുന്നത്. എന്നാൽ പച്ചച്ചീരയ്‌ക്കും നിരവധി ഔഷധമേന്മകളുണ്ട്. പച്ചച്ചീരയില ഉപയോഗിച്ച് തയാറാക്കുന്ന സൂപ്പ് രോഗപ്രതിരോധശേഷിയും ഓർമ്മശക്തിയും കാഴ്‌ചശക്തിയും വർദ്ധിപ്പിക്കാൻ ഉത്തമമാണ്. ആഴ്‌ചയിൽ രണ്ട് ദിവസമെങ്കിലും പച്ചച്ചീര സൂപ്പ് കഴിച്ചാൽ ദഹനസംബന്ധമായ പ്രശ്‌നങ്ങൾ നീങ്ങും. കൊളസ്ട്രോൾ തടഞ്ഞ് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു ഈ സൂപ്പ്. ബീറ്റാകരോട്ടിൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്‌ടമായതിനാൽ കോശങ്ങളെ സംരക്ഷിക്കും.
ഫ്ളേവനോയ്‌ഡുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമുണ്ട് ഇതിൽ. ഇവ മാരകരോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കും. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് ആകർഷകത്വം നല്‌കും. അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാനും വിളർച്ച അകറ്റി ശരീരത്തിന് ഉന്മേഷം നല്‌കാനും ഈ സൂപ്പ് സഹായകമാണ്. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയ്‌ക്കാൻ ഉത്തമമായതിനാൽ പ്രമേഹരോഗികൾ കഴിക്കുന്നത് ഏറെ ഉത്തമം. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് വ്യായാമത്തിനൊപ്പം കഴിക്കാവുന്ന മികച്ച സൂപ്പാണിത്.