trump

വാഷിംഗ്ടൺ: പുതിയ ഭരണത്തിന് ആശംസ നേർന്ന് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൺഡ് ട്രംപ്. പുതിയ സർക്കാരിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് വിടവാങ്ങൽ വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു.ജോ ബൈഡന്റെ പേര് പരാമർശിക്കാതെയാണ് ആശംസ.

പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടെയുമാണെന്നും ട്രംപ് പ്രതികരിച്ചു. ക്യാപിറ്റോൾ കലാപത്തിനെതിരെയും വീഡിയോ സന്ദേശത്തിൽ പരാമർശമുണ്ട്. രാഷ്‌ട്രീയ അക്രമങ്ങൾ രാജ്യത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.പുതിയ യുദ്ധങ്ങൾ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതിൽ അഭിമാനമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോബൈഡൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഒപ്പം യു എസ് വൈസ് പ്രസിഡന്റായി കമലഹാരിസും സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങുകൾക്കായി ബൈഡൻ വാഷിംഗ്ടണിലെത്തി. കനത്ത സുരക്ഷയാണ് അമേരിക്കയിൽ ഒരുക്കിയിരിക്കുന്നത്.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിൽ ട്രംപ് പങ്കെടുക്കില്ലെന്നാണ് വിവരം. മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യൂ ബുഷ്, ബരാക് ഒബാമ എന്നിവരും നിലവിൽ സ്ഥാനം ഒഴിയുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുന്ന നാലാമത്തെ പ്രസിഡന്റാണ് ട്രംപ്.