pocso-case

മലപ്പുറം:പാണ്ടിക്കാട് സർക്കാരിന്റെ സുരക്ഷിത കേന്ദ്രത്തിൽ നിന്ന് വിട്ടയച്ച പെൺകുട്ടി മൂന്നാംവട്ടവും പീഡനത്തിനിരയായ സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്‌തേക്കും. എട്ട് മാസത്തിനിടെ പെൺകുട്ടിയെ നിരവധി പേർ പീഡിപ്പിച്ചിട്ടുണ്ടെന്നും, കൂടുതലാളുകളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.

അതേസമയം മനോനില കണക്കിലെടുത്ത് പെൺകുട്ടിയ്ക്ക് വിദഗ്ദ്ധ ചികിത്സ നൽകണമെന്ന് പരിശോധിച്ച ഡോക്ടർമാർ നിർദേശം നൽകി. ചൈൽഡ് വെൽഫെയർ കമ്മിറ്റി അനുമതി നൽകിയാൽ ചികിത്സ തുടങ്ങും. 2016ലായിരുന്നു പെൺകുട്ടി ആദ്യം പീഡനത്തിനിരയായത്. അന്ന് പതിമൂന്ന് വയസുണ്ടായിരുന്ന പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം പറഞ്ഞുവിട്ടിരുന്നു.

രണ്ടാം തവണ പീഡനത്തിനിരയായതോടെ കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിക്കുകയായിരുന്നു.കഴിഞ്ഞ വർഷമാണ് ബന്ധുക്കളുടെ അഭ്യർത്ഥനയെ തുടർന്ന് കുട്ടിയെ വീട്ടിലേക്ക് വിട്ടയച്ചത്. അതിന് ശേഷമാണ് വീണ്ടും പീഡനത്തിനിരയായെന്ന പരാതി ഉയർന്നത്.