സംസ്ഥാനത്ത്, വിവരാവകാശ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവിച്ചു. കൃത്യമായ മറുപടി നൽകാൻ കഴിയാത്ത സങ്കീർണമായ അപേക്ഷകൾ സമർപ്പിക്കുന്നു, ഒരപേക്ഷകൻ പലതവണ അപേക്ഷ സമർപ്പിക്കുന്നു, മറുപടിയിൽ തൃപ്തിയില്ലെന്ന് കാണിച്ച് അപ്പീൽ സമർപ്പിക്കുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ സൗജന്യങ്ങൾ ദുരുപയോഗം ചെയ്യുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവരെ താക്കീതു ചെയ്തും പൊതുശല്യക്കാരായി പരാമർശിച്ചും വിവരാവകാശ കമ്മിഷൻ ഉത്തരവുകൾ പുറപ്പെടുവിക്കാറുണ്ടെന്നുംഅദ്ദേഹം ചൂണ്ടിക്കാണിച്ചു.
ദുരുപയോഗം സർക്കാർ തലത്തിൽ
ജനങ്ങൾ വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്നു എന്നാക്ഷേപിക്കുന്ന സർക്കാർ വിവരാവകാശത്തെ ഏതൊക്കെ വിധത്തിൽ അട്ടിമറിക്കുന്നു എന്ന് പരിശോധിച്ചുനോക്കാം.
രാജ്യസുരക്ഷാസ്ഥാപനങ്ങളെയും ഇന്റലിജൻസ് സ്ഥാപനങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്. വിവരാവകാശ നിയമം 24-ാം വകുപ്പ് നൽകുന്ന ഈ അധികാരം ഉപയോഗിച്ച് സർക്കാർ വകുപ്പുകളെയോ ഓഫീസ് സെക്‌ഷനുകളെയോ ഒഴിവാക്കാൻ നിയമം അനുവദിക്കുന്നില്ല. സംസ്ഥാനത്ത് പൊലീസ്, വിജിലൻസ് വകുപ്പുകളിലെയും സെക്രട്ടേറിയറ്റിലും ചില ഒാഫീസ് സെക്ഷനുകളെ സുരക്ഷാസ്ഥാപനങ്ങളുടെ പട്ടികയിൽപ്പെടുത്തി നിയമത്തിൽ നിന്നൊഴിവാക്കിയത് നഗ്‌നമായ നിയമ ലംഘനമാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥർ, ഹെലികോപ്ടറിന്റെ ചെലവുകൾ തുടങ്ങി സർക്കാരിന് അലോസരമുണ്ടാക്കുന്ന ഫയലുകൾ പൊലീസ് ആസ്ഥാനത്തെ 'രാജ്യസുരക്ഷ" സെക്ഷനിലേക്ക് കൈമാറി രഹസ്യമായി സൂക്ഷിക്കുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, അഖണ്ഡത തുടങ്ങി രാജ്യതാത്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് വിവരാവകാശ നിയമത്തിൽ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യവസ്ഥ ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ ഒാഫീസ് സെക്ഷനുകളെ രാജ്യസുരക്ഷാ സ്ഥാപനങ്ങൾ ആയി ദുർവ്യാഖ്യാനം ചെയ്ത് ഫയലുകൾ ഒളിപ്പിക്കുന്നത് ഒരു കാരണവശാലും നീതീകരിക്കാനാകാത്ത നടപടിയാണ്.
വിവരാവകാശ അപേക്ഷകൾ തീർപ്പാക്കുന്ന പബ്ളിക് ഇൻഫർമേഷൻ ഒാഫീസർ, അപ്പീൽ അധികാരി, വിവരാവകാശ കമ്മിഷൻ എന്നിവരുടെ തീരുമാനങ്ങളിൽ ഏതെങ്കിലും വിധത്തിൽ കൈകടത്താൻ സർക്കാരിനെയോ മറ്റ് മേലാധികാരികളെയോ നിയമം അനുവദിക്കുന്നില്ല. അങ്ങനെയിരിക്കെ, സംസ്ഥാന ജലവിഭവ വകുപ്പിന്റെ കൈവശമുള്ള ചില വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തുന്നതിനെ വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് വിവരാവകാശത്തിന്റെ ബാലപാഠമെങ്കിലും അറിയാവുന്ന ആരെയും ആശ്ചര്യപ്പെടുത്തിയ നടപടി ആയിരുന്നു. എന്തായാലും, സർക്കാർ ഉത്തരവിന്റെ നിയമ സാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട്. ഹർജിയിൽ സർക്കാരിനെ നിശിതമായി വിമർശിച്ചുകൊണ്ട് വിധി പ്രസ്താവിച്ചതോടെ സർക്കാർ ഉത്തരവ് അസാധുവായി മാറിയിട്ടുണ്ട്.
സംസ്ഥാന ഫോറൻസിക് സയൻസ് ലാബറട്ടറിയും ഫിംഗർ പ്രിന്റ് ബ്യൂറോയും പൊലീസിന്റെ കുറ്റാന്വേഷണങ്ങളെ സഹായിക്കുന്ന സ്ഥാപനങ്ങളാണ്. ഇൗ സ്ഥാപനങ്ങളെ രാജ്യസുരക്ഷാ സ്ഥാപനങ്ങളുടെ പട്ടികയിൽ പെടുത്തി വിവരാവകാശത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കിയത് അറിയാനുള്ള അവകാശത്തിന്റെ അന്തസത്തയ്ക്ക് ചേരാത്ത നടപടിയാണ്.
കുറ്റകൃത്യങ്ങൾ സംബന്ധിച്ച് വിവരങ്ങൾ സൂക്ഷിക്കുന്ന സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോയെ സുരക്ഷാ, ഇന്റലിജൻസ് സ്ഥാപനങ്ങളുടെ പട്ടികയിൽ പെടുത്തിയതിനോട് പൊലീസ് മേധാവിക്ക് പോലും എതിരഭിപ്രായമാണുള്ളത്. ക്രൈം റെക്കാഡ്സ് ബ്യൂറോയെ 24-ാം വകുപ്പ് പ്രകാരം ഒഴിവാക്കിയ ഉത്തരവ് പിൻവലിക്കണമെന്ന ഡി.ജി.പിയുടെ ശുപാർശ കഴിഞ്ഞ നാലരവർഷമായി സർക്കാർ പൂഴ്ത്തിവച്ചിരിക്കുകയാണ്.
മന്ത്രിസഭാ തീരുമാനങ്ങൾ അന്തിമമോ പൂർണമോ ആകുന്നതോടെ ജനങ്ങളുടെ അറിവിലേക്കായി പരസ്യം ചെയ്യാൻ വിവരാവകാശ നിയമപ്രകാരം സർക്കാരിന് ബാധ്യതയുണ്ട്.
അങ്ങനെയിരിക്കെ മന്ത്രിസഭാതീരുമാനങ്ങൾ വെളിപ്പെടുത്താൻ തങ്ങൾക്ക് ബാധ്യതയില്ലെന്ന വാദവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ച നടപടിയെ തികഞ്ഞ അസംബന്ധമായി മാത്രമേ കാണാനാകുകയുള്ളൂ.
കമ്മിഷന്റെ സംഭാവന
മതിയായ കാരണം കൂടാതെ വിവരം താമസിച്ച് നൽകുക, അറിഞ്ഞുകൊണ്ട് തെറ്റായ വിവരം നൽകുക, ദുരുദ്ദേശത്തോടെ വിവരം നിരസിക്കുക തുടങ്ങിയ വീഴ്ചകൾക്ക് പബ്ളിക് ഇൻഫർമേഷൻ ഒാഫീസറുടെ മേൽ പിഴ ചുമത്താൻ വിവരാവകാശ കമ്മിഷന് അധികാരമുണ്ട്. ശരിയായ വിവരം കൈമാറുന്നത് വരെ ദിനംപ്രതി 250 രൂപ നിരക്കിൽ പരമാവധി 25000 രൂപയാണ് പിഴയായി നിശ്ചയിച്ചിട്ടുള്ളത്. മുകളിൽ പറഞ്ഞ പ്രകാരം വീഴ്ച ഉണ്ടായി എന്ന് കമ്മിഷൻ കണ്ടെത്തിയാൽ മാത്രമേ പിഴ ചുമത്താൻ സാധിക്കുകയുള്ളു. വീഴ്ച ഉണ്ടായി എന്ന് കണ്ടെത്തിയാൽ പിഴ ഒഴിവാക്കാനോ പിഴ സംഖ്യയിൽ കുറവ് വരുത്താനോ സാധിക്കുകയില്ല. ഇൗ നിയമവ്യവസ്ഥകൾ കാറ്റിൽ പറത്തിക്കൊണ്ട് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റം കൃത്യമായി രേഖപ്പെടുത്താതെ കമ്മിഷന് തോന്നുന്ന സംഖ്യ പിഴയായി നിശ്ചയിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുകയാണ് പലപ്പോഴും കമ്മിഷൻ ചെയ്ത് വരുന്നത്.
നിയമാനുസൃതം വിവരം കൈമാറുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ മേൽ പിഴ ചുമത്താനുള്ള വ്യവസ്ഥകളാണ് ഇന്ത്യയിലെ വിവരാവകാശ നിയമത്തിന് ശക്തി പകരുന്നത്. ഇൗ വ്യവസ്ഥകളിൽ വെള്ളം ചേർത്ത് ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് അറിയാനുള്ള അവകാശത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണ്.
* വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവരെ പൊതു ശല്യക്കാരായി പരാമർശിച്ച് കമ്മിഷൻ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതായി മുഖ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായി. ഇല്ലാത്ത അധികാരം ഉപയോഗിച്ച് പുറപ്പെടുവിക്കുന്ന ഇത്തരം ഉത്തരവുകൾ ക്ക്അതെഴുതുന്ന കടലാസിന്റെ വിലപോലും ഉണ്ടാകുകയില്ല.
ജലവിഭവ വകുപ്പിന്റെ കൈവശമുള്ള ചില വിവരങ്ങൾ വെളിപ്പെടുത്തുന്നതിനെ വിലക്കിക്കൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് വിവരാവകാശ കമ്മിഷന്റെ അധികാരത്തിലുള്ള കടന്നുകയറ്റം കൂടിയായിരുന്നു. സർക്കാർ ഉത്തരവ് ചൂണ്ടിക്കാണിച്ച് വിവരം നിരസിച്ച ജല വിഭവ വകുപ്പിന്റെ നടപടിയെ കമ്മിഷൻ ശരിവയ്ക്കുകകൂടി ചെയ്തപ്പോൾ നഷ്ടപ്പെട്ടത് വിവരാവകാശ കമ്മിഷനിൽ സാധാരണ ജനങ്ങൾ അർപ്പിച്ച വിശ്വാസ്യതയാണ്.
ജനങ്ങൾ വിവരാവകാശത്തെ ദുരുപയോഗം ചെയ്യുന്നു എന്ന് ആവലാതിപ്പെടുന്ന സർക്കാർ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഏതെല്ലാം വിധത്തിൽ അട്ടിമറിക്കുന്നു എന്ന് സ്വയം വിമർശനം നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
(മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണറാണ് ലേഖകൻ)